ജയിലിൽ തിരുവത്താഴപൂജയർപ്പിച്ച് ഫ്രാൻസിസ് പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വി. കുർബ്ബാന സ്ഥാപിക്കപ്പെട്ട പെസഹാ വ്യാഴത്തിലെ കർത്താവിന്റെ തിരുവത്താഴപൂജ ഫ്രാൻസിസ് പാപ്പാ റോമിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന ചിവിത്ത വെക്കിയയിലെ പുതിയ ജയിൽ സമുച്ചയത്തിലെ അന്തേവാസികൾക്കൊപ്പമാണ് ആഘോഷിച്ചത്. നാല് മണിയോടെ അവിടെ എത്തിയ പാപ്പായെ ജയിൽ അധികാരികൾ സ്വീകരിച്ച് അവിടത്തെ ദേവാലയത്തിലേക്ക് ആനയിച്ചു. തടവുകാരും, സുരക്ഷാ ജീവനക്കാരും, ജയിലിലെ ജീവനക്കാരും, ജയിൽ അധികാരികളും കൂടാതെ ഇറ്റലിയിയുടെ നീതി വകുപ്പ് മന്ത്രിയും തിരുക്കർമ്മങ്ങളിൽ സന്നിഹിതരായിരുന്നു.
സേവനവും മനുഷ്യത്വം
പരിശുദ്ധ പിതാവ് തന്റെ വചന പ്രഘോഷണത്തിൽ ആരാധനക്രമത്തിന്റെ ഭാഗമായ പാദക്ഷാളനത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് വത്തിക്കാന്റെ മാധ്യമ വിഭാഗം ഡയറക്ടർ മത്തെയോ ബ്രൂണി ഒരു പ്രസ്താവനയിൽ അറിയിച്ചു.
"യേശു തന്നെ വഞ്ചിച്ച, ഒറ്റിക്കൊടുത്തവന്റെ പാദം കഴുകുന്നു " എന്ന് "സുവിശേഷത്തിൽ നാം വായിക്കുന്ന ആ രംഗത്തെ ഒരു "വിചിത്ര കാര്യ" മായാണ് ഈ ലോകം കാണുന്നത്. എന്നാൽ "നിങ്ങൾ പരസ്പരം കാലു കഴുകണമെന്നും, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ പരസ്പരം സേവിക്കണമെന്നും യേശു വളരെ ലളിതമായി പഠിപ്പിക്കുകയായിരുന്നു" എന്ന് പാപ്പാ കൂടിച്ചേർത്തു. എല്ലാ മനുഷ്യരോടും എല്ലാ ദിവസവും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര മനോഹരമായിരിക്കുമെന്ന് പാപ്പാ പറഞ്ഞു.
ദൈവം എപ്പോഴും പൊറുക്കുന്നു.
"ദൈവം എല്ലാം ക്ഷമിക്കുന്നു എപ്പോഴും ക്ഷമിക്കുന്നു! നമ്മളാണ് ക്ഷമ ചോദിച്ച് തളർന്ന് പോകുന്നത് " എന്ന് പറഞ്ഞ പാപ്പാ ആ സേവനമാണ് തന്നെ ഒറ്റുകൊടുത്തവനെ "സ്നേഹിതാ " എന്നു വിളിച്ച്, അവനോടു ക്ഷമിച്ച് അവസാനം വരെ അവനെ കാത്തു നിൽക്കുന്നത് എന്ന് വിശദീകരിച്ചു.
"നമ്മളോരോരുത്തരുടെയും ഉള്ളിൽ കാലങ്ങൾ നീണ്ട എന്തെങ്കിലും കാണും. എന്നിട്ടും നമ്മൾ യേശുവിനോടു മാപ്പു ചോദിക്കുന്നു" എന്നു പറഞ്ഞ ശേഷം പാപ്പാ "വിധിയാളനായ കർത്താവ് ഉണ്ട്, എന്നാൽ അത് (കാണുന്നത്) ഒരു വിചിത്രമായ വിധിയാണ്: കർത്താവ് വിധിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു" എന്ന് പാപ്പാ ഓർമ്മിച്ചു. അതിനാൽ "പരസ്പരം സേവിക്കാനും ക്ഷമിക്കാനും ആഗ്രഹിച്ചു കൊണ്ട് ഈ മാതൃക പിന്തുടരാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.
പാദക്ഷാളനകർമ്മം
സുവിശേഷ പ്രസംഗത്തിനു ശേഷം പാപ്പാ സ്നേഹത്തിന്റെയും വിനയത്തിന്റെയും പ്രാധാന്യം പ്രതിഫലിക്കുന്ന തന്റെ സ്നേഹത്തിന്റെ അടയാളമായി ശിഷ്യരുടെ പാദങ്ങൾ കഴുകിയ യേശുവിന്റെ അന്ത്യാത്താഴത്തിലെ പരമ്പരാഗത കൃത്യം നിർവ്വഹിച്ചു. അവിടെയുള്ള വിവിധ പ്രായപരിധിയിലും, രാജ്യങ്ങളിലും നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 അന്തേവാസികളുടെ കാലുകൾ പാപ്പാ കഴുകി.
തിരുക്കർമ്മങ്ങൾക്കു ശേഷം ജയിലിന്റെ ഡയറക്ടർ പരിശുദ്ധ പിതാവിന് നന്ദിയർപ്പിക്കുകയും പുരാതന ചിവിത്തവെക്കിയ തുറമുഖത്തിന്റെ ഒരു ചിത്രം സമ്മാനിക്കുകയും ചെയ്തു. കൂടാതെ അന്തേവാസികൾ നടത്തുന്ന പച്ചക്കറി തോട്ടത്തിൽ നിന്ന് തിരഞ്ഞെടുത്ത വിളകളും, അന്തേവാസികളും ജീവനക്കാരും നിർമ്മിച്ച വസ്തുക്കളും പാപ്പായ്ക്ക് നൽകി. ആഘോഷങ്ങൾക്ക് ശേഷം പാപ്പാ ജയിലിലെ അന്തേവാസികളെയും ഉദ്യോഗസ്ഥരേയും ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന 50 ഓളം പേരെ ഒരു മുറിയിൽ ഹ്രസ്വമായി അഭിവാദനം ചെയ്യുകയും ചെയ്തുവെന്ന് പറഞ്ഞു കൊണ്ടാണ് മാധ്യമ വിഭാഗത്തിന്റെ പ്രസ്താവന ചുരുക്കുന്നത്. അതിനു ശേഷം പാപ്പാ സാന്താ മാർത്തയിലേക്ക് മടങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: