പാപ്പാ : വൈദീകർ ക്രിസ്തുവിന്റെ ക്ഷമയ്ക്ക് സാക്ഷ്യം വഹിക്കണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബനഡിക്ട് പാപ്പായ്ക്ക് മുമ്പ് ജർമ്മൻ ഭാഗത്തു നിന്ന് വന്ന അവസാനത്തെ പാപ്പായായിരുന്ന അഡ്രിയാൻ ആറാമൻ, പാപ്പായായി തിരഞ്ഞെക്കപ്പെട്ടതിന്റെ 500ആം വാർഷികം പ്രമാണിച്ചാണ് പൊന്തിഫിക്കൽ ട്യൂട്ടോണിക് ( ജർമ്മൻ ) കോളേജിലെ ജീവനക്കാരും സെമിനാരി വിദ്യാർത്ഥികളും പരിശുദ്ധ പിതാവുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നതും ഇന്നത്തെ നെദർലന്റിന്റെ ഭാഗവുമായ ഉട്രെഹ്ട് (Utrecht ) എന്ന സ്ഥലത്ത് ജനിച്ച അഡ്രിയാൻ ആറാമൻ പാപ്പാ, ചാൾസ് അഞ്ചാമൻ ചക്രവർത്തിയുടെ അദ്ധ്യാപകനായിരുന്നു. ഫ്രഞ്ച്, സ്പാനിഷ് കർദ്ദിനാൾമാർ തമ്മിലുള്ള മാത്സര്യത്തിലെ അനുരഞ്ജനം എന്ന നിലയിലായിരുന്നു അദ്ദേഹം പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടത്. പാപ്പായായും പാപ്പായുടെ കീഴിലുണ്ടായിരുന്ന രാജ്യങ്ങളുടെ ഭരണകർത്താവായും ഏതാണ്ട് രണ്ടു കൊല്ലത്തോളം അഡ്രിയാൻ ആറാമൻ സേവനമനുഷ്ഠിച്ചു.
അനുരഞ്ജനത്തിന്റെ ശുശ്രൂഷ
അഡ്രിയാൻ ആറാമന്റെ കാലവും അദ്ദേഹത്തിന്റെ പൈതൃകവും 1522-1523 വരെയായിരുന്നു എന്ന് അവരോടു സംസാരിക്കവെ ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.
"അപ്പോസ്തന്മാരെ ദൈവം അനുരഞ്ജനത്തിന്റെ ശ്രുശ്രൂഷ ഭരമേൽപ്പിച്ചു എന്ന വി. പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ പ്രായോഗികമാക്കിക്കൊണ്ട് ലോകത്തിലും സഭയിലും എല്ലാറ്റിലുമുപരിയായി അനുരഞ്ജനം പ്രോൽസാഹിപ്പിക്കാൻ ശ്രമിച്ച" പാപ്പായായിരുന്നു അഡ്രിയാൻ ആറാമൻ എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു. പ്രൊട്ടസ്റ്റൻസ് നവീകരണവും കിഴക്ക് ഓട്ടമാൻ സാമ്രാജ്യത്തിന്റെ പിടിച്ചടക്കലുകളും കൊണ്ട് അടയാളപ്പെടുത്തിയ കാലഘട്ടമായിരുന്നു അഡ്രിയാൻ ആറാമന്റെ അധികാര കാലഘട്ടം. തന്റെ മുൻഗാമിയായിരുന്ന അദ്ദേഹം ലൂതറൻ സഭയുമായി ഒരു അനുരഞ്ജന ശ്രമം നടത്തുകയും റോമൻ കൂരിയയിലെ അംഗങ്ങളുടെ തെറ്റുകൾക്ക് പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തത് സഭയിൽ വലിയ കോലാഹലം സൃഷ്ടിച്ചു എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഓട്ടമാൻ സേനകൾ ഉണ്ടാക്കിയ ഭീഷണിക്കു മുന്നിൽ ഫ്രഞ്ച്, സ്പാനീഷ് ഭരണാധികാരികൾ തമ്മിലുള്ള പിരിമുറുക്കം കുറക്കുവാനും അദ്ദേഹം ശ്രമിച്ചു.
സന്തോഷവും സമർപ്പണവും നിറഞ്ഞ വിശ്വാസം
നന്നായി ശ്രമം നടത്തിയെങ്കിലും അഡ്രിയാൻ പാപ്പായുടെ ആകസ്മിക മരണം ഈ പദ്ധതികളൊന്നും നിറവേറ്റാൻ അവസരം നൽകിയില്ല എന്ന് സൂചിപ്പിച്ച പാപ്പാ "എങ്കിലും വിശ്വാസത്തിനും, നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള നിർഭയനും അക്ഷീണ പ്രവർത്തകനും എന്ന സാക്ഷ്യം സഭയുടെ ഓർമ്മയിൽ മായാതെ നിൽക്കുന്നു" എന്ന് കൂട്ടിച്ചേർത്തു. ഇത് ഇന്നും അവർക്ക് മാതൃകയാണെന്നും ക്രിസ്തുവിന്റെ സേവകരെന്നന്ന നിലയിലുള്ള അവരുടെ ദൈവവിളിക്ക് പ്രചോദനമാകുന്നു എന്നും പാപ്പാ അവരോടു ചൂണ്ടിക്കാണിച്ചു.
"കർത്താവ് നിങ്ങളുടെ ശുശ്രൂഷ പിൻതുണയ്ക്കുകയും അവന്റെ സ്നേഹത്തിൽ കൂടുതൽ കൂടുതൽ വേരൂന്നിയതും സന്തോഷത്തോടും സമർപ്പണത്തോടും കൂടി ജീവിക്കുന്ന ഒരു വിശ്വാസം അവർക്ക് നൽകുകയും ചെയ്യട്ടെ. ഐക്യമത്യവും അനുരഞ്ജനവും പ്രോൽസാഹിപ്പിക്കാനുള്ള അവന്റെ ശ്രദ്ധയെ പരിഗണിച്ചു കൊണ്ട്, പ്രത്യേകിച്ച് അനുരഞ്ജന കൂദാശയുടെ ശുശ്രൂഷകർ എന്ന നിലയിൽ അവന്റെ പാത തുടരാൻ ഞാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു." പാപ്പാ ആവശ്യപ്പെട്ടു.
വ്യക്തി ബന്ധങ്ങളിൽ ക്ഷമയും കരുണയും
ജർമ്മൻ കോളേജിലെ അംഗങ്ങളോടു കുമ്പസാരം കേൾക്കേണ്ടത്, "സ്നേഹത്തോടും, വിവേകത്തോടും, വളരെയധികം കരുണയോടും " കൂടെയായിരിക്കണമെന്നും ഓർമ്മിപ്പിച്ച പാപ്പാ, "ഇത് വളരെ പ്രധാനപ്പെട്ടതാണ്", " കുമ്പസാരക്കാരെന്റെ കർത്തവ്യം ക്ഷമിക്കുകയാണ് അല്ലാതെ പീഡിപ്പിക്കുകയല്ല. കരുണയുള്ളവരായിരിക്കുക, വലിയ ക്ഷമ നൽകുന്നവനാകുക, അതാണ് സഭ നിങ്ങളിൽ നിന്നാഗ്രഹിക്കുന്നത് " എന്ന്, എഴുതിവച്ച പ്രസംഗത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് കൂട്ടിച്ചേർത്തു. ക്രിസ്തുവിന്റെ ക്ഷമയുടെ എല്ലാ നല്ല ശുശ്രൂഷകരും എങ്ങനെയാണ് മറ്റുള്ളവരോടു ക്ഷമിക്കേണ്ടതെന്നും, തന്റെ ബന്ധങ്ങളിൽ കരുണാർദ്രനായിരിക്കേണ്ടതെന്നും, സമാധാനത്തിന്റെയും ഐക്യത്തിന്റെയും മനുഷ്യനായിരിക്കേണ്ടതെന്നും അറിഞ്ഞിരിക്കണം" പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: