പാപ്പാ ഇറ്റലിയിലെ കൗമാരക്കാരുമായി കൂടിക്കാഴ്ച നടത്തി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജീവിതത്തിൽ അനുഭവപ്പെടുന്ന ഇരുളുകളെ നാം ഭയപ്പെടരുതെന്ന് മാർപ്പാപ്പാ.
ഉയിർപ്പുതിരുന്നാൾ കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്ച (18/04/22) വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വച്ച്, ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻസംഘത്തിൻറെ നേതൃത്വത്തിൽ അന്നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയിരുന്ന അമ്പതിനായിരത്തിലേറെ കൗമാരക്കാരുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാൻസീസ് പാപ്പാ അവരേകിയ സാക്ഷ്യങ്ങളെ അടിസ്ഥാനമാക്കി അവരോടു സംസാരിക്കുകയായിരുന്നു.
അന്ധകാരം നമ്മെ എല്ലാവരെയും ഭയത്തിലാഴ്ത്തുന്നു എന്ന യാഥാർത്ഥ്യത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ആ ഭയം നാം വെളിപ്പെടുത്തണമെന്നും ഭയപ്പാടുകളെ ഇല്ലായ്മ ചെയ്യാൻ ഇത് ആവശ്യമാണെന്നും വിശദീകരിച്ചു.
ഇരുളിലായിരിക്കുന്ന ഭയാശങ്കകൾ വെളിച്ചത്തിലേക്കു വരുമ്പോൾ സത്യം അനാവൃതമാകുന്നുവെന്ന് പാപ്പാ പറഞ്ഞു.
ആകയാൽ പ്രതിസന്ധികളുണ്ടാകുമ്പോൾ അവയെ വാക്കുകൾകൊണ്ട്, കുടുംബങ്ങളിൽ നിന്നു തുടങ്ങുന്ന സംഭാഷണങ്ങൾ കൊണ്ട്, പങ്കുവയ്ക്കലിലൂടെ വെളിച്ചത്തിലേക്കു കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
മൃത്യുവിനെ, ആത്മാവിൻറെ മരണത്തെ, ഭാവിയുടെ അന്ത്യത്തെ, ഹൃദയത്തിൻറെ അടച്ചിടലിനെ നാം ഭയപ്പെടണമെന്നും എന്നാൽ ജീവിതത്തെ പേടിക്കരുതെന്നും കാരണം അത് സുന്ദരവും ജീവിക്കേണ്ടതും അപരനു ദാനമായി നല്കേണ്ടതും മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതുമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ഇന്ന്, കോവിദ് 19 മഹാമരിയ്ക്കു പുറമെ, യൂറോപ്പ് ഭീകരമായ ഒരു യുദ്ധാവസ്ഥയിലാണെന്നും നമ്മുടെ കാലഘട്ടത്തെ ഇരുളിലാഴ്ത്തുന്ന കാർമേഘങ്ങൾ ഇപ്പോഴും സാന്ദ്രമാണെന്നും പാപ്പാ പറഞ്ഞു.
ലോകത്തിൻറെ നിരവധിയിടങ്ങളിൽ മനുഷ്യനെയും നമ്മുടെ ഗ്രഹത്തെയും നശിപ്പിക്കുന്ന അനീതികളും ആക്രമണങ്ങളും, ദൗർഭാഗ്യവശാൽ, നിർബ്ബാധം തുടരുകയാണെന്നും ഇതിനു കൂടുതലും വില നല്കേണ്ടിവരുന്നത് കൗമാരക്കാരാണെന്നും അവരുടെ അസ്തിത്വത്തെ അപകടത്തിലാക്കുന്നതു മാത്രമല്ല ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപനങ്ങൾ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ഉത്ഥാനവെളിച്ചം പാർത്തിരിക്കുന്നവർ ഇനിയും നിരവധിയാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.
ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ മക്കൾ സ്വാഭാവികമായും അമ്മയെ വിളിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ നമ്മളും മാതാവായ മറിയത്തിൻറെ മാദ്ധ്യസ്ഥ്യം തേടണമെന്ന് പറഞ്ഞു.
മറിയം യുവതിയായിരക്കെയാണ് ദൈവപുത്രൻറെ അമ്മയാകാനുള്ള വിളി ലഭിച്ചതെന്ന് അനുസ്മരിച്ച പാപ്പാ ആ ദൈവമാതാവ് ഇതാ ഞാൻ എന്നു പറയാൻ കൗമാരക്കാരെ പഠിപ്പിക്കട്ടെയെന്നും അവർക്ക് ധൈര്യത്തോടെ മുന്നേറാൻ കഴിയട്ടെയെന്നും പാപ്പാ തൻറെ പ്രഭാഷണത്തിൻറെ സമാപനത്തിൽ ആശംസിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: