തിരയുക

2018-ൽ റോമിലെ കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ഫ്രാൻസിസ് പാപ്പാ. 2018-ൽ റോമിലെ കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ഫ്രാൻസിസ് പാപ്പാ. 

ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയിലെ ധ്യാനം പാപ്പാ കുടുംബങ്ങളെ ഏൽപ്പിച്ചു

ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയുടെ ഈ വർഷത്തെ പരിചിന്തനത്തിനും പ്രാർത്ഥനകൾക്കുമുള്ള തയ്യാറെടുപ്പുകൾ കത്തോലിക്കാ സമൂഹങ്ങളോടൊത്ത് സന്നദ്ധസേവനവും സഹായവും നടത്തുന്ന സംഘടനകളുമായി ബന്ധപ്പെട്ട കുടുംബങ്ങളെ ഫ്രാൻസിസ് പാപ്പാ ചുമതലപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ വർഷത്തെ ദുഃഖവെള്ളിയിൽ നടത്തുന്ന കുരിശിന്റെ വഴിയെക്കുറിച്ചുള്ള പരിചിന്തനവും പ്രാർത്ഥനകളും ഫ്രാൻസിസ് പാപ്പാ കുടുംബങ്ങളെ ഏൽപ്പിച്ചതായി വത്തിക്കാൻ വാർത്താവിനിമയ കാര്യാലയ ഡയറക്ടർ മത്തേയോ ബ്രൂണി വ്യാഴാഴ്ച  പ്രസ്താവനയിൽ അറിയിച്ചു.

"അമോറിസ് ലെത്തീസിയ " എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്നതോടനുബന്ധിച്ച് സഭ കുടുംബത്തിന് സമർപ്പിച്ചിരിക്കുന്ന ഈ വർഷത്തിൽ ദുഃഖവെള്ളിയാഴ്‌ച കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴിയിലെ എല്ലാ സ്ഥലങ്ങളെ കുറിച്ചുള്ള ധ്യാനങ്ങളുടെയും പ്രാർത്ഥനകളുടെയും പരിചിന്തനം തയ്യാറാക്കാൻ ഫ്രാൻസിസ് പാപ്പാ  സന്നദ്ധ പ്രവർത്തനത്തിനും സഹായത്തിനുമായി കത്തോലിക്കാ സമൂഹങ്ങളുമായും സംഘടനകളുമായും ബന്ധമുള്ള നിരവധി കുടുംബങ്ങളെ ചുമതലപ്പെടുത്തി. 

"തിരഞ്ഞെടുത്ത പ്രമേയങ്ങൾ അനുസരിച്ച്,"  "ചില കുടുംബങ്ങൾ കുരിശിന്റെ വഴിയിലെ സ്ഥലങ്ങൾക്കിടയിൽ കുരിശ് വഹിക്കും." എന്നും പ്രസ്താവനയിൽ രേഖപ്പെടുത്തി.

അമോറിസ് ലെത്തീസിയാ കുടുംബ വർഷം

കുടുംബങ്ങളുടെ അജപാലന പരിപാലനത്തെ അഭിസംബോധന ചെയ്തുകൊണ്ട്  സിനഡിനു ശേഷം ഫ്രാൻസിസ് പാപ്പാ എഴുതിയ അപ്പസ്തോലിക പ്രബോധനമാണ് അമോറിസ് ലെത്തിസിയാ.

2021 മാർച്ച് 19-ന്, കുടുംബത്തിലെ സ്നേഹത്തിന്റെ സൗന്ദര്യത്തെയും സന്തോഷത്തെയും കുറിച്ചുള്ള അമോറിസ് ലെത്തീസിയായുടെ പ്രസിദ്ധീകരണത്തിന്റെ അഞ്ചാമത്തെ വർഷം സഭ അടയാളപ്പെടുത്തി.

അന്നേ ദിവസം,  റോമിൽ പരിശുദ്ധ പിതാവുമായുള്ള കുടുംബങ്ങളുടെ 10-മത് സംഗമത്തോടെ ജൂൺ 26 ന് സമാപിക്കുന്ന അമോറിസ് ലെത്തീസിയാ കുടുംബ വർഷത്തിനാണ് പാപ്പാ  തുടക്കം കുറിച്ചത്.

കുരിശിന്റെ വഴി കൊളോസിയത്തിലേക്ക് തിരിച്ചു വരുന്നു 

ദുഃഖവെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർത്താവിന്റെ പീഡാനുഭവ തിരുകർമ്മങ്ങൾക്ക് പാപ്പാ നേതൃത്വം നൽകും. പിന്നീട് രാത്രി 9.15ന് കൊളോസിയത്തിൽ കുരിശിന്റെ വഴി നയിക്കുകയും ചെയ്യും.

കഴിഞ്ഞ രണ്ട് വർഷമായി, കോവിഡ് -19 അടിയന്തരാവസ്ഥ കാരണം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വച്ചാണ് പാപ്പയുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ദിനത്തിൽ  കുരിശിന്റെ വഴി നടത്തിപ്പോന്നത്. ഈ വർഷം, അണുബാധ മന്ദഗതിയിലായതോടെ, മെഴുകുതിരി കത്തിച്ചു കൊണ്ടുള്ള കുരിശിന്റെവഴി അതിന്റെ പതിവ് രീതിയിലേക്ക് മടങ്ങുകയാണ്.

വിചിന്തിനങ്ങൾ

എല്ലാ വർഷവും, വ്യത്യസ്ഥ വീക്ഷണങ്ങളിലൂടെ കർത്താവിന്റെ പീഡാസഹനത്തിൽ നിന്ന് പ്രചോദനം ലഭിക്കുന്നതിനായി ഒരു സംഘത്തെയോ, സംഘടനയെയോ അല്ലെങ്കിൽ വ്യക്തികളെയോ ഭക്തിപരമായ ഈ പ്രാർത്ഥനയുടെ ധ്യാനങ്ങൾക്കായി നിയോഗിക്കാറുണ്ട്. കഴിഞ്ഞ വർഷം, ദുഃഖവെള്ളിയാഴ്ച ധ്യാനങ്ങളും പ്രാർത്ഥനകളും സ്കൗട്ട് ഗ്രൂപ്പിലെ കുട്ടികൾക്കും റോമിലെ ഒരു ഇടവകയ്ക്കും നൽകിയിരുന്നു.

അന്ധകാരത്തെക്കുറിച്ചുള്ള ഭയം മുതൽ ഉപേക്ഷിക്കപ്പെടലും, അവരുടെ പരിമിതികളുടെ അനുഭവങ്ങളും, സ്കൂളിലെ ഭീഷണിപ്പെടുത്തലും, മാതാപിതാക്കളുമായുള്ള വഴക്കുകളും, പകർച്ചവ്യാധിയെക്കുറിച്ചുള്ള ഭയവും തുടങ്ങി അവരുടെ  ദൈനംദിന ജീവിതത്തിലെ "വലിയ ചെറു കഷ്ടപ്പാടുകൾ" കുട്ടികൾ  കുരിശിന്റെ വഴിയിലെ പ്രാർത്ഥനകളിൽ വിവരിച്ചു.

2020-ൽ ഇറ്റലിയിലെ പാദുവയിലെ ഒരു ജയിലിൽ കഴിയുന്ന തടവുകാർക്കും പാപ്പാ  ഈ ചുമതല നൽകി. കൊല്ലപ്പെട്ട ഒരാളുടെ കുടുംബത്തിന്റെ വേദനയെക്കുറിച്ചും, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളുടെ മകളെക്കുറിച്ചും, ഒരു അന്തേവാസിയുടെ അമ്മയുടെ കഷ്ടപ്പാടിനെ കുറിച്ചും, ഒരു പുരോഹിതന്റെ പ്രതീക്ഷയും കുറ്റാരോപിതനാകുകയും പിന്നീട് 8 വർഷത്തിന് ശേഷം കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തതിനെ കുറിച്ചും, ഒരു ജയിൽ അധ്യാപകൻ, ഒരു മതബോധന അദ്ധ്യാപകൻ, ഒരു സന്നദ്ധ പ്രവർത്തകൻ, ഒരു ജയിൽ പോലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ ഉത്തരവാദിത്വത്തെ കുറിച്ചും അവർ അന്ന് സംസാരിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ഏപ്രിൽ 2022, 13:28