എക്യൂമെനിസവും കരുണയും വളർത്തിയെടുക്കുക പോളിഷ് തീർത്ഥാടകരോടു പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
നൂറ്റാണ്ടുകളായി എക്യൂമെനിസത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള Łódź അതിരൂപതയുടെ പ്രതിബദ്ധതയ്ക്ക് ആദ്യമേ തന്നെ പാപ്പാ തന്റെ അഭിനന്ദം അറിയിച്ചു.1920-ൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പാ രൂപതയായി സ്ഥാപിച്ച ഈ അതിരൂപതയുടെ അതിന്റെ ജൂബിലി ആഘോഷങ്ങൾ ഈയടുത്തയിടെയാണ് സമാപിച്ചത്.
നാനാത്വത്തിലുള്ള കൂട്ടായ്മ സിനഡാലിറ്റിയുടെ ഒരുടയാളം
പോൾ ആറാമൻ ഹാളിൽ പോളിഷ് അതിരൂപതയിൽ നിന്നുള്ള എക്യുമെനിക്കൽ തീർത്ഥാടനത്തിൽ പങ്കെടുത്ത രണ്ടായിരത്തോളം വരുന്ന തീർത്ഥാടകരോടു വ്യാഴാഴ്ച സംസാരിച്ച ഫ്രാൻസിസ് പാപ്പാ അതിന്റെ പ്രഥമ മെത്രാനായ അഭിവന്ദ്യ വിൻസെന്റി തൈമിയെനിയെക്കി കാണിച്ച മഹത്തായ "എക്യൂമെനിക്കൽ അവബോധ"ത്തെ അനുസ്മരിക്കുകയും,അദ്ദേഹത്തിന്റെ "എക്യുമെനിക്കൽ ദൃഢനിശ്ചയം സംരക്ഷിക്കുക" എന്ന് പറഞ്ഞു കൊണ്ട് തീർത്ഥാടകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
തീർത്ഥാടനത്തിൽ പങ്കെടുത്ത മറ്റ് ക്രൈസ്തവ സഭകളിലെ പ്രാദേശിക മതനേതാക്കളുടെ വലിയ പ്രാതിനിധ്യത്തെ പാപ്പാ അഭിവാദ്യം ചെയ്തു. അവരുടെ "നാനാത്വത്തിലുള്ള കൂട്ടായ്മ സിനഡലിറ്റിയുടെ അടയാളമാണെന്നും അത് പ്രവൃത്തികളിലെ സിനഡാലിറ്റിയാണ്" എന്നും പാപ്പാ അഭിപ്രായപ്പെട്ടു. ഐക്യത്തിന്റെ പാതയിൽ തുടരാൻ അവരെ പാപ്പാ പ്രോത്സാഹിപ്പിച്ചു.
വിവിധ ഇടവകകളിൽ നിന്നും വ്യത്യസ്ഥ സമൂഹങ്ങളിൽ നിന്നുമായി വരുന്ന, സഹോദരീ- സഹോദരന്മാരുടെ ഒരു കുടുംബമെന്ന നിലയിലും, പുരോഹിതരും, അൽമായ വിശ്വാസികളും, വിവാഹിതരും സമർപ്പിതരും” ഉൾപ്പെട്ട സഭാ സമൂഹങ്ങളും യഥാർത്ഥത്തിൽ അപ്പോസ്തലന്മാരുടെ പാതകളിൽ ഒരുമിച്ച് സഞ്ചരിക്കുന്ന "സിനഡൽ സഭയുടെ മനോഹരമായ ചിത്രം" കൂടിയാണ് ഈ തീർത്ഥാടനം എന്ന് ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്തു.
"നിങ്ങൾ സിനഡിന് സ്വയം സമർപ്പിക്കുക മാത്രമല്ല, സഭാ കൂട്ടായ്മയുടെ സൗന്ദര്യം വീണ്ടും കണ്ടെത്തി, വിശ്വാസം ഒരുമിച്ച് ജീവിക്കുകയും, പരസ്പരം പരസ്പര ഉത്തരവാദിത്തം ഏറ്റെടുക്കുകയും, മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്ന അനുഭവം പ്രത്യക്ഷത്തിൽ വിദൂരത്തുള്ളവരും വ്യത്യസ്ഥമായി ചിന്തിക്കുന്നവരുമായി പോലും നിങ്ങൾ ഇതിനകം അനുഭവിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" പാപ്പാ പറഞ്ഞു.
സഭയുടെ സമരിയക്കാരന്റെ മുഖം
കാരുണ്യമെന്നത് Ĺòdź സഭയുടെ “ഡിഎൻഎ”യിലും ഉണ്ട് എന്ന് പറഞ്ഞ ബിഷപ്പ് തൈമിയെനീയെക്കിയുടെ എപ്പിസ്കോപ്പൽ ശുശ്രൂഷയുടെ മറ്റൊരു പ്രധാന പൈതൃകമായ കരുണ എന്നതിലേക്കും ഫ്രാൻസിസ് പാപ്പാ ശ്രദ്ധ തിരിച്ചു. ഇന്ന്, കരുണയ്ക്ക് വലിയ "ഭാവനയും" "സർഗ്ഗാത്മകതയും" ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ, രോഗികൾക്കും, വൃദ്ധർക്കും, തൊഴിലില്ലാത്തവർക്കും, ഭവനരഹിതർക്കും കുടിയേറ്റക്കാർക്കും, ദരിദ്രരും കഷ്ടപ്പെടുന്നവരും പാർശ്വവൽക്കരിക്കപ്പെട്ടവരും വീടും കുടുംബവും ആവശ്യമുള്ള കുട്ടികൾ തുടങ്ങി എല്ലാവർക്കും വേണ്ടി വ്യക്തിപരമായ തലത്തിൽ പോലും അതിരൂപതയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പാപ്പാ പ്രശംസിച്ചു. "ഇങ്ങനെയാണ് സഭ ഏറ്റവും സുവിശേഷാത്മകമായ മുഖം സ്വീകരിക്കുന്നത്, അത് നിസ്സംഗത പാലിക്കാൻ ആഗ്രഹിക്കാത്തവനും അറിയാത്തവനുമായ നല്ല സമരിയാക്കാരന്റെ മുഖമാണ് " എന്ന് പാപ്പാ പറഞ്ഞു. കാരുണ്യത്തിന്റെയും, എക്യുമെനിസത്തിന്റെയും ധീരത തന്നിൽ എങ്ങനെ ഏകീകരിക്കാമെന്ന് ബിഷപ്പ് തൈമിയെനിയെക്കിന് അറിയാമായിരുന്നു എന്ന് അനുസ്മരിച്ച പാപ്പാ കത്തോലിക്കാ സഭ അത് ഔദ്യോഗികമായി സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം എക്യുമെനിസത്തിന്റെ പാത തിരഞ്ഞെടുത്തു. അതിനാൽ, രൂപതയുടെ പ്രഥമ അജപാലകന്റെ ധൈര്യം സജീവമായി നിലനിർത്താനും സാഹോദര്യത്തിന് സാക്ഷ്യം വഹിക്കാനും Łódź അതിരൂപതയോടു ആഹ്വാനം ചെയ്തു.
പുറത്തേക്കിറങ്ങുന്ന സഭ
Ĺòdź സഭയിൽ കൂടുതൽ സാഹോദര്യ ബന്ധങ്ങൾ അനുഭവിക്കാനും വളർത്തിയെടുക്കാനും, പുളിമാവ് പോലെ മുഴുവൻ മാവും പുളിപ്പിക്കുന്നതും, കടുകുമണിയെപ്പോലെ ശക്തിയാർന്നതുമായ മനോഹരമായ പുറത്തേക്കിറങ്ങുന്ന ഒരു സഭയായിത്തീരാൻ വിശ്വാസ്യതയും ഒരുമയും സാക്ഷ്യത്തിന്റെ ആകർഷകമായ വീര്യവും താൻ നേരുന്നു എന്ന് ഫ്രാൻസിസ് പാപ്പാ ആശംസിച്ചു.
ജൂബിലി ആഘോഷങ്ങൾ Łódź സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ എന്നും ആശംസിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: