ചെറിയവരിൽ കർത്താവിനെ സേവിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കോവിഡ് മഹാമാരിമൂലമുള്ള നിയന്ത്രണങ്ങൾ കുറഞ്ഞതിനുശേഷം റോമിലേക്കുള്ള തീർത്ഥാടനം സാധ്യമായതിനാൽ പേപ്പൽ ഫൌണ്ടേഷൻ അംഗങ്ങളെ കാണുവാൻ സാധിച്ചതിന് നന്ദി പറഞ്ഞ പാപ്പാ, അവർ സഭയ്ക്ക് നൽകുന്ന ഉദാരമായ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. "പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള ക്രിസ്തുവിന്റെ വിജയവും, പുതുജീവന് ദാനവും ആഘോഷിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ഹൃദയങ്ങളിൽ ഉയിർപ്പിന്റെ സന്തോഷം നിറയട്ടെയെന്നും അപ്പസ്തോലന്മാരുടെ കുടീരങ്ങളിലേക്ക് നിങ്ങൾ നടത്തുന്ന ഈ സന്ദർശനം ദൈവത്തോടും സഭയോടുമുള്ള നിങ്ങളുടെ വിശ്വസ്തതയെ കൂടുതൽ ശക്തിപ്പെടുത്തട്ടെ" എന്നും പാപ്പാ ആശംസിച്ചു.
ആഗോളതലത്തിൽ നിരവധി വർഷങ്ങളായി, നിരവധിയാളുകളുടെ സമഗ്രവികസനത്തെ, പ്രത്യേകിച്ച് വിദ്യാഭ്യാസം, ജീവകാരുണ്യം, സഭാപ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പേപ്പൽ ഫൌണ്ടേഷൻ ചെയ്‌ത സഹായങ്ങൾ അനുസ്മരിച്ചു പാപ്പാ, ഈ പ്രവർത്തനങ്ങൾ സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ഒരു സംസ്കാരത്തെ വളർത്താൻ സഭയെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ, ഭൗതികവും അതിലുപരി ആത്മീയവുമായ ദാരിദ്ര്യത്തിൽ ജീവിക്കുന്ന ആളുകളിലേക്ക് ഇത്തരം കാരുണ്യപ്രവർത്തനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഇപ്പോൾ നടക്കുന്ന റഷ്യ - ഉക്രൈൻ യുദ്ധത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, "ഈ യുദ്ധത്തിന്റെ ഇരകളായ അഭയാർത്ഥികൾക്കും, മെച്ചപ്പെട്ട ജീവിതം തേടി സ്വന്തം നാട് വിടേണ്ടിവന്നവർക്കും നൽകേണ്ട മാനവികസഹായത്തിന്റെയും, മറ്റ് സഹായങ്ങളുടെയും ആവശ്യകതയെക്കുറിച്ച് പേപ്പൽ ഫൌണ്ടേഷൻ തിരിച്ചറിഞ്ഞുവെന്നും, നിങ്ങളുടെ സഹായങ്ങൾ, സ്നേഹത്തിന്റെയും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും സുവിശേഷം അതർഹിക്കുന്നവരിലേക്കെത്തിക്കുവാൻ സഹായിക്കുന്നുവെന്നും" പാപ്പാ പറഞ്ഞു. ക്രിസ്തു പഠിപ്പിച്ചതുപോലെ, ഏറ്റവും എളിയ സഹോദരങ്ങളെ സേവിച്ചുകൊണ്ടു ദൈവത്തെ സേവിക്കാൻ നിങ്ങൾ കൂടുതൽ നവീകരിക്കപ്പെടട്ടെയെന്നും പാപ്പാ ആശംസിച്ചു (cf. മത്തായി 25:40).
പത്രോസിന്റെ പിൻഗാമിയോടുള്ള പേപ്പൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യം എടുത്തുപറഞ്ഞുകൊണ്ട്, സുവിശേഷം എങ്ങുമെത്തിക്കുന്നതിനും അതുവഴി ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്നതിനും വേണ്ടി തനിക്കും, സഭയ്ക്കും വേണ്ടിയുള്ള അവരുടെ പ്രാർത്ഥനകളിൽ തനിക്ക് വിശ്വാസമുണ്ടെന്ന് പാപ്പാ പറഞ്ഞു.
പത്രോസിന്റെ പിൻഗാമിയോടുള്ള പേപ്പൽ ഫൗണ്ടേഷന്റെ ഐക്യദാർഢ്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, സുവിശേഷം എങ്ങുമെത്തിക്കുന്നതിനും അതുവഴി ഹൃദയങ്ങളെ പരിവർത്തനം ചെയ്യുന്നതിനും വേണ്ടി തനിക്കും, സഭയ്ക്കും വേണ്ടിയുള്ള അവരുടെ പ്രാർത്ഥനകളിൽ തനിക്ക് വിശ്വാസമുണ്ടെന്ന് പാപ്പാ പറഞ്ഞു. ഈ ഉപവിപ്രസ്ഥാനത്തിലെ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും, സഭയുടെ മാതാവായ മറിയത്തിന്റെ സ്‌നേഹപൂർണമായ മാധ്യസ്ഥ്യത്തിന് സമർപ്പിച്ച പാപ്പാ ഏവർക്കും ശ്ലൈഹികാശീർവ്വാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: