തിരയുക

നൂർ സുൽത്താൻ (Nur-Sultan) , കസാഖ്സ്ഥാൻറെ തലസ്ഥാനം നൂർ സുൽത്താൻ (Nur-Sultan) , കസാഖ്സ്ഥാൻറെ തലസ്ഥാനം 

പാപ്പാ, കസാഖ്സ്ഥാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു!

സെപ്റ്റംബറിൽ നടക്കാൻപോകുന്ന ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പാ അവിടെ എത്തണമെന്ന തൻറെ അഭിവാഞ്ഛ പ്രകടിപ്പിച്ചിരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കസാഖ്സ്ഥാൻ സന്ദർശിക്കാനുള്ള തൻറെ ആഗ്രഹം പാപ്പാ വെളിപ്പെടുത്തി.

അന്നാടിൻറെ പ്രസിഡൻറ് കാസിം ജോമാർട്ട് തൊക്കയേവുമായി (Kassym-Jomart Tokayev) തിങ്കളാഴ്ച (11/04/22) നടത്തിയ വീഡിയൊ സംഭാഷണ മദ്ധ്യേയാണ് ഫ്രാൻസീസ് പാപ്പാ ഈ അഭിലാഷം പ്രകടിപ്പിച്ചതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസ്) മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി.

കസാഖ്സ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിൽ (Nur-Sultan) ഇക്കൊല്ലം സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പാ അവിടെ എത്തണമെന്ന തൻറെ അഭിവാഞ്ഛ പ്രകടിപ്പിച്ചത്.

2019 മാർച്ച് വരെ അസ്താന എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തിൽത്തന്നെയാണ് ഈ മതനേതാക്കളുടെ പ്രഥമ സമ്മേളനം 2003-ൽ നടന്നത്.

2002, ജനുവരിയിൽ ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ വിളിച്ചുകൂട്ടിയ, സമാധാനത്തിനു വേണ്ടിയുള്ള സർവ്വമത പ്രാർത്ഥനാ സമ്മേളനത്തിൻറെ മാതൃകയിലായിരുന്നു ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

"കോവിദ് 19 മഹാമാരിയന്തര കാലഘട്ടത്തിൽ നകുലത്തിൻറെ സാമൂഹിക-ആത്മീയ പുരോഗതിയിൽ ലോകമതങ്ങളുടെയും പരമ്പരാഗത മതങ്ങളുടെയും നേതാക്കളുടെ പങ്ക്" എന്ന പ്രമേയമാണ് ഭാവി സമ്മേളനം സ്വീകരിച്ചിരിക്കുന്നത്.

മതാന്തരസംഭാഷണ പരിപോഷണ വീക്ഷണത്തിൽ അതിയായ ആകാംക്ഷയോടെയാണ് താൻ ഈ സമ്മേളനം കാത്തിരിക്കുന്നതെന്നും ഇന്നത്തെ ദുഷ്കര ഭൂരാഷ്ട്രതന്ത്രാവസ്ഥയിൽ ലോകത്തെ ഐക്യത്തിലേക്കും ഏകതാനതയിലേക്കും നയിക്കുകയെന്നത് അടിയന്തിരപ്രാധാന്യം കൈവരിക്കുന്നുവെന്നും പാപ്പാ വീഡിയൊ സംഭാഷണ വേളയിൽ പറഞ്ഞു.

കസാഖ്സ്ഥാൻറെ നാനാത്വത്തിലുള്ള ഏകത്വം അന്നാടിൻറെ കെട്ടുറപ്പിൻറെ അടിസ്ഥാനമാണെന്ന് അനുസ്മരിച്ച പാപ്പാ തൻറെ പിന്തുണ ഉറപ്പേകുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഏപ്രിൽ 2022, 12:25