തിരയുക

പഴയനിയമത്തിലെ അമ്മായിയമ്മ നവോമിയും മരുമകൾ റൂത്തും!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: പ്രായം ചെന്നവർക്കും ഇളം തലമുറയ്ക്കും ഇടയിൽ ശക്തമായ സേതുബന്ധം പുനസ്ഥാപിക്കണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (27/04/22), വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദിയായി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, ജനസഞ്ചയത്തെ വലം വെച്ചതിനു ശേഷം പ്രസംഗവേദിയിലെത്തി. റോമിലെ സമയം രാവിലെ ഏതാണ്ട് 9.00, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.  പഴയനിയമത്തിലെ സുകൃതിനിയും വിശ്വസ്തയുമായ റൂത്തിനെ അവലംബമാക്കിയുള്ളതായിരുന്നു പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ വിചിന്തനം. തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

കുടുംബബന്ധങ്ങളുടെ സൗഷ്ഠവം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം, എല്ലാവർക്കും സ്വാഗതം!

ഇന്ന് നമ്മൾ പ്രായമായവരെക്കുറിച്ചും മുത്തശ്ശീമുത്തശ്ശന്മാരെക്കുറിച്ചും വാർദ്ധക്യത്തെക്കുറിച്ചും ചിന്തിക്കുന്നത് തുടരുന്നു, വാർദ്ധക്യമെന്ന വാക്ക് മോശമായ ഒന്നായി തോന്നാം. എന്നാൽ അങ്ങനെയല്ല,  വൃദ്ധർ വലിയവരാണ്,  അവർ സുമുഖരാണ്! ഇന്ന് നമ്മൾ ബൈബിളിലെ ഒരു രത്നമായ റൂത്തിൻറെ മനോഹര പുസ്തകത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നു. റൂത്തിൻറെ ഉപമ കുടുംബബന്ധങ്ങളുടെ സൗഷ്ഠവത്തെ പ്രദീപ്തമാക്കുന്നു: ദമ്പതികളുടെ ബന്ധത്താൽ ജന്മംകൊള്ളുന്നതാണ് കുടുംബബന്ധം എന്നിരിക്കിലും, അത്, ദമ്പതികളുടെ ബന്ധത്തിന് അതീതമാണ്. അതിശക്തമായിരിക്കാനും കഴിവുറ്റ സ്നേഹബന്ധങ്ങളിൽ, സ്നേഹത്തിൻറെ കുടുംബ വ്യാകരണത്തിന് രൂപമേകുന്ന മൗലിക വാത്സല്യങ്ങളുടെ ബഹുമുഖത്വത്തിൻറെ പരിപൂർണ്ണത പ്രസരിക്കുന്നു. ഈ വ്യാകരണം സമൂഹത്തെ കെട്ടിപ്പടുക്കുന്ന ആകമാനബന്ധങ്ങളിലേക്ക് ജീവരസവും രചനാത്മക ജ്ഞാനവും കൊണ്ടുവരുന്നു. ഉത്തമഗീതവുമായി തുലനം ചെയ്യുമ്പേോൾ, റൂത്തിൻറെ പുസ്തകം വൈവാഹിക സ്നേഹത്തിൻറെ മറ്റൊരു പട്ടിക പോലെയാണ്. തുല്യ പ്രാധാന്യമുള്ളതും അത്രയും തന്നെ കാതലായതുമായ അത്, മൊത്തം കുടുംബരാശിയെ ആവരണം ചെയ്യുന്ന, തലമുറ, ബന്ധുത്വം, സമർപ്പണം, വിശ്വസ്തത എന്നിവയുടെതായ ബന്ധങ്ങളിൽ കുടികൊള്ളേണ്ട ശക്തിയെയും കവിതയെയും പ്രകീർത്തിക്കുന്നു. അവ ദാമ്പത്യ ജീവിതത്തിൻറെ നാടകീയമായ സംയോജനത്തിൽ, അവരുടെ പ്രതീക്ഷയും ഭാവിയും പുനരാരംഭിക്കാൻ കഴിവുള്ള, സങ്കൽപ്പിക്കാനാവാത്ത സ്നേഹത്തിൻറെ ശക്തി കൊണ്ടുവരാൻ പോലും കഴിവുള്ളവയായി മാറുന്നു.

അമ്മായിയമ്മ-മരുമകൾ ബന്ധം റൂത്തിൻറെ പുസ്തകത്തിൽ

വിവാഹം സൃഷ്ടിക്കുന്ന കുടുംബബന്ധങ്ങളുടെ പൊതുവായ ഇടങ്ങൾ, പ്രത്യേകിച്ച് അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധങ്ങൾ ഈ വീക്ഷണത്തിനെതിരെ സംസാരിക്കുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, ദൈവവചനം അമൂല്യമായിത്തീരുന്നു. വിശ്വാസത്തിൻറെ പ്രചോദനത്തിന്, ഏറ്റവും സാധാരണമായ മുൻവിധികളിൽ നിന്ന് വ്യത്യസ്തമായി സാക്ഷ്യത്തിൻറെ ഒരു ചക്രവാളം, നരകുലത്തിനു മുഴുവൻ അമൂല്യമായ ഒരു ചക്രവാളം എങ്ങനെ തുറക്കാമെന്ന് അറിയാം. റൂത്തിൻറെ പുസ്തകം വീണ്ടും വായിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു! പ്രത്യേകിച്ച് സ്നേഹത്തെക്കുറിച്ചുള്ള മനനത്തിലും കുടുംബത്തെക്കുറിച്ചുള്ള പ്രബോധനത്തിലും.

യുവത്വവും വാർദ്ധക്യവും

ഈ ചെറു പുസ്തകത്തിൽ തലമുറകളുടെ ഉടമ്പടിയെക്കുറിച്ചുള്ള വിലയേറിയ ഒരു പ്രബോധനവും അടങ്ങിയിരിക്കുന്നു: അവിടെ യുവത്വം പക്വതയാർന്ന പ്രായത്തിന് വീര്യം വീണ്ടെടുത്തു നൽകാൻ പ്രാപ്തമാണെന്ന് തെളിയിക്കുന്നു, മുറിവേറ്റ യുവത്വത്തിന്  ഭാവി വീണ്ടും തുറക്കാൻ വാർദ്ധക്യം പ്രാപ്തമാകുന്നുവെന്ന് ആവിഷ്കൃതമാകുന്നു. ആദ്യനിമിഷം, വൃദ്ധയായ നവോമി, തൻറെ രണ്ട് പുത്രന്മാരുടെ വിധവകളായിത്തീർന്ന മരുമക്കളുടെ വാത്സല്യത്താൽ വികാരാധീനയായെങ്കിലും, അന്യമായ ഒരു ജനതയ്ക്കിടയിലെ അവരുടെ വിധിയെക്കുറിച്ച് അശുഭാപ്തിവിശ്വാസിയാണ്. ആകയാൽ വീണ്ടുമൊരു ജീവിതം കെട്ടിപ്പടുക്കുന്നതിനായി സ്വന്തം കുടുംബങ്ങളിലേക്കു മടങ്ങാൻ അവൾ യുവതികളെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്നു, ഈ വിധവകളായ സ്ത്രീകൾ ചെറുപ്പമായിരുന്നു. അവൾ പറയുന്നു, "എനിക്ക് നിങ്ങൾക്കായി ഒന്നും ചെയ്യാൻ കഴിയില്ല." ഇതു തന്നെ ഒരു സ്നേഹപ്രവൃത്തിയായി കാണാം: ഭർത്താവും കുട്ടികളും ഇല്ലാത്ത വൃദ്ധയായ സ്ത്രീ, മരുമക്കൾ തന്നെ ഉപേക്ഷിക്കണമെന്ന് നിർബന്ധിക്കുന്നു. എന്നിരുന്നാലും, ഇത് ഒരുതരം കീഴടങ്ങൽ കൂടിയാണ്: വിദേശികളായ വിധവകൾക്ക് അവരുടെ ഭർത്താക്കന്മാരുടെ സംരക്ഷണമില്ലാതെ ഭാവിയില്ല. റൂത്തിന് ഇത് അറിയാം, നവോമിയുടെ ഈ ഉദാരതയെ ചെറുത്തുനിന്ന അവൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. അമ്മായിയമ്മയും മരുമകളും തമ്മിൽ സ്ഥാപിച്ച ബന്ധം ദൈവം അനുഗ്രഹിച്ചതാണ്: തന്നെ ഉപേക്ഷിക്കുന്നതിന് ആവശ്യപ്പെടാൻ നവോമിക്ക് കഴിയില്ല. ആദ്യം, ഈ ആവശ്യം ഉന്നയിച്ചതിൽ നവോമി സന്തുഷ്ട എന്നതിനേക്കാൾ കൂടുതൽ കീഴടങ്ങിയതായി കാണപ്പെടുന്നു: ഒരുപക്ഷേ ഈ വിചിത്രമായ ബന്ധം ഇരുവർക്കും അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് അവൾ കരുതുന്നു. ചില സന്ദർഭങ്ങളിൽ, പ്രായമായവരുടെ അശുഭാപ്തിവിശ്വാസ പ്രവണതയെ ചെറുപ്പക്കാർ വാത്സല്യപൂർവ്വമായ സമ്മർദ്ദത്താൽ ചെറുക്കേണ്ടതുണ്ട്.

മരുമകളുടെ ഭാവിക്കായി മുൻകൈയ്യെടുക്കുന്ന അമ്മായിയമ്മ

വാസ്തവത്തിൽ, റൂത്തിൻറെ സമർപ്പണത്താൽ വികാരാധീനയായ നവോമി, അവളുടെ അശുഭാപ്തിവിശ്വാസത്തിൽ നിന്ന് പുറത്തുവരുകയും, റൂത്തിന് ഒരു പുതിയ ഭാവി തുറക്കുന്നതിന് മുൻകൈയെടുക്കുകയും ചെയ്യും. അവൾ തൻറെ മകൻറെ വിധവയായ റൂത്തിനെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, ഇസ്രായേലിൽ ഒരു പുതിയ ഭർത്താവിനെ നേടുന്നതിന് അവൾക്ക് പ്രചോദനം പകരുന്നു. ബോവാസ് ആണ് ഭാവിവരൻ. അദ്ദേഹം, തൻറെ ഭൃത്യന്മാരിൽ നിന്ന് റൂത്തിനെ സംരക്ഷിച്ചുകൊണ്ട് തൻറെ കുലീനത കാണിക്കുന്നു. നിർഭാഗ്യവശാൽ, അത് ഇന്നും സംഭവിക്കുന്ന ഒരു അപകടമാണ്.

റൂത്തിൻറെ പുതിയ ജീവിതം

റൂത്തിൻറെ പുതിയ വിവാഹം ആഘോഷിക്കപ്പെടുകയും ലോകങ്ങൾ വീണ്ടും സമാധാനത്തിലാകുകയും ചെയ്യുന്നു. വിദേശിയായ റൂത്ത് "ഏഴ് പുത്രന്മാരെക്കാൾ" വിലപ്പെട്ടവളാണെന്നും ആ വിവാഹം "കർത്താവിൽ നിന്നുള്ള അനുഗ്രഹം" ആയിരിക്കുമെന്നും ഇസ്രായേലിലെ സ്ത്രീകൾ നവോമിയോട് പറയുന്നു. .....വാർദ്ധക്യത്തിൽ ഒരു പുതു ജന്മത്തിൻറെ തലമുറയിൽ പങ്കാളിയായതിൻറെ സന്തോഷം അവൾ അറിയും. ഈ വൃദ്ധയുടെ മാറ്റത്തിൽ എത്ര "അത്ഭുതങ്ങൾ" സംഭവിക്കുന്നുവെന്ന് നോക്കൂ! നഷ്ടം മൂലം മുറിവേറ്റ, ഉപേക്ഷിക്കപ്പെടുന്ന അപകടസാധ്യതയുള്ള ഒരു തലമുറയുടെ ഭാവിക്ക് വേണ്ടി സ്നേഹത്തോടെ തന്നെത്തന്നെ ലഭ്യമാക്കാനുള്ള പ്രതിബദ്ധതയുള്ളവളായി അവൾ മാറുന്നു. സാമാന്യബുദ്ധിയുടെ മുൻവിധികളാൽ വരച്ച സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ, പുനർനിർമ്മാണത്തിൻറെ മുന്നണികൾ സമാനമാണ്, അത് അപരിഹാര്യമായ ഒടിവുകൾ സൃഷ്ടിക്കും. എന്നാൽ, വിശ്വാസവും സ്നേഹവുമാകട്ടെ അവയെ മറികടക്കാൻ നമ്മെ അനുവദിക്കുന്നു: അമ്മായിയമ്മ സ്വന്തം മകനോടുള്ള അതിരുകടന്ന സ്നേഹത്തെ മറികടക്കുന്നു, അത് ഒരു അപകടമാണ്, റൂത്തിൻറെ പുതിയ  ബന്ധത്തെ സ്നേഹിച്ചുകൊണ്ട് അവൾ സ്വന്തം മകനോടുള്ള അതിരുകടന്ന സ്നേഹത്തെ അതിജീവിക്കുന്നു; ഇസ്രായേലിലെ സ്ത്രീകൾ വിദേശിയോടുള്ള അവിശ്വാസത്തെ മറികടക്കുന്നു (സ്ത്രീകൾ അങ്ങനെ ചെയ്താൽ, എല്ലാവരും അത് ചെയ്യും); പുരുഷൻറെ ശക്തിക്ക് മുന്നിൽ ഒറ്റയായ പെൺകുട്ടിയുടെ പരാധീനത, സ്നേഹവും ആദരവും നിറഞ്ഞ ഒരു ബന്ധവുമായി സമന്വയിക്കുന്നു.

അമ്മായിയമ്മയെ അകറ്റി നിറുത്തുന്ന പ്രവണത 

ഇതെല്ലാം സംഭവിച്ചതിനു കാരണം, വംശീയവും മതപരവുമായ മുൻവിധികൾക്ക് വിധേയമാകുന്ന ഒരു ബന്ധത്തോട് വിശ്വസ്തയായി നിലകൊള്ളുന്നതിന് യുവതിയായ റൂത്ത് ശാഠ്യംപിടിച്ചതാണ്. ഇന്ന് അമ്മായിയമ്മ ഒരു പുരാണ കഥാപാത്രമാണ്, അമ്മായിയമ്മയെ പിശാചിനെപ്പോലെയാണ് കാണുന്നതെന്നും ഞാൻ പറയുന്നില്ല പക്ഷേ എല്ലായ്പ്പോഴും അവളെക്കുറിച്ച് മോശമായ രീതിയിൽ ചിന്തിക്കുന്നു ... അമ്മായിയമ്മ നിൻറെ ഭർത്താവിൻറെ അമ്മയാണ്, അവൾ നിൻറെ ഭാര്യയുടെ അമ്മയാണ്. അമ്മായിയമ്മ എത്രത്തോളം അകലെയാണൊ അത്രയും നല്ലത് എന്ന അല്പം വ്യപിച്ചിരിക്കുന്ന ഈ വികാരത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാം... ഇല്ല! അവൾ ഒരു അമ്മയാണ്, അവൾ വൃദ്ധയാണ്. മുത്തശ്ശിമാരുടെ ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് അവരുടെ പേരക്കുട്ടികളെ കാണുന്നതാണ്, അവരുടെ കുട്ടികൾക്ക് കുട്ടികളുണ്ടാകുമ്പോൾ, അവർ വീണ്ടും ജീവിതം ആരംഭിക്കുന്നു. നിങ്ങളുടെ അമ്മായിയമ്മമാരുമായി നിങ്ങൾക്കുള്ള ബന്ധത്തിലേക്കു നിങ്ങൾ നന്നായി ഒന്നു നോക്കൂ,... അതെ, ചിലപ്പോൾ അവർ അൽപ്പം പ്രത്യേകത നിറഞ്ഞവരാണ്.

മുതിർന്ന തലമുറയും ഇളം തലമുറയും സംവാദത്തിൽ 

ഈ പുസ്തകത്തിലെ റൂത്ത് അവളുടെ അമ്മായിയമ്മയെ അംഗീകരിക്കുകയും അവൾക്ക് വീണ്ടും ഒരു ജീവിതം നല്കുകയും ചെയ്യുന്നു. വൃദ്ധയായ നവോമിയാകട്ടെ തനിക്കു ലഭിച്ച പിന്തുണ ആസ്വദിക്കുന്നതിലൊതുങ്ങി ജീവിക്കുന്നതിനു പകരം റൂത്തിന് ഒരു ഭാവി വീണ്ടും തുറക്കാൻ മുൻകൈയെടുക്കുന്നു. ചെറുപ്പക്കാർ തങ്ങൾക്ക് ലഭിച്ചവയ്ക്ക് നന്ദി പ്രകടിപ്പിക്കുകയും പ്രായമായവർ അവരുടെ ഭാവി വീണ്ടും തുറക്കാൻ മുൻകൈ എടുക്കുകയും ചെയ്താൽ, ജനതകൾക്കിടയിൽ ദൈവാനുഗ്രഹം പൂവിടുന്നത് തടയാൻ യാതൊന്നിനും സാധിക്കില്ല! ചെറുപ്പക്കാർ അവരുടെ മുത്തശ്ശിമാരോടും, പ്രായമായവരോടും, പ്രായംചെന്നവർ യുവാക്കളോടും സംസാരിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു.  ഈ പാലം നമ്മൾ ശക്തമായി പുനഃസ്ഥാപിക്കണം,  അവിടെ രക്ഷയുടെ, സന്തോഷത്തിൻറെ ഒരു പ്രവാഹമുണ്ട്. നാം കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട മനോഹരമായ പാലമാണിത്. കുടുംബങ്ങളിൽ ഏകതാനതയിൽ, വൃദ്ധർ മുതൽ ഇളയവർ വരെ നീളുന്ന സൃഷ്ടിപരമായ ഐക്യത്തിൽ  വളരാൻ കർത്താവ് നമ്മെ സഹായിക്കട്ടെ,. നന്ദി.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

 പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധന ചെയ്യുകയും ചെയ്തു.

ആയുധങ്ങൾ നിശബ്ദമാക്കപ്പെടട്ടെ- പാപ്പായുടെ യുദ്ധവിരുദ്ധ സ്വരം ഒരിക്കൽക്കൂടി

 

യുദ്ധം തടയാൻ കരുത്തുളളവർക്ക് നരകുലം മുഴുവൻറെയും സമാധാനത്തിനായുള്ള രോദനം കേൾക്കാൻ കഴിയുന്നതിനുവേണ്ടി ആയുധങ്ങളെ നിശബ്ദമാക്കേണ്ടതിൻറെ അനിവാര്യത പാപ്പാ പോർച്ചുഗീസ് ഭാഷാക്കാരെ സംബോധന ചെയ്യവെ ചൂണ്ടിക്കാട്ടി. സമാധാനത്തിനായുള്ള നിരന്തര പ്രാർത്ഥനയിൽ സ്ഥൈര്യമുള്ളവരായിരിക്കാൻ പാപ്പാ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

ക്രിസ്തുവിൻറെ ഉയിർപ്പിൻറെ രഹസ്യത്തെക്കുറിച്ച് ധ്യാനിക്കാൻ നമ്മെ ക്ഷണിക്കുന്ന ഈ ഉത്ഥാനകാലത്ത്, ഓരോരുത്തർക്കും,  രക്ഷയിലേക്കുള്ള പ്രയാണത്തിൽ കർത്താവിൻറെ മഹത്വം പുതിയ ഊർജ്ജത്തിൻറെ ഉറവിടമാകട്ടെയെന്നും സുവിശേഷം വിശ്വസ്തതയോടെ പിൻചെല്ലുന്നതിന് യുവതയെ കർത്താവ് സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. വിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നോട്ട് പോകാൻ പ്രായമായവരും രോഗികളുമായ എല്ലാവർക്കും കർത്താവ് താങ്ങാകുന്നതിനും സുവിശേഷ സത്യത്തിൻറെ അടയാളത്തിൽ സുദൃഢ കുടുംബങ്ങൾ സ്ഥാപിക്കാൻ നവദമ്പതികൾക്കും കഴിയുന്നതിനായി കർത്താവിൻറെ അനുഗ്രഹം പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 April 2022, 12:59

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >