ഫിലിപ്പീൻസ്: മേഗി ചുഴലിക്കാറ്റിന്റെ ഇരകൾക്കായി ഫ്രാൻസിസ് പാപ്പായുടെ സന്ദേശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻസിൽ മേഗി ചുഴലിക്കാറ്റ് മൂലമുണ്ടായ നിരവധി ആളുകളുടെ മരണത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞ ഫ്രാൻസിസ് പാപ്പാ, എല്ലാവർക്കും തന്റെ ഐക്യദാർഢ്യം അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതി. ഈ ദാരുണസംഭവത്തിൽ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കും ഭവനങ്ങൾ നഷ്ടപ്പെട്ട് മറ്റിടങ്ങളിൽ അഭയം തേടേണ്ടി വന്നവർക്കും ഒപ്പം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുന്നുവെന്നും സ്റ്റേറ്റ് സെക്രട്ടറി എഴുതി. തന്റെ ആത്മീയസാമീപ്യത്തിന്റെ അടയാളമായി പാപ്പാ ഫിലിപ്പീനിലെ ജനങ്ങൾക്ക് ദൈവത്തിന്റെ ശക്തിയുടെയും സമാധാനത്തിന്റെയും അനുഗ്രഹങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചാവസാനം വീശിയടിച്ച കൊടുങ്കാറ്റിന്റെ ഫലമായി ഉണ്ടായ മഴയിലും മണ്ണിടിച്ചിലിലുമായി ഏതാണ്ട് നാല്പത്തിനായിരത്തിലധികം ആളുകൾ സ്വഭവനങ്ങളിൽനിന്ന് മാറിനിൽക്കേണ്ടി വന്നിട്ടുണ്ട്. ഏതാണ്ട് ഇരുന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അൻപതിലധികം ആളുകൾ മരണമടഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്. നിരവധി ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: