ഫ്രാൻസിസ് പാപ്പാ: "നമ്മൾ ഒരിക്കലും പഠിക്കുന്നില്ല, യുദ്ധത്താലും കായേന്റെ ചൈതന്യത്താലും വശീകരിക്കപ്പെട്ടവരാണ് നമ്മൾ"
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ ജോർജ് പ്രെക്കാ അന്ത്യവിശ്രമം കൊള്ളുന്ന ദേവാലയത്തിൽ ചെന്ന് പ്രാർത്ഥിച്ചു കൊണ്ട് മാൾട്ടയിലെ ജനങ്ങളെ വിസ്മയിപ്പിച്ചതിനെ കുറിച്ചും, ഈ അപ്പോസ്തലിക യാത്രയുടെ ഓർമ്മകളെ കുറിച്ചും പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മാൾട്ടാ ടെലിവിഷൻ മാധ്യമപ്രവർത്തകനായ അന്ദ്രേയാ റോസ്സിത്തോയ്ക്കാണ് പാപ്പാ ആദ്യം ഉത്തരം നൽകിയത്.
പാപ്പയുടെ ആരോഗ്യം, കുടിയേറ്റക്കാർ
എന്റെ ആരോഗ്യത്തിൽ പലപ്പോഴും മാറ്റം സംഭവിക്കുന്നുണ്ട്. മുട്ടിന്റെ വേദന കാരണം രണ്ടാഴ്ചകൾക്ക് മുമ്പ് എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ പ്രശ്നമില്ല. എങ്കിലും ഈ പ്രായത്തിൽ ആരോഗ്യത്തിൽ ഉണ്ടാകുന്ന ഈ കളി എവിടെപ്പോയി അവസാനിക്കും എന്ന് അറിയില്ല. നന്നായി അവസാനിക്കുമെന്ന് വിശ്വസിക്കാം. എന്ന് പാപ്പാ പറഞ്ഞു.
ഈ അപ്പോസ്തോലിക യാത്രയിൽ മാൾട്ടാ, കോസോ ദ്വീപുകളിലെ ജനങ്ങളുടെ ഉത്സാഹം എന്നെ സന്തോഷിപ്പിച്ചു. പൊതുവേ ഈ യാത്ര എനിക്ക് ഒത്തിരി സന്തോഷം നൽകി. അതേസമയം കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെയും കാണാൻ കഴിഞ്ഞു. ഗ്രീക്ക്, സൈപ്രസ്, മാൾട്ട, ഇറ്റലി, സ്പെയിൻ എന്നീ രാഷ്ട്രങ്ങൾ മധ്യ കിഴക്കൻ രാജ്യങ്ങളുടെ സമീപത്തായിരിക്കുന്നതിനാൽ അഭയാർത്ഥികൾ ഈ രാജ്യങ്ങളിലേക്ക് കടന്നുവരുന്നു. എന്നാൽ ഇതിലുള്ള പ്രശ്നമെന്നത് എത്രപേരാണ് ഈ രാജ്യങ്ങളിൽ താമസിക്കേണ്ടത് എന്നതിനെക്കുറിച്ച് ഓരോ രാജ്യവും പറയേണ്ടിയിരിക്കുന്നു. യൂറോപ്പ് കുടിയേറ്റക്കാരാൽ രൂപീകരിക്കപ്പെട്ട ഒരു ഭൂഖണ്ഡമാണ് എന്നതിനെ നം മറന്നുപോകുന്നു. കുടിയേറ്റക്കാരെ സംബന്ധിച്ച മുഴുവൻ പ്രശ്നങ്ങളെയും അവരെ കൂടുതൽ സ്വീകരിക്കുന്ന മാൾട്ടാ പോലുള്ള അയൽ രാജ്യങ്ങളെ അടിച്ചേൽപ്പിക്കരുത്. അഭയാർത്ഥികൾ സ്വീകരിക്കപ്പെടണം. മാൾട്ടയിലെ അഭയാർത്ഥി കേന്ദ്രത്തിൽ അവരെ സന്ദർശിച്ചപ്പോൾ അവർ അഭിമുഖീകരിക്കുന്ന ഭയങ്കരമായ കഷ്ടപ്പാടുകളെ കുറിച്ച് അറിയാൻ കഴിഞ്ഞു. പാപ്പാ ഉത്തരം നൽകി.
യുക്രെയ്നിലേക്കുള്ള അപ്പോസ്തോലിക സന്ദർശനം
യുക്രെയ്നിലെ കീവ് നഗരത്തിലേക്ക് സന്ദർശനം നടത്താനുള്ള സാധ്യതയെക്കുറിച്ച് ആരാഞ്ഞ ജോർജ് അന്തേല്ലോ ബാർച്ചാ എന്ന മാധ്യമ പ്രവർത്തകൻ കീവ് നഗരത്തിനു സമീപത്തുള്ള ബുച്ചാ എന്ന ഗ്രാമത്തിൽ നിന്നും റഷ്യ൯ സൈന്യം പിൻവാങ്ങിയപ്പോൾ അവിടെയുള്ള തെരുവീഥികളിൽ ഒത്തിരി മനുഷ്യശരീരങ്ങൾ കിടന്നതും അവയിൽ ചില ശരീരങ്ങൾ കൈകൾ പിന്നിൽ കെട്ടപ്പെട്ടു കൊല ചെയ്യപ്പെട്ട നിലയിലായിരുന്നു എന്നതും വിവരിച്ചു. ഈ സന്ദർഭത്തിൽ അങ്ങോട്ടുള്ള സന്ദർശനം എങ്ങനെ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഈ വാർത്ത തന്നെ അറിയിച്ചതിൽ നന്ദി പറഞ്ഞു കൊണ്ടു അദ്ദേഹത്തിന് ഫ്രാൻസിസ് പാപ്പാ ഉത്തരം നൽകി.
യുദ്ധം എപ്പോഴും മനുഷ്യത്വരഹിതമായ ക്രൂരമായ ഒരു പ്രവൃത്തിയാണ്. ഇത് മനുഷ്യ വികാരങ്ങൾക്ക് എതിരാണെന്നും, കായേന്റെ വികാരമാണെന്നും പറഞ്ഞ പാപ്പാ ഒരു ക്രൈസ്തവനെന്ന നിലയിൽ അല്ല മറിച്ച് ഒരു മനുഷ്യൻ എന്ന നിലയിലാണ് താൻ ഇത് പറയുന്നതെന്ന് വ്യക്തമാക്കി.
യുദ്ധം നിറുത്തലാക്കാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും താനും പരിശുദ്ധ സിംഹാസനവും പ്രത്യേക ദൂതന്മാർ വഴി, കർദിനാൾ പിയത്രോ പരോളിനും, ആർച്ച് ബിഷപ്പ് ഗാല്ലഗരും ചെയ്തു വരുന്നു എന്ന് പറഞ്ഞ പാപ്പാ വിവേകം, രഹസ്യാത്മകത എന്നീ കാരണങ്ങളാൽ ഇതിനെ കുറിച്ച് പരസ്യമായി പറയുവാൻ കഴിയുകയില്ല എന്ന് വ്യക്തമാക്കി. കൂടാതെ കീവ് നഗരത്തിലേക്ക് അപ്പോസ്തോലിക സന്ദർശനം നടത്താനുള്ള ക്ഷണം തന്റെ മേശ പുറത്തുണ്ടെന്നും പറഞ്ഞു. യുക്രെയ്നിലേക്ക് കർദ്ദിനാൾ ക്രയേവ്സ്കിയെ അയക്കണമെന്ന് ഹോളണ്ട് രാഷ്ട്രപതി തന്നോടു ആവശ്യപ്പെട്ടപ്പോൾ താൻ അദ്ദേഹത്തെ അയച്ചു. അദ്ദേഹം തന്നെയും അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചു. പക്ഷേ യുക്രെയനിലേക്ക് തന്റെ യാത്ര നടക്കുമോ? അത് ശരിയാണോ? അവിടെ പോകണോ എന്നതിനെ കുറിച്ച് അറിയില്ലെന്ന് പാപ്പാ പ്രതികരിച്ചു.
യുക്രെയ്നിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്
അമേരിക്കൻ മാധ്യമ പ്രവർത്തകനായ ജെറി ഓ കോണേൽ മാർട്ടയിലെ അപ്പോസ്തോലിക സന്ദർശനത്തിൽ പല അവസരങ്ങളിൽ യുദ്ധത്തെക്കുറിച്ച് പാപ്പാ സംസാരിച്ചതിനെ എടുത്തു പറഞ്ഞു കൊണ്ട്, യുദ്ധം ആരംഭിച്ചതിനുശേഷം പരിശുദ്ധ പിതാവ് റഷ്യയിലെ പ്രസിഡണ്ട് പുടിനുമായി സംസാരിച്ചുവോ എന്നറിയാൻ ആഗ്രഹമുണ്ടെന്നും ഇനി ഇന്ന് സംസാരിക്കാൻ സാഹചര്യം ലഭിച്ചാൽ എന്തു സംസാരിക്കുമെന്നും ചോദ്യമുയർത്തി.
അതിനുത്തരം നൽകിയ പാപ്പാ രണ്ടു രാഷ്ട്രങ്ങളിലെ അധികാരികളോടും താൻ സംസാരിച്ചത് രഹസ്യമല്ല എന്നു പറഞ്ഞു. റഷ്യയിലെ ഓർത്തഡോക്സ് പാത്രിയാർക്കീസ് കിറിലുമായി താൻ സംസാരിച്ചതിന് ശേഷം അദ്ദേഹം തങ്ങളുടെ സംഭാഷണത്തെ കുറിച്ച നല്ലൊരു റിപ്പോർട്ട് പുറത്തിറക്കി.
റഷ്യൻ പ്രസിഡണ്ട് പുടിൻ കഴിഞ്ഞ വർഷാവസാനത്തിൽ തനിക്ക് ജന്മദിനം ആശംസിക്കാൻ വിളിച്ചപ്പോഴാണ് താൻ അദ്ദേഹത്തോടു സംസാരിച്ചത്. യുക്രെയ്ൻ രാഷ്ട്രപതിയോടു രണ്ട് പ്രാവശ്യം സംസാരിച്ചു. യുദ്ധം ആരംഭിച്ച ആദ്യ ദിവസം തന്നെ റഷ്യൻ എംബസ്സിയിൽ ചെന്ന് അധികാരികളോടു യുദ്ധത്തെ കുറിച്ചുള്ള തന്റെ വികാരങ്ങളെ ഞാൻ വെളിപ്പെടുത്തി. യുക്രെയ്നിലെ കീവ് ആർച്ച് ബിഷപ്പ് ഷെവ് ചുക്കുമായി സംസാരിച്ചു എന്നും പാപ്പാ വെളിപ്പെടുത്തി. കൂടാതെ അവരിലൊരാളും, നേരത്തെ ല്വീവിലും ഇപ്പോൾ ഒഡീസ്സയിലുമുള്ള മാധ്യമപ്രവർത്തക എലിസബെത്താ പിക്വേയോടു രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോൾ തുടർച്ചയായി സംസാരിച്ചു വരുന്നുവെന്നും അവിടത്തെ കാര്യങ്ങൾ എങ്ങനെയെന്ന് തന്നോടു പറയുന്നുണ്ടെന്നും അവിടത്തെ സെമിനാരി റെക്ടറോടും താ൯ സംസാരിച്ചതായും പാപ്പാ വ്യക്തമാക്കി.
യുദ്ധത്തിൽ ജീവൻ അർപ്പിച്ച മാധ്യമ പ്രവർത്തകർക്ക് പാപ്പാ അനുശോചനം അറിയിച്ചു കൊണ്ട് ധീരതയോടെ പ്രവർത്തിക്കുന്ന അവരെ നാം ഒരിക്കലും മറക്കരുത് എന്ന് ഓർമ്മപ്പെടുത്തി.
പുടിനോടു സംസാരിക്കാൻ തനിക്ക് അവസരം ലഭിച്ചാൽ എല്ലാ അധികാരികളോടും പറഞ്ഞത് തന്നെ അദ്ദേഹത്തോടും താൻ പറയും. ഈ കാര്യത്തിൽ രണ്ട് മുഖമില്ല. താൻ എപ്പോഴും ഒരേ പോലെ സംസാരിക്കുമെന്നും പാപ്പാ പറഞ്ഞു. ചോദ്യത്തിൽ ന്യായമായ യുദ്ധത്തെയും അന്യായമായ യുദ്ധത്തെയും കുറിച്ചുള്ള സംശയമുള്ളത് താൻ മനസ്സിലാക്കുന്നു എന്നു പറഞ്ഞു കൊണ്ട് യുദ്ധത്തെക്കുറിച്ച് പാപ്പാ വിശദമായി സംസാരിച്ചു.
യുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ
ഓരോ യുദ്ധവും എപ്പോഴും ഒരു അനീതിയിൽ നിന്നാണ് തുടങ്ങുന്നത്. ഇത് സമാധാനം സ്ഥാപിക്കാനുള്ള പാതയല്ല. ഉദാഹരണത്തിന് ആയുധങ്ങൾ വാങ്ങാൻ പണം നിക്ഷേപിക്കുന്നവർ തങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറയുന്നു. ഇത് തന്നെയാണ് യുദ്ധത്തിന്റെ പാത. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഇനി ഒരിക്കലും യുദ്ധം വേണ്ടെന്നും സമാധാനം വേണമെന്നുമാണ് എല്ലാവരും പറഞ്ഞത്. ഹിറോഷിമാ, നാഗസാക്കി നഗരങ്ങളിൽ ആറ്റംബോംബുകൾ വർഷിച്ചതിനു ശേഷം സമാധാനം കൈവരിക്കാ൯ ആയുധങ്ങൾ ഉപേക്ഷിക്കണമെന്ന നല്ല ചിന്തകൾ രൂപപ്പെട്ടു. എഴുപത് വർഷങ്ങൾ പിന്നിട്ടശേഷം ഈ കാലഘട്ടത്തിൽ അതെല്ലാം നാം മറന്നിരിക്കുന്നു. ഇങ്ങനെയാണ് യുദ്ധം സ്വയം അടിച്ചേൽപ്പിക്കപ്പെടുന്നത്. അന്ന് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ ഒത്തിരി പ്രത്യാശയുണ്ടായിരുന്നു. പക്ഷേ യുദ്ധത്തിന്റെ രീതികൾ വീണ്ടും തെളിയുന്നു. സമാധാനത്തിന്റെ രീതികളെക്കുറിച്ച് ചിന്തിക്കുന്നത് നാം ശീലമാക്കുന്നില്ല. ഗാന്ധിജിയെ പോലുള്ള മഹത് വ്യക്തികളും മറ്റും സമാധനം സ്ഥാപിക്കുന്ന രീതികളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ മാനവസമൂഹമായ നാം വാശിയോടെയിരിക്കുന്നു. കായേന്റെ വികാരങ്ങളോടെ യുദ്ധത്തോടു നാം പ്രണയത്തിലായിരിക്കുന്നു. 2014ൽ Redipuglia യിൽ ചെന്നപ്പോൾ യുദ്ധത്തിൽ മരണമടഞ്ഞവരുടെ പേരുകൾ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞാൻ വേദന നിറഞ്ഞ മനസ്സോടെ കരഞ്ഞു. അതിന് ശേഷം മരിച്ചവരെ അനുസ്മരിച്ച ദിനത്തിൽ ആൻസിയോയിൽ ദിവ്യബലി അർപ്പിച്ചു. ആ സമയത്ത് മരിച്ചവരുടെ പേരുകൾ വായിച്ചപ്പോൾ അവരിൽ എല്ലാവരും ചെറുപ്രായക്കാർ എന്ന് അറിഞ്ഞപ്പോൾ ഞാൻ കണ്ണുനീരൊഴുക്കി. ഈ കല്ലറകളിൽ നാം കണ്ണീർ വീഴ്ത്തണം. ഫ്രാൻസിന്റെ വടക്ക്പടിഞ്ഞാറൻ ഭാഗത്തെ നോർമണ്ടിയിൽ ലോക യുദ്ധത്തെ അനുസ്മരിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത രാഷ്ട്രീയ നേതാക്കന്മാരിൽ ആരും ആ കടൽതീരത്ത് മരിച്ച ഏതാണ്ട് മുപ്പതിനായിരം യുവജനങ്ങളെ കുറിച്ച് സംസാരിച്ചതായി ഓർക്കുന്നില്ല. അത് എന്നെ അത്ഭുതപ്പെടുത്തി. നാം ഒരിക്കലും ചരിത്രത്തിൽനിന്ന് പാഠം പഠിക്കുന്നില്ല. നാം എല്ലാവരും കുറ്റക്കാരാണ്. ദൈവമേ ഞങ്ങളോടു കരുണയായിരിക്കേണമേ!
ഫ്രാൻസിസ് പാപ്പാ തന്റെ 36-മത് അപ്പോസ്തലിക സന്ദർശനം അവസാനിപ്പിച്ച് വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ വെച്ച് മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് ഇങ്ങനെയാണ് ഉത്തരം നൽകിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: