ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ സന്ദർശിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏപ്രിൽ പതിമൂന്നിന് വൈകുന്നേരം ആറുമണിയോടെ ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ഏപ്രിൽ പതിനാറിന് എമിരിറ്റസ് പാപ്പായുടെ ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹത്തിന് വ്യക്തിപരമായി ആശംസകൾ അറിയിക്കാനും, പെസഹാ ആഘോഷങ്ങൾക്ക് മുൻപായി ആശംസകൾ അറിയിക്കാനുമാണ്, മുൻവർഷങ്ങളിലെന്നപോലെ, ഫ്രാൻസിസ് പാപ്പായെത്തിയത്. 2013-ൽ തന്റെ ഔദ്യോഗികസ്ഥാനം ഒഴിഞ്ഞതിനു ശേഷം എമിരിറ്റസ് പാപ്പാ വത്തിക്കാനിലെ തന്നെ മാത്തർ എക്ലേസിയെ ആശ്രമത്തിലാണ് താമസിക്കുന്നത്.
ചെറുതെങ്കിലും സ്നേഹപൂർവമായി നടന്ന ഈ കണ്ടുമുട്ടലിൽ, ഇരുവരും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. അതിനുശേഷം ഫ്രാൻസിസ് പാപ്പാ താൻ താമസിക്കുന്ന സാന്താ മാർത്താ ഭവനത്തിലേക്ക് തിരിയെപ്പോയി. വത്തിക്കാൻ പത്രം ഓഫീസ് മേധാവി മത്തെയോ ബ്രൂണിയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.
2013-ൽ പത്രോസിന്റെ 266-മത് പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട്, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫ്രാൻസിസ് പാപ്പാ തന്റെ മുൻഗാമിയെ, അന്ന് അദ്ദേഹം വസിച്ചിരുന്ന കാസ്തെൽ ഗാന്തോൾഫോയിലെ വസതിയിലെത്തി സന്ദർശിച്ചിരുന്നു. അന്നുമുതൽ ഇന്നുവരെ ക്രിസ്തുമസ്, ഈസ്റ്റർ അവസരങ്ങളിലും, പുതിയ കർദ്ദിനാൾമാരെ തിരഞ്ഞെടുത്തതിന് ശേഷം അവരോടൊപ്പവും ഫ്രാൻസിസ് പാപ്പാ എമിരിറ്റസ് പാപ്പായെ സന്ദർശിക്കാറുണ്ട്. കോവിഡ് മഹാമാരി മൂലം, 2020-ലെ ഈസ്റ്റർസമയത്ത് മാത്രമാണ് ഈയൊരു സന്ദർശനം മുടങ്ങിയത്. എങ്കിലും, ആ വർഷംതന്നെ നവംബർ മാസത്തിൽ, പുതിയ കർദ്ദിനാൾമാരുമൊത്ത് പാപ്പാ മാത്തർ എക്ലേസിയെ ആശ്രമത്തിലെത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: