തിരയുക

സൗമ്യതയുടെയും കുരിശിൻറെയും പാത പിൻചെല്ലുന്ന യേശു ശാന്തി!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം - യേശുവിൻറെ വിഭിന്നമായ പെസഹ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (06/04/22) ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ വേദി, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലതന്നെയായിരുന്നു. പാപ്പാ  ഈ ശാലയിൽ എത്തിയപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും ആനന്ദം കരഘോഷത്താലും ആരവങ്ങളാലും ആവിഷ്കൃതമായി. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 9 മണി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തുടർന്ന് പാപ്പാ, വിശുദ്ധവാര ചിന്തകൾ പങ്കുവച്ചു.  പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണം ഇപ്രകാരം പരിഭാഷപ്പെടുത്താം:

വിശുദ്ധ വാരം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഓശാന ഞായർ മുതൽ ഉത്ഥാന ഞായർ വരെ നീളുന്ന വിശുദ്ധവാരത്തിൻറെ മദ്ധ്യത്തിലാണ് നമ്മൾ. ഈ രണ്ട് ഞായറാഴ്ചകളും യേശുവിനെ വലയം ചെയ്തുനിൽക്കുന്ന ആഘോഷത്താൽ സവിശേഷത ആർജ്ജിക്കുന്നു. എന്നാൽ അവ രണ്ട് വ്യത്യസ്ത ആഘോഷങ്ങളാണ്.

ഓശാന ഞായർ

കഴിഞ്ഞ ഞായറാഴ്ച നമ്മൾ കണ്ടത് മിശഹാ എന്ന നിലയിൽ വരവേല്ക്കപ്പെട്ട ക്രിസ്തുവിൻറെ സാഘോഷമായ ജറുസേലേം പ്രവേശനമാണ്, അതൊരു ഉത്സവം പോലെയായിരുന്നു: അവിടത്തേക്കായി വസ്ത്രങ്ങളും (ലൂക്കാ 19:36) മരങ്ങളിൽ നിന്ന് മുറിച്ച ശാഖകളും വഴിയിൽ വിരിച്ചു (മത്തായി  21: 8). ആഹ്ലാദഭരിതരായ ജനക്കൂട്ടം "ആഗതനാകുന്ന രാജാവിനെ" അനുഗ്രഹീതൻ എന്ന് ഉച്ചത്തിൽ പ്രകീർത്തിക്കുകയും ഇങ്ങനെ ആർത്തുവിളിക്കുകയും ചെയ്യുന്നു: "സ്വർഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും" (ലൂക്കാ 19:38). സമാധാനവും മഹത്വവും കൊണ്ടുവരുന്ന ഒരു പുതിയ രാജാവിൻറെ ആഗമനം യേശുവിൻറെ പ്രവേശനത്തിൽ കാണുന്നതിനാലാണ് ആ ജനം ആഘോഷത്തിലാറാടുന്നത്. ആ ജനം പാർത്തിരുന്ന സമാധാനം ഇതാണ്: റോമൻ അധിനിവേശത്തിൽ നിന്ന് ജറുസലേമിനെ മോചിപ്പിക്കുന്ന ശക്തനായ ഒരു മിശിഹായുടെ രാജകീയ ഇടപെടലിൻറെ ഫലമായ മഹത്തായ സമാധാനം. മറ്റുചിലർ ഒരുപക്ഷേ സാമൂഹിക സമാധാനത്തിൻറെ പുനഃസ്ഥാപനം സ്വപ്നം കണ്ടിരുന്നിരിക്കണം. അവിടന്ന് ഇതിനകം ചെയ്തതുപോലെ, അപ്പം കൊണ്ട് ജനക്കൂട്ടത്തിൻറെ വിശപ്പടക്കുകയും മഹാത്ഭുതങ്ങൾ പ്രവർത്തിക്കുകയും അങ്ങനെ ലോകത്തിൽ കൂടുതൽ നീതി കൊണ്ടുവരുകയും ചെയ്യുന്ന ഉത്തമനായ ഒരു രാജാവിനെ അവർ യേശുവിൽ കണ്ടു.

യേശുവിൻറെ വ്യത്യസ്തമായ പെസഹ

എന്നാൽ യേശു ഒരിക്കലും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അവിടത്തെ മുന്നിൽ ഉള്ളത് വിഭിന്നമായ ഒരു പെസഹായാണ്, വിജയാഘോഷത്തിൻറെ പെസഹായല്ല. തൻറെ ജറുസലേം പ്രവേശനത്തിന് തയ്യാറെടുക്കുന്നതിൽ അവിടന്ന് ശ്രദ്ധിക്കുന്ന ഒരേയൊരു കാര്യം "ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയുടെ" (ലൂക്കാ 19,30) പുറത്ത് കയറുക എന്നതാണ്. ക്രിസ്തു ലോകത്തിന് സമാധാനം നൽകുന്നത് ഇങ്ങനെയാണ്: ആരും കയറിയിട്ടില്ലാത്ത ആ കെട്ടിയിട്ട കഴുതക്കുട്ടി പ്രതീകപ്പെടുത്തുന്ന വിനയവും സൗമ്യതയും വഴിയാണ്. കാരണം ദൈവത്തിൻറെ പ്രവർത്തനരീതി ലോകത്തിൻറേതിൽ നിന്ന് വ്യത്യസ്തമാണ്. വാസ്തവത്തിൽ, പെസഹായക്ക്  തൊട്ടുമുമ്പ്, യേശു ശിഷ്യന്മാരോട് വിശദീകരിക്കുന്നു: "ഞാൻ നിങ്ങൾക്ക് സമാധാനം നൽകുന്നു, എൻറെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല, ഞാൻ അത് നിങ്ങൾക്കു തരുന്നത്" (യോഹന്നാൽ 14:27). രണ്ട് വ്യത്യസ്ത രീതികൾ: ഒന്ന് ലോകം സമാധനം നല്കുന്ന രീതി, മറ്റൊന്ന് ദൈവ സമാധാനം പ്രദാനം ചെയുന്ന രീതി. രണ്ടും വിഭിന്നങ്ങളാണ്.

യേശുവിൻറെ ശാന്തിയും ലോകത്തിൻറെ ശാന്തിയും

പെസഹായിൽ യേശു നമുക്ക് പ്രദാനം ചെയ്യുന്ന സമാധാനം ലോകത്തിൻറെ തന്ത്രങ്ങൾ പിന്തുടരുന്ന സമാധാനമല്ല, അത് ബലപ്രയോഗത്തിലൂടെയും കീഴടക്കലിലൂടെയും വിവിധ തരത്തിലുള്ള അടിച്ചേൽപ്പിക്കലിലൂടെയും നേടിയെടുക്കാമെന്ന് ലോകം കരുതുന്നു. ഈ സമാധാനം, വാസ്തവത്തിൽ, യുദ്ധങ്ങൾക്കിടയിലുള്ള ഒരു ഇടവേള മാത്രമാണ്. കർത്താവിൻറെ സമാധാനം സൗമ്യതയുടെയും കുരിശിൻറെയും വഴി പിന്തുടരുന്നു: അത് മറ്റുള്ളവരുടെ ഭാരം പേറുന്നു. വാസ്തവത്തിൽ, ക്രിസ്തു നമ്മുടെ തിന്മയും പാപവും മരണവും സ്വയം ഏറ്റെടുത്തു. അങ്ങനെ അവിടന്ന് നമ്മെ സ്വതന്ത്രരാക്കി. അവിടത്തെ സമാധാനം ചില സന്ധിചെയ്യലുകളുടെ ഫലമല്ല, മറിച്ച് അത് സ്വയം ദാനത്തിൽ നിന്നാണ് ജന്മംകൊള്ളുന്നത്. എന്നിരുന്നാലും, സൗമ്യവും ധീരവുമായ ഈ സമാധാനം സ്വീകരിക്കുക ആയാസകരമാണ്. വാസ്‌തവത്തിൽ, യേശുവിന് ഓശാനപാടിയ ജനം തന്നെയാണ്‌ ഏതാനും ദിവസങ്ങൾക്കുശേഷം "അവനെ ക്രൂശിക്കുക" എന്ന്‌ ആക്രോശിക്കുന്നത്‌, ഭീതിപൂണ്ട വ്യാമോഹിതരായ ജനങ്ങൾ അവിടത്തേക്കുവേണ്ടി ചെറുവിരൽപോലുമനക്കുന്നില്ല.

അധികാരാധിഷ്ഠിത ലോക സമാധാനം 

ഈ പശ്ചാത്തലത്തിൽ, ദോസ്തൊയെവ്സകിയുടെ “ഗ്രാൻറ് ഇൻക്വിസിറ്ററിൻറെ ഇതിഹാസം” എന്ന മഹത്തായ കഥ സദാ പ്രസക്തമാണ്. നിരവധി നൂറ്റാണ്ടുകൾക്ക് ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന യേശുവിനെ കുറിച്ച് അത് വിവരിക്കുന്നു. അവനെ തിരിച്ചറിയുകയും ആർത്തുവിളിക്കുകയും ചെയ്യുന്ന ജനക്കൂട്ടം അവനെ ഉടൻ സ്വാഗതം ചെയ്യുന്നു. എന്നാൽ ലൗകിക യുക്തിയെ പ്രതിനിധാനം ചെയ്യുന്ന അന്വേഷകൻ, അഥവാ, ഇൻക്വിസിറ്റർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു. അവർ അവനെ ചോദ്യം ചെയ്യുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ക്രിസ്തുവിനു കഴിയുമായിരുന്നിട്ടും, ഈ ലോകത്തിലെ ഏറ്റവും വലിയ രാജാവായ സീസറാകാൻ ഒരിക്കലും അവിടന്ന്  ആഗ്രഹിച്ചില്ല എന്നതാണ് ഈ അധിക്ഷേപത്തിനു കാരണം. മനുഷ്യനെ കീഴ്പ്പെടുത്തുകയും അവൻറെ പ്രശ്നങ്ങൾ ബലപ്രയോഗത്തിലൂടെ പരിഹരിക്കുകയും ചെയ്യുന്നതിനുപകരം അവനെ സ്വതന്ത്രനാക്കാനാണ് അവിടന്ന് ആഗ്രഹിച്ചത്. മനുഷ്യൻറെ സ്വതന്ത്രവും, എന്നാൽ, സന്ദിഗ്ദ്ധവുമായ ഹൃദയത്തെ ഉന്നതമായ ഒരു അധികാരത്താൽ അധീനതയിലാക്കി ലോകത്ത് സമാധാനം സ്ഥാപിക്കാമായിരുന്നു, പക്ഷേ അവൻ അത് ആഗ്രഹിച്ചില്ല. അവൻ നമ്മുടെ സ്വാതന്ത്ര്യത്തെ മാനിച്ചു. " അന്വേഷകൻ യേശുവിനോട് പറയുന്നു - ലോകത്തെയും സീസർമാരുടെ ധൂമ്രവസ്ത്രവും സ്വീകരിച്ചുകൊണ്ട്, നിനക്ക് സാർവ്വഭൗമിക രാജ്യം സ്ഥാപിക്കുകയും സാർവ്വത്രിക സമാധാനം നൽകുകയും ചെയ്യാമായിരുന്നു" (കരാമസോവ് സഹോദരന്മാർ, മിലാൻ 2012, 345); അതിശക്തമായ ഒരു വിധിയോടെ അദ്ദേഹം ഉപസംഹരിക്കുന്നു: “എല്ലാവരെയുംകാൾ കൂടുതൽ ഞങ്ങളുടെ അഗ്നിക്ക് ആരെങ്കിലും  അർഹതനേടിയിട്ടുണ്ടെങ്കിൽ, അത് നീയാണ്" (348). ചരിത്രത്തിൽ ആവർത്തിക്കപ്പെടുന്ന വഞ്ചന ഇതാ, അധികാരത്തിൽ അധിഷ്ഠിതമായ പ്രമാദപരവും, പിന്നീട്, വിദ്വേഷത്തിലേക്കും ദൈവത്തെ വഞ്ചിക്കുന്നതിലേക്കും ആത്മാവിൻറെ അത്യധികമായ തിക്തതയിലേക്കും നയിക്കുന്നതുമായ ഒരു സമാധാനത്തിൻറെ പ്രലോഭനം.

സുവിശേഷത്തിൻറെ ആയുധങ്ങൾ

അവസാനം, അന്വേഷകൻ, യേശു "അയാളോട് എന്തെങ്കിലും, ഒരുപക്ഷേ കയ്പേറിയ, ഭയാനകമായ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ" എന്ന് ആഗ്രഹിക്കുന്നു. എന്നാൽ ക്രിസ്തുവാകട്ടെ സൗമ്യവും മൂർത്തവുമായ ഒരു പ്രവർത്തിയാൽ പ്രതികരിക്കുന്നു: "അവിടന്ന് നിശബ്ദനായി അവനെ സമീപിക്കുകയും, പഴയ വിളറിയ അധരങ്ങളിൽ മൃദുവായി ചുംബിക്കുകയും ചെയ്യുന്നു" (352). യേശുവിൻറെ സമാധാനം മറ്റുള്ളവരെ ആധിപത്യത്തിൻകീഴിലാക്കുന്നില്ല, അത് ഒരിക്കലും സായുധ സമാധാനമല്ല. പ്രാർത്ഥന, ആർദ്രത, ക്ഷമ, അയൽക്കാരനോടുള്ള, ഓരോ അയർക്കാരനോടുമുള്ള, സൗജന്യ സ്നേഹം എന്നിവയാണ് സുവിശേഷത്തിൻറെ ആയുധങ്ങൾ. അങ്ങനെയാണ് ദൈവത്തിൻറെ സമാധാനം ലോകത്തിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടാണ് ഈ നാളുകളിലെ സായുധാക്രമണം, എല്ലാ യുദ്ധങ്ങളെയും പോലെ, ദൈവത്തിനെതിരായ മഹാദ്രോഹത്തെ പ്രതിനിധാനം ചെയ്യുന്നത്, അത് ഉയിർപ്പിൻറെ നാഥനെ നിന്ദിക്കുന്ന വഞ്ചനയാണ്, അവിടത്തെ സൗമ്യമായ വദനത്തെക്കാൾ ഈ ലോകത്തിലെ വ്യാജദൈവത്തിൻറെ  മുഖത്തിന് മുൻഗണന നൽകലാണ് അത്. യുദ്ധം എന്നും അധികാരബിംബാരാധനയിലേക്കു നയിക്കുന്ന മാനുഷിക ചെയ്തിയാണ്.

ഉത്ഥിതൻറെ സമാധാനാശംസ

തൻറെ അന്തിമ പെസഹായ്ക്ക് മുമ്പ്, യേശു അവിടത്തെ അനുയായികളോട് പറഞ്ഞു: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ, നിങ്ങൾ ഭയപ്പെടുകയും വേണ്ടാ" (യോഹന്നാൻ 14:27). അതെ, കാരണം ലൗകിക ശക്തി നാശവും മരണവും മാത്രം അവശേഷിപ്പിക്കുമ്പോൾ, അവിടത്തെ സമാധാനം അതു സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ നിന്നു തുടങ്ങി ചരിത്രത്തെ കെട്ടിപ്പടുക്കുന്നു. ആകയാൽ പെസഹാ ദൈവത്തിൻറെയും മനുഷ്യൻറെയും യഥാർത്ഥ ഉത്സവമാണ്, കാരണം ക്രിസ്തു കുരിശിൽ സ്വയം ദാനമായിത്തീർന്നുകൊണ്ട് നേടിയ സമാധാനം നമുക്കായി വിതരണം ചെയ്യപ്പെടുന്നു. അതിനാൽ ഉത്ഥിതൻ, ഉത്ഥാനദിനത്തിൽ, ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട് ആവർത്തിക്കുന്നു: "നിങ്ങൾക്ക് സമാധാനം!" (യോഹന്നാൻ 20,19.21). ഇത് വിജയിയായ ക്രിസ്തുവിൻറെ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൻറെ അഭിവാദനമാണ്.

ക്രൂശിത രൂപം - സമാധാന സ്രോതസ്സ്

സഹോദരീസഹോദരന്മാരേ,  പെസഹയെന്നാൽ "കടന്നുപോക്ക്" എന്നാണർത്ഥം. വിശേഷിച്ചും ഇക്കൊല്ലം, ലൗകിക ദൈവത്തിൽ നിന്ന് ക്രൈസ്തവ ദൈവത്തിലേക്ക്, നമ്മുടെ ഉള്ളിലുള്ള അത്യാഗ്രഹത്തിൽ നിന്ന്, നമ്മെ സ്വതന്ത്രരാക്കുന്ന ഉപവിയിലേക്ക്, ബലപ്രയോഗത്തിലൂടെയുള്ള സമാധാനത്തിനായുള്ള കാത്തിരിപ്പിൽ നിന്ന്  യേശുവിൻറെ സമാധാനത്തിന് സമൂർത്തസാക്ഷ്യമേകുന്നതിനുള്ള പ്രതിബദ്ധതയിലേക്ക് കടക്കാനുള്ള അനുഗ്രഹീത സന്ദർഭമാണിത്. സഹോദരീസഹോദരന്മാരേ, നമ്മുടെ സമാധാനത്തിൻറെ ഉറവിടമായ ക്രൂശിതരൂപത്തിനുമുമ്പിൽ നമുക്ക് നിൽക്കാം, അവിടത്തോട് ഹൃദയശാന്തിയും ലോക സമാധാനവും യാചിക്കാം.  നന്ദി.

പ്രഭാഷണാനന്തര അഭിവാദ്യങ്ങൾ, ആശീർവ്വാദം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ആരാധനാക്രമ വർഷത്തിൻറെയും സഭയുടെ ജീവിതത്തിൻറെയും പരകോടിയായ പെസഹാത്രിദിനത്തിനു മുന്നിലാണ് നാം ഇപ്പോൾ നില്ക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ  വരും ദിവസങ്ങളിലെ ആഘോഷങ്ങൾ വിശ്വാസത്തോടെ പിന്തുടരാൻ ഹൃദയങ്ങളെ ഒരുക്കുന്നതിന് എല്ലാവരെയും ക്ഷണിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

തൻറെ മരണോത്ഥാനങ്ങളിൽ ആഴത്തിൽ ഐക്യപ്പെടാൻ നമ്മെ വിളിക്കുന്ന ക്രിസ്തുവിനോട് ഈ വിശുദ്ധ വാരത്തിൽ, ഉദാരതയോടെ പ്രത്യുത്തരിക്കാൻ പാപ്പാ അവർക്ക്  പ്രചോദനം പകർന്നു. "നിരാശപ്പെടുത്താത്ത പ്രത്യാശ" നൽകിക്കൊണ്ട് നമ്മെ സ്വജീവിതം കൊണ്ട് നിറയ്ക്കാൻ അവിടന്നാഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലാപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2022, 12:07

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >