ഫ്രാൻസിസ് പാപ്പായുടെ പുസ്തകം: "യുദ്ധത്തിനെതിരെ. സമാധാനം കെട്ടിപ്പടുക്കാനുള്ള ധൈര്യം"
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സന്ധിസംഭാഷണങ്ങൾ ഒരു രാഷ്ട്രീയപരമായ കലയാണെന്നും, സമാധാനസ്ഥാപനവും നിരായുധീകരണവും, നയതന്ത്രപരമായ ഒരു തിരഞ്ഞെടുപ്പാണെന്നും പാപ്പാ തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കി. യുദ്ധം എന്നത് ഒരു ദൈവനിന്ദയാണ് എന്നും ഒരു കാരണവശാലും അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കാമെന്നും പാപ്പാ എഴുതി.
ഇറാഖിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയെക്കുറിച്ച് പരാമർശിച്ച പാപ്പാ, അവിടെ നടന്ന യുദ്ധങ്ങൾ അവശേഷിപ്പിച്ച ദുരിതങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയും, എന്നാൽ യൂറോപ്പിൽ അതുപോലെ ഒരു യുദ്ധം ഉണ്ടാകുമെന്ന് താൻ ഒരിക്കലും ചിന്തിച്ചില്ലെന്നും പുസ്തകത്തിൽ കുറിച്ചു. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് താൻ പലവട്ടം പറഞ്ഞതുപോലെ, ഇപ്പോൾ പലയിടങ്ങളിലായി ഈ യുദ്ധം നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും എഴുതി. യുദ്ധത്തിന്റെ ദുരിതഫലങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്ന പാപ്പാ, ഇത്രയും നാൾ അകലെയെന്ന് ചിന്തിച്ചിരുന്ന ഈ ദുരന്തം ഇപ്പോൾ അടുത്തെത്തിയിരിക്കുകയാണെന്നും, ലക്ഷക്കണക്കിന് നിരപരാധികളായ കുട്ടികളും മുതിർന്നവരുമാണ് സ്വഭാവനങ്ങളിൽനിന്ന് പുറത്താകുന്നതെന്ന് ഓർമ്മിപ്പിച്ചു. നിരവധി കുടുംബങ്ങളാണ് ശിഥിലമാകുന്നത്.
തന്റെ മുൻഗാമികളായ പാപ്പാമാർ യുദ്ധത്തിനെതിരെ നടത്തിയ നിരവധി പ്രസ്താവനകളും പാപ്പാ തന്റെ പുസ്തകത്തിന്റെ ആമുഖത്തിൽത്തന്നെ ഓർമ്മിക്കുന്നുണ്ട്. ചെറിയ ഓർമ്മകൾ മാത്രമുള്ള മനുഷ്യരായി നാം മാറുകയാണെന്നും, ചരിത്രത്തെക്കുറിച്ച് ഓർമ്മയുള്ളവരാണെങ്കിൽ, യുദ്ധങ്ങളിലേക്കെത്താൻ നാമൊരിക്കലും ആഗ്രഹിക്കുകയില്ലെന്നും പാപ്പാ എഴുതി. ഓരോ യുദ്ധവും, രാഷ്ട്രീയപരമായ പരാജയം മാത്രമല്ല, തിന്മയുടെ ശക്തിക്ക് മുന്നിലുള്ള അടിയറവുപറച്ചിലുകൂടിയാണ്.
വളരെ ആനുകാലികപ്രാധാന്യമുള്ള പാപ്പായുടെ പുതിയ ഈ പുസ്തകം കോറിയേരേ ദെല്ല സേര എന്ന ഇറ്റാലിയൻ പത്രത്തിനൊപ്പവും ബുക്സ്റ്റോളുകളിലും ഏപ്രിൽ പതിനാലാം തീയതി ലഭ്യമാകും.
സൊൾഫെരീനോ, വത്തിക്കാൻ പ്രസിദ്ധീകരണശാല എന്നിവർ ചേർന്ന് എഡിറ്റ് ചെയ്തിറങ്ങുന്ന ഈ പുസ്തകം റോമിലെ ലുംസ യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 29-ന് രാവിലെ 10.30-ന് ഔദ്യോഗികമായി അവതരിപ്പിക്കപ്പെടും. ചടങ്ങിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളീൻ, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രിയുമായിരുന്ന റൊമാനൊ പ്രോധി, കോറിയേരേ ദെല്ല സേരയുടെ ഡെപ്യൂട്ടി ഡയറക്ടർ മോദേര ഫ്യോറെൻസ എന്നിവരും സംബന്ധിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: