വിശുദ്ധ തൈലാശീർവ്വാദ ബലിയിൽ പങ്കെടുത്ത വൈദീകർക്ക് ഫ്രാൻസിസ് പാപ്പാ പുസ്തകം സമ്മാനിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബൈബിളിൽ നിന്നും തത്വശാസ്ത്രത്തിൽ നിന്നുമുള്ള ഉദ്ധരണികളും, സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള പരിചിന്തനങ്ങളും, പാപ്പായുടെ പ്രബോധനങ്ങളും ആധുനീക ഭാഷയിലൂടെയും അർത്ഥഗർഭമായ കഥകളിലൂടെയും പങ്കുവയ്ക്കുകയാണ് ഗ്രന്ഥത്തിൽ. അജപാലന ശുശ്രൂഷയ്ക്ക് ഉതകുന്ന ആശയങ്ങളും, സാമൂഹ്യ മാധ്യമങ്ങളിലെ സഞ്ചാരം മുതൽ ഇടവകയെ വെറും ഭരണകാര്യാലയമാക്കി മാറ്റുന്നത് വരെയുള്ള പഴയതും പുതിയതുമായ വെല്ലുവിളികളെ ശ്രദ്ധിക്കാൻ ഇതിൽ ആവശ്യപെടുകയും ചെയ്യുന്നു.
എളിമ, വിരസത, പകർച്ചവ്യാധി ശീലങ്ങൾ
കിർക്കെ ഗാർഡ്, കാമൂസ്, നെൽസൺ മണ്ടേല്ലാ മുതൽ മാർട്ടിൻ ലൂതർ കിംഗ് വരെ നീളുന്ന മഹാന്മാരെ മാത്രമല്ല ഇറ്റലിയിലെ കാർട്ടൂൺ കഥാപാത്രത്തെ വരെ ഗ്രന്ഥകർത്താവ് ഉദ്ധരിക്കുന്നുണ്ട്. എളിമ, പിതൃത്വം, വിരസത, രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ആധുനിക സംഭവങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് പകർച്ചവ്യാധിയിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ തരം സ്വഭാവങ്ങളും പുസ്തകത്തിൽ ചർച്ചാ വിഷയമാക്കുന്നു. ഇവയെല്ലാം ബൈബിളും, ഉദ്ധരണികളും സഭാ പ്രബോധനങ്ങളും പ്രത്യേകിച്ച് ബനഡിക്ട് പതിനാറാമൻ പാപ്പായുടേയും ഫ്രാൻസിസ് പാപ്പായുടെയും പ്രബോധനങ്ങളും കൊണ്ട് സമ്പന്നമാക്കി പൗരോഹിത്യത്തിന്റെയും അതിന്റെ അടിത്തറയുടെയും, വിളിയുടെയും ദൗത്യത്തിന്റെയും സത്തിനെ ആഴപ്പെടുത്താൻ ഉപയോഗിക്കുന്നു. എല്ലായ്പ്പോഴും " സാക്ഷികളും '' ജീവന്റെ വാഹകരും " ആയിരിക്കാനുള്ള പൗരോഹിത്യ ശുശ്രൂഷ അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളികളെയും ഈ പുസ്തകം നിരീക്ഷിക്കുന്നു.
ആനുകാലിക യാഥാർത്ഥ്യങ്ങളുടെ വിശകലനം
2021 മുതൽ അചാക്യുവിലെ മെത്രാനാണ് ഫ്രൻസ്വാ സവീ ബുസ്തില്ലോ. പുസ്തകത്തിന്റെ ശീർഷകം അടിവരയിടുന്നതു പോലെ ഇന്നത്തെ ലോകത്തിൽ സുവിശേഷത്തിന്റെ സത്യസന്ധമായ സാക്ഷികളാകേണ്ടതിന്റെ ആവശ്യകത, അജപാലന ശുശ്രൂഷ ഒരു ഉദ്യോഗസ്ഥ അധികാര ശ്രേണിയുടെ ഭാഗമായി മാത്രം കരുതപ്പെടാനുള്ള അപകട സാധ്യത മറികടക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി അദ്ദേഹത്തിന്റെ ഗ്രന്ഥം ഇന്നത്തെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് വ്യക്തവും രസകരവുമായ ഒരു വിശകലനം നൽകുന്നു.
ആധുനികതയുടെ വൈദഗ്ദ്ധ്യവും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഭാഷയും, കഥകളുടെ സമ്പന്നതയും കൊണ്ടു ദൈവശാസ്ത്രജ്ഞനും ഇടയനുമായ ബിഷപ്പ് ബുസ്തില്ലോ ഇന്നത്തെ ലോകത്തിൽ അതിവേഗം സഞ്ചരിക്കുന്ന ആധുനികകാല പരിവർത്തനങ്ങളുടെ വെളിച്ചത്തിൽ പൗരോഹിത്യം അഭിമുഖീകരിക്കുന്ന, പലപ്പോഴും വിപ്ലവാത്മകമായ വെല്ലുവിളികളെക്കുറിച്ച്, അഗാധമായ വിചിന്തനമാണ് നൽകുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: