തിരയുക

വാർദ്ധക്യത്തിൻറെ ബലഹീനതകളും അതിനോടുള്ള ആദരവും!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം.

 ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിയെത്തുടർന്ന് എതാണ്ട് രണ്ടു വർഷത്തിനു ശേഷം, ഈ ബുധനാഴ്ച (20/04/22), വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദിയായി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു.  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, കുഞ്ഞുങ്ങളെ എടുത്തു മുത്തം നല്കുന്നതും മുതിർന്നവർക്ക് ഹസ്തദാനമേകുന്നതുമായ പതിവുകളിൽ നിന്ന് വിട്ടു നിന്നു.  ജനസഞ്ചയത്തെ വലം വെച്ചതിനു ശേഷം വേദിയിലെത്തിയ പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 9.15, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.45, കഴിഞ്ഞപ്പോൾ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടർന്ന് പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര ഒരു ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ:

വാർദ്ധക്യത്തിൻറെ ബലഹീനതകൾ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന്, നാം ശ്രവിച്ച ദൈവവചന സഹായത്തോടെ, വാർദ്ധക്യത്തിൻറെ ബലഹീനതയിലൂടെയുള്ള ഒരു പാത നമുക്ക് തുറക്കാം. വാർദ്ധക്യം, ആശയക്കുഴപ്പത്തിൻറെയും നിരുത്സാഹത്തിൻറെയും നഷ്ടബോധത്തിൻറെയും പരിത്യക്തതയുടെയും നിരാശയുടെയും സന്ദേഹത്തിൻറെയും  അനുഭവങ്ങളാൽ സവിശേഷമാംവിധം മുദ്രിതമാണ്. തീർച്ചയായും, ജീവിതത്തിൻറെ നാടകീയമായ - ചിലപ്പോൾ ദാരുണമായ – സാഹചര്യങ്ങൾക്കു മുന്നിൽ നമ്മുടെ ദുർബ്ബലതയുടെ അനുഭവങ്ങൾ അസ്തിത്വത്തിൻറെ ഏത് ദശയിലും ഉണ്ടാകാം. എന്നിരുന്നാലും, അവ വാർദ്ധക്യത്തിൻറെ ഘട്ടത്തിൽ പരിമിതമായ തോതിലാണ് മനസ്സിനെ സ്വാധീനിക്കുകയുള്ളൂ. അവ മറ്റുള്ളവരെ ഒരുതരം ശീലത്തിലേക്കു നയിച്ചേക്കാം, അവരിൽ അസ്വസ്ഥത പോലും ഉണ്ടാക്കിയേക്കാം. നാം എത്രതവണ ഇങ്ങനെ കേട്ടിരിക്കുന്നു, ചിന്തിച്ചിരിക്കുന്നു: “പ്രായം ചെന്നവർ ശല്യമാണ്”. ബാല്യത്തിലും യൗവനത്തിലും ഉണ്ടായ ഏറ്റവും ഗുരുതരമായ മുറിവുകൾ, ന്യായമായും,  അനീതിയുടെയും ചെറുത്തുനില്പിൻറെയുമായ ഒരു അവബോധം സൃഷ്ടിക്കുകയും, പ്രതികരണത്തിൻറെയും പോരാട്ടത്തിൻറെയും ശക്തിക്ക് കാരണമാകുകയും ചെയ്യുന്നു. ഏന്നാൽ, വാർദ്ധക്യത്തിലെ മുറിവുകൾ, അവഗുരുതരങ്ങളാണെങ്കിൽപ്പോലും, അനിവാര്യമായും, ഏത് സാഹചര്യത്തിലും, ജീവിതം അതിനുതന്നെ വിരുദ്ധമല്ല എന്ന അവബോധത്താൽ തുണയ്ക്കപ്പെടണം, കാരണം, ജീവിതം ഇതിനകം ജീവിച്ചുകഴിഞ്ഞിരിക്കുന്നു. അങ്ങനെ, വൃദ്ധജനത്തെ നമ്മുടെ ജീവിതാനുഭവത്തിൽ നിന്ന് അല്പം അകറ്റി നിറുത്തിയിരിക്കുന്നു, അവരെ അകറ്റി നിറുത്താൻ നാം ആഗ്രഹിക്കുന്നു.

സ്നേഹാദരങ്ങൾ

സാധാരണ മാനുഷികാനുഭവത്തിൽ, സ്നേഹം അവരോഹണം ചെയ്യുന്നു എന്നു പറയാം: അത് നമ്മുടെ മുന്നിൽ ഇനിയമുള്ള ജീവിതത്തിന് പകരുന്ന അതേ ശക്തിയോടെ നമ്മുടെ ഗതകാല ജീവിതത്തിലേക്ക് മടങ്ങുന്നില്ല. സ്നേഹത്തിൻറെ സൗജന്യതാഭാവം ഇതിലും പ്രത്യക്ഷപ്പെടുന്നു: മാതാപിതാക്കൾക്ക് ഇത് എല്ലായ്പ്പോഴും അറിയാം, പ്രായം ചെന്നവർ അത് പെട്ടെന്ന് പഠിക്കുന്നു. ഇതൊക്കെയാണെങ്കിലും, വെളിപാട് സ്നേഹത്തിൻറെ വ്യത്യസ്തമായ പുനഃസ്ഥാപനത്തിനുള്ള ഒരു വഴി തുറക്കുന്നു: ഇത് നമ്മുടെ മുൻഗാമികളെ ആദരിക്കുന്ന പാതയാണ്.

വാർദ്ധക്യത്തിനുള്ള ആദരവിൻറെ രൂപത്തിൽ, ഒപ്പം തന്നെ ആർദ്രതയുടെയും ബഹുമാനത്തിൻറെയും രൂപത്തിൽ, അതിൻറെ വഴി തുറക്കുന്ന ഈ സവിശേഷ സ്നേഹം ദൈവകൽപ്പനയാൽ മുദ്രിതമായിരിക്കുന്നു. "നീ നിൻറെ മാതാപിതാക്കളെ ബഹുമാനിക്കുക" എന്നത് ഒരു ഗൗരവമേറിയ കടമയാണ്,  പത്തുകല്പനകൾ ഉൾക്കൊള്ളുന്ന രണ്ടു ഫലകളിൽ "രണ്ടാം ഫലകത്തിൽ” ആദ്യത്തേതാണ് ഈ കല്പന. അത് ഒരുവൻറെ മാതാപിതാക്കളെ മാത്രം സംബന്ധിച്ച കാര്യമല്ല. ഇത് അവരുടെ തലമുറയെയും മുൻ തലമുറകളെയും സംബന്ധിച്ചതാണ്, ജീവിതത്തിൻറെ ഇതര പ്രായ ഘട്ടങ്ങളുമായുള്ള ദീർഘകാല സഹവർത്തിത്വത്തിനുള്ള സമയവും ഇടവും സൃഷ്ടിച്ചുകൊണ്ട്  അവരുടെ വിടചൊല്ലൽ മന്ദഗതിയിലുള്ളതും നീണ്ടുനിൽക്കുന്നതുമാകാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇത് ജീവിത വാർദ്ധക്യത്തെ സംബന്ധിച്ചതാണ്.

ഔന്നത്യവും ആദരവും

വാർദ്ധക്യകാലത്തെ സംബന്ധിച്ച സ്നേഹം വീണ്ടും നല്കുന്നതായ സാഹചര്യത്തെ രൂപപ്പെടുത്തുന്നതിനുള്ള ഒരു നല്ല വാക്കാണ് ബഹുമാനം. എല്ലാവരുടെയും ജീവനെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിൻറെ മൂല്യത്തെ സൂചിപ്പിക്കാൻ ഇന്ന് നമ്മൾ "അന്തസ്സ്" എന്ന പദം വീണ്ടും കണ്ടെത്തി. ഔന്നത്യം, ഇവിടെ, അടിസ്ഥാനപരമായി ആദരവിന് തുല്യമാണ്.

വാർദ്ധക്യത്തോട് അവജ്ഞയരുത്

ബഹുമാനമാകുന്ന സ്നേഹത്തിൻറെ ഈ മനോഹരമായ അവരോഹണത്തെക്കുറിച്ച് നമുക്ക് ശ്രദ്ധാപൂർവ്വം ചിന്തിക്കാം. രോഗീ പരിചരണം, സ്വയംപര്യാപ്തരല്ലാത്തവർക്കുള്ള സഹായം, ഉപജീവനത്തിനുള്ള ഉറപ്പ്, എന്നിവയിൽ  ആദരവിൻറെ അഭാവം ഉണ്ടായിരിക്കാം. ലാളിത്യവും വാത്സല്യവും, ആർദ്രതയും ആദരവും ആയി ആവിഷ്കൃതമാകുന്നതിനുപകരം, അമിതമായ ആത്മവിശ്വാസം പരുഷതയിലേക്കും ആധിപത്യഭാവത്തിലേക്കും മാറുമ്പോൾ ആദരവിൻറെ അഭാവമുണ്ടാകുന്നു. ദുർബ്ബലതയെ ഒരു അപരാധം ഏന്നപോലെ നിന്ദിക്കുകയും ശിക്ഷിക്കുകയും ചെയ്യുമ്പോൾ, പരിഭ്രാന്തിയും ആശയക്കുഴപ്പവും പരിഹാസത്തിനും ആക്രമണത്തിനും ഒരു കാവാടമായി മാറുമ്പോൾ ബഹുമാനത്തിൻറെ അഭാവമുണ്ടാകുന്നു.  വീടിൻറെ ചുമരുകൾക്കുള്ളിലും, പരിപാലനാകേന്ദ്രങ്ങളിലും കാര്യാലയങ്ങളിലും നഗരത്തിലെ തുറസ്സായ ഇടങ്ങളിലും പോലും ഇത് സംഭവിക്കാം. വാർദ്ധക്യത്തിൻറെയും അതിൻറെ ബലഹീനതകൾ, അനിശ്ചിതത്വം എന്നിവയുടെയും മുന്നിൽ സ്വയംപര്യാപ്തതയുടെ, അവജ്ഞയുടെ പോലും, മനോഭാവം പരോക്ഷമായിട്ടാണെങ്കിലും, യുവജനങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത് ഭയാനകമായ കാര്യങ്ങൾ സൃഷ്ടിക്കുന്നു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അതിരുകടന്ന പ്രവർത്തികളിലേക്കു അത് വഴി തുറക്കുന്നു. "ഭിക്ഷക്കാരൻറെ" പുതപ്പിന് തീകൊളുത്തുന്ന കുട്ടികൾ, കാരണം അവർ അവനെ കാണുന്നത്  പുറന്തള്ളപ്പെട്ടവനായിട്ടാണ്. ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്, അതായത്, യുവത്വത്തിൻറെ ആകർഷണീയതകളിലും  ആവേശങ്ങളിലും നിന്ന് അകന്ന ഒരു ജീവിതത്തോടുള്ള അവജ്ഞയാണ്. ആ ജീവിതം ഒരു പാഴ്വസ്തുവായി കാണപ്പെടുന്നു.

ബഹുമാനിക്കുക

പ്രായമായവരെ അനാദരിക്കുന്ന ഈ നിന്ദനം യഥാർത്ഥത്തിൽ നമുക്കെല്ലാം അപമാനകരമാണ്. ദൈവസന്നിധിയിൽ പ്രതികാരത്തിനായി മുറവിളികൂട്ടുന്ന ഈ അനാദരവിനെക്കുറിച്ച് നാം ഈ കൂടിക്കാഴ്ചയുടെ തുടക്കത്തിൽ വായിച്ചുകേട്ട പ്രഭാഷകൻറെ പുസ്തകത്തിലെ ഭാഗം വളരെ കഠിനമാണ്. നോഹയുടെ കഥയിൽ ഈ വിഷയത്തിൽ വളരെ പ്രകടമായ ഒരു ഭാഗം ഉണ്ട്. വെള്ളപ്പൊക്ക വേളയിൽ കഥാനായകനും കഠിനാദ്ധ്വാനിയുമായ വൃദ്ധനായ നോഹ, കുറച്ചധികം കുടിച്ചതിന് ശേഷം മയങ്ങിക്കിടക്കുന്നു. അവനെ ഉണർത്താതിരിക്കാനും ലജ്ജിപ്പിക്കാതിരിക്കാനുമായി മക്കൾ അവനെ നേരെ നോക്കാതെ വളരെ ആദരവോടെ, പതുക്കെ പുതപ്പിക്കുന്നു. ഈ ഭാഗം വളരെ മനോഹരമാണ്. അത് പ്രായമായവർക്ക് അർഹമായ എല്ലാ ബഹുമാനത്തെക്കുറിച്ചും പറയുന്നു. പ്രായം ചെന്നയാൾ ലജ്ജിക്കാതിരിക്കേണ്ടതിന് അയാളുടെ ബലഹീനതയെ മൂടുന്നു.

വൃദ്ധജനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യണം

ഏറ്റവും സമ്പന്നവും സംഘടിതവുമായ സമൂഹങ്ങൾ വാർദ്ധക്യത്തിന് എല്ലാവിധ ഭൗതിക സൗകര്യങ്ങളും ഒരുക്കിയിട്ടും - അതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാം - ബഹുമാനം എന്ന പ്രത്യേക സ്നേഹത്തിൻറെ വീണ്ടെടുക്കലിനായുള്ള പോരാട്ടം ഇപ്പോഴും ദുർബ്ബലവും അപക്വവുമായി എനിക്കു തോന്നുന്നു. "സ്നേഹത്തിൻറെ നാഗരികത"യുടെ ഈ നിർണ്ണായക രൂപം ആവശ്യമുള്ളവർക്ക് മെച്ചപ്പെട്ട സാമൂഹികവും സാംസ്കാരികവുമായ പിൻബലം നൽകിക്കൊണ്ട് അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സാദ്ധ്യമായതെല്ലാം നമ്മൾ ചെയ്യണം. ഇക്കാര്യത്തിൽ എനിക്ക് മാതാപിതക്കൾക്ക് നല്കാനുള്ള ഉപദേശം ഇതാണ്: ദയവു ചെയ്ത് നിങ്ങൾ മക്കളെ, കുഞ്ഞുങ്ങളെ, ചെറുപ്പക്കാരായ മക്കളെ വൃദ്ധജനത്തോട് എന്നും ചേർത്തു നിറുത്തുക..... വൃദ്ധജനത്തെ ഒറ്റയ്ക്കാകരുത്. അവരെ സംരക്ഷിക്കുക എന്നത് സൗന്ദര്യവർദ്ധക പ്ലാസ്റ്റിക് ശസ്ത്രക്രിയയുടെ കാര്യമല്ല. മറിച്ച്, ഇത് ആദരവിൻ ഒരു പ്രശ്നമാണ്, അത് ജീവിതത്തെയും അതിൻറെ ഘട്ടങ്ങളെയും കുറിച്ചുള്ള യുവതയുടെ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതാണ്. യഥാർത്ഥ സാംസ്കാരിക വിപ്ലവത്തിൻറെ ചക്രവാളം ആവശ്യമായ ഊർജ്ജത്തോടെ തുറക്കാൻ ദൈവാരൂപിയുടെ ജ്ഞാനം നമ്മെ അനുവദിക്കട്ടെ. നന്ദി.

സമാപനം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

 

 

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 April 2022, 12:49

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >