ഭൂതകാലത്തിൽ വേരൂന്നി, വിദ്യാർത്ഥികളെ ഭാവിയിലേക്ക് വളർത്തുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഒരു യഥാർത്ഥ അധ്യാപകൻ വിദ്യാർത്ഥികളുടെ കൂടെ നടക്കുകയും, അവരെ ശ്രവിക്കുകയും അവരുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്യണമെന്ന് ഗ്രേസ് സംഘടനയിലെ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. ഏപ്രിൽ 20 ബുധനാഴ്‌ച പതിവുള്ള പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് മുൻപായിരുന്നു പാപ്പാ ഗ്രേസ് സംഘാടനാംഗങ്ങളുമായി സംസാരിച്ചത്.
ജ്ഞാനമോ, വിമർശനാത്മകബോധമോ ഇല്ലാതെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിൽ, ഇന്നത്തെയും ഭാവിയിലെയും അധ്യാപകരും വിദ്യാർത്ഥികളുമായ ആളുകളെ പരിശീലിപ്പിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ജീവിതത്തെ സ്നേഹിക്കാനും, അതിന്റെ പൂർണതയിലേക്ക് തുറന്ന മനസ്സോടെ പ്രവേശിക്കുവാനും വേണ്ടി, തങ്ങളുടെ ഹൃദയങ്ങളിൽ വസിക്കുന്ന, സത്യം, നന്മ, സൗന്ദര്യം എന്നിവയ്ക്കുവേണ്ടിയുള്ള ഓരോ വ്യക്തിയുടെയും അഭിലാഷത്തെ പരിപോഷിപ്പിക്കാൻ, അധ്യാപകരെന്ന നിലയിൽ നിങ്ങൾക്ക് പ്രത്യേകമായ ഒരു വിളിയാണുള്ളതെന്ന് പാപ്പാ പറഞ്ഞു. സമഗ്ര മാനവികവികസനപ്രക്രിയയിൽ, ഗവേഷണങ്ങളെ മെച്ചപ്പെട്ട പ്രായോഗികസമ്പ്രദായങ്ങളുമായി സംയോജിപ്പിക്കുന്നതിനുള്ള നൂതനമാർഗ്ഗങ്ങളെ വിവേചിച്ചറിയുക എന്നതാണ് ഈ വിളി. ചുരുക്കത്തിൽ, തലയും, കൈകളും ഹൃദയവും ഒരുമിച്ച് രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. പഠിക്കുന്നതും, പ്രവൃത്തിക്കുന്നതും, കാര്യങ്ങൾ അനുഭവിച്ചറിയുന്നതും തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തുകയും പരിപാലിക്കുകയും ചെയ്യുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തിൽ, ഒരു മികച്ച അക്കാദമികമികവ് മാത്രമല്ല, ഒപ്പം, ക്രിസ്തുവിന്റെ പഠിപ്പിക്കലുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഒരു കാഴ്ചപ്പാടുമാണ് നൽകാൻ കഴിയുന്നത്.
ഈ അർത്ഥത്തിൽ, സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത് മനുഷ്യന് വ്യക്തിക്ക് അനുയോജ്യമായ പക്വത ഉറപ്പുവരുത്തുക, എന്നത് മാത്രമല്ല, അതിലുപരി, മാമ്മോദീസ സ്വീകരിച്ച്, രക്ഷയെക്കുറിച്ചുള്ള അറിവിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നവർക്ക്, അവർക്ക് ലഭിച്ചിരിക്കുന്ന വിശ്വാസമെന്ന ദാനത്തെക്കുറിച്ചുള്ള ബോധ്യമുണ്ടാക്കാൻ പരിശ്രമിക്കുക എന്നതുകൂടിയാണ്(CONC. ECUM. VAT. II, Dich. Gravissimum educationis, 2) എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. വിശ്വാസം എന്നത്, നാം ഓരോരുത്തരും അനുദിനം പരിപോഷിപ്പിക്കേണ്ട ഒരു മഹത്തായ കൃപയാണ്. വിശ്വാസത്തിന്റെ വെളിച്ചത്തിലാണ്, അദ്ധ്യാപകരും വിദ്യാർത്ഥികളും തങ്ങളെത്തന്നെ ഒരു മനുഷ്യകുടുംബത്തിൽ സഹോദരീ സഹോദരന്മാരായി സൃഷ്ടിച്ച ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളായി തങ്ങളെത്തന്നെ വിലമതിക്കാൻ കഴിവുനേടുന്നത്. ഈയൊരർത്ഥത്തിൽ, സഹവർത്തിത്വവും സാഹോദര്യവും സമാധാനവും പഠിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ കത്തോലിക്കാ വിദ്യാഭ്യാസം നമ്മെ പ്രതിജ്ഞാബദ്ധമാക്കുന്നു. നിങ്ങളുടെ അക്കാദമിക് സ്ഥാപനങ്ങളുടെ എല്ലാ തലങ്ങളിലും നിങ്ങളുടെ വിദ്യാർത്ഥികളുടെ മനസ്സിലും ഹൃദയത്തിലും ഈ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമായ മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കാൻ സംഭാഷണങ്ങളുടെയും ചർച്ചകളുടെയും ഈ ദിനങ്ങൾ നിങ്ങളെ സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് പാപ്പാ ആശംസിച്ചു.
അതേസമയം, കത്തോലിക്കാ വിദ്യാഭ്യാസം സുവിശേഷവൽക്കരണം കൂടിയാണ്: സുവിശേഷത്തിന്റെ സന്തോഷത്തിന് സാക്ഷ്യമേകാനും, നമ്മുടെ സമൂഹങ്ങളെ പുതുക്കിയെടുക്കുവാനുള്ള അതിന്റെ കഴിവിനെ ഏറ്റുപറയാനും, ഇപ്പോഴുള്ള വെല്ലുവിളികളെ, വിവേകത്തോടെ നേരിടുവാൻ വേണ്ടി ശക്തിയും പ്രത്യാശയും നല്കുവാനുമുള്ള സുവിശേഷത്തിന്റെ കഴിവിനെ ഏറ്റുപറയാനുമുള്ള ഒരു അവസരമാണ്.
കൂടുതൽ മാനവികതയും ഐക്യദാർഢ്യവുമുള്ള ഒരു സമൂഹത്തിന്റെ അടിത്തറ ഉറപ്പിക്കുന്നതിനും, സത്യത്തിന്റെയും, വിശുദ്ധിയുടെയും, നീതിയുടെയും, സമാധാനത്തിന്റേതുമായ ക്രിസ്തുവിന്റെ രാജ്യം പ്രചരിപ്പിക്കുവാനും വേണ്ടി, അധ്യാപകരെന്ന നിങ്ങളുടെ വിളിക്ക് ഏറിയ തീക്ഷ്ണതയോടെ നിങ്ങളുടെ പ്രത്യുത്തരം പുതുക്കുവാൻ, നിങ്ങളുടെ ഇപ്പോഴത്തെ ഈ സന്ദർശനം സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: