ദൈവകരുണയുടെ ഞായർ ദിനത്തിൽ  വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച തിരുനാൾ ദിവ്യബലി മദ്ധ്യേ പാപ്പാ വചനസന്ദേശം നൽകുന്നു. ദൈവകരുണയുടെ ഞായർ ദിനത്തിൽ വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച തിരുനാൾ ദിവ്യബലി മദ്ധ്യേ പാപ്പാ വചനസന്ദേശം നൽകുന്നു. 

പാപ്പാ : സ്വർഗ്ഗീയ കരുണ നമ്മെ മറ്റുള്ളവരുടെ സഹനത്തോടു തുറവുള്ളവരാക്കുന്നു

ദൈവകരുണയുടെ ഞായർ ദിനത്തിൽ വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച തിരുനാൾ ദിവ്യബലി മദ്ധ്യേ ഉത്ഥാനശേഷം ശിഷ്യന്മാർക്ക് യേശു നൽകിയ "നിങ്ങൾക്ക് സമാധാനം" എന്ന ഉദ്ബോധനത്തെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ വിചിന്തനം നടത്തിയത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മഹാമാരി പടർന്നു പിടിച്ചതിനു ശേഷം ആദ്യമായാണ് ദൈവകരുണയുടെ ഞായറാഴ്ച വി. പത്രോസിന്റെ ബസിലിക്കയിൽ ആഘോഷിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും വത്തിക്കാനടുത്തുള്ള പരിശുദ്ധാത്മാവിന്റെ ദേവാലയത്തിലാണ് ദിവ്യബലി അർപ്പിച്ചിരുന്നത്. നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ലാ മുഖ്യകാർമ്മികനായ ദിവ്യബലിയിൽ സംബന്ധിച്ചു കൊണ്ട് പാപ്പാ സുവിശേഷ പ്രഘോഷണം നടത്തുകയാണ് ചെയ്തത്.

തന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം യേശു"നിങ്ങൾക്ക് സമാധാനം" എന്ന് മൂന്നുവട്ടം ശിഷ്യരോടു ആവർത്തിച്ചതിനെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പാപ്പായുടെ സുവിശേഷ പ്രഘോഷണം. ആ വാക്കുകളിൽ, ദൈവത്തിന്റെ കരുണ "സന്തോഷം നൽകുന്നതും, പിന്നെ ക്ഷമിക്കുന്നതും അവസാനം എല്ലാ ബുദ്ധിമുട്ടുകളിലും ആശ്വാസം പകരുന്നതു"മായി ക്രൈസ്തവർ കണ്ടെത്തുന്നുവെന്ന് പാപ്പാ പറഞ്ഞു.

നമ്മെ സന്തോഷം കൊണ്ടു നിറയ്ക്കുന്നു.

ഉയിർപ്പു തിരുനാളിന്റെ സായാഹ്നത്തിൽ (യോഹ. 20) ആദ്യമായി യേശു ആ വാക്കുകൾ പറഞ്ഞപ്പോൾ ശിഷ്യഗണം സന്തോഷത്താൽ നിറഞ്ഞു. തങ്ങളുടെ ഗുരുവിനെ ഉപേക്ഷിച്ചതിലുള്ള "തോൽവിയുടെ മനോഭാരത്താ"ലും അവന്റെ ഏറ്റം ദാരുണമായ മണിക്കൂറിൽ പോലും അവനെ നിഷേധിച്ചതിലും യേശുവിന്റെ മരണശേഷം മൂന്ന് ദിവസം  അവർ പേടിച്ചു വിറച്ചു കഴിയുകയായിരുന്നു. ഈ അവസ്ഥയിൽ, യേശുവിന്റെ മുഖം കണ്ടപ്പോൾ അവർക്ക് ലജ്ജയായിരുന്നു തോന്നേണ്ടിയിരുന്നത് എന്നിരുന്നാലും, സമാധാനം എന്ന അവന്റെ അഭിവാദനം അവരിൽ തന്നെയുള്ള ശ്രദ്ധയിൽ നിന്ന് യേശുവിലേക്ക് അവരുടെ  ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയെന്ന് പാപ്പാ പറഞ്ഞു. 

"അവർ ചെയ്തതിന്റെ പേരിൽ  അവരെ ക്രിസ്തു നിന്ദിച്ചില്ല, മറിച്ച് തന്റെ പതിവു കരുണ കാണിക്കുകയാണ് ചെയ്തത്. ഇത് അവരെ ജീവസ്സുറ്റവരാക്കി, അവർക്ക് നഷ്ടപ്പെട്ട സമാധാനം കൊണ്ട് അവരുടെ ഹൃദയം നിറക്കുകയും, ഒരിക്കലും അർഹതയില്ലാതിരുന്ന ഒരു മാപ്പിനാൽ ശുദ്ധീകരിക്കപ്പെട്ട് പുതിയ വ്യക്തികളാക്കുകയും ചെയ്തു."

യേശു കൊണ്ടുവന്ന സന്തോഷം നമ്മുടെ തന്നെ തോൽവികളിലൂടെ കടന്ന് ദൈവത്തിന്റെ കരുണയെ പുണരാനും ക്ഷമിക്കപ്പെട്ടു എന്ന സന്തോഷം അനുഭവിക്കാനും ഇടയാക്കുന്നു. "നമ്മെ അപമാനിക്കാതെ ഉയർത്തെഴുന്നേൽപ്പിക്കുന്ന ഒരു സന്തോഷം "  യേശു നമുക്ക്  പ്രദാനം ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നമുക്ക് മാപ്പേകുന്നു

രണ്ടാമത്തെ വട്ടം "നിങ്ങൾക്ക് സമാധാനം" എന്ന് പറഞ്ഞ യേശു അതോടൊപ്പം" പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങ്ങളെ അയക്കുന്നു" എന്ന് കൂട്ടിച്ചേർത്തു എന്ന് പാപ്പാ വിശദീകരിച്ചു. ദൈവത്തിന്റെ ക്ഷമ സ്വീകരിച്ചതിനു ശേഷം ശിഷ്യരെ "തങ്ങൾക്ക് ലഭിച്ച കരുണ " മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ "അനുരഞ്ജനത്തിന്റെ വക്താക്കളാക്കി" എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

"സ്വയം ചില അധികാരങ്ങൾ കൈവശമുള്ളവനായല്ല മറിച്ച് കാരുണ്യത്തിന്റെ നീർച്ചാലായി സ്വയം കാണുന്ന, തനിക്ക് ആദ്യം ലഭിച്ച പാപമോചനം മറ്റുള്ളവർക്ക് മേൽ ചൊരിയുന്ന കാരുണ്യവാനായ കുമ്പസാരക്കാരന്റെ വിനീതമായ നന്മയിലൂടെ, ഇന്നും എന്നും സഭയിൽ ക്ഷമ ഇതേ രീതിയിൽ തന്നെ സ്വീകരിക്കപ്പെടണം " എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  മനുഷ്യ സമൂഹത്തിനു മുഴുവനും അനുരഞ്ജനത്തിന്റെ അടയാളവും ഉപകരണങ്ങളുമാക്കിക്കൊണ്ട് സഭ മുഴുവനെയും യേശു കരുണ ചൊരിയുന്ന ഒരു സമൂഹമാക്കി മാറ്റി എന്നും നാം ഓരോരുത്തരും നമുക്ക് ചുറ്റിലുമുള്ളവരിലേക്ക് ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും  ദൈവത്തിന്റെ കരുണ വ്യാപിപ്പിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമുക്ക് ആശ്വാസം പകരുന്നു

തോമാ യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചുള്ള അവിശ്വാസം പ്രകടിപ്പിച്ചതിനുശേഷമാണ് അവസാനമായി യേശു തന്റെ സമാധാന ആശംസ നൽകുന്നത്. അവനെ ശാസിക്കുന്നതിനു പകരം യേശു തോമയുടെ സഹായത്തിനെത്തുകയും തന്റെ വിലാവിൽ വിരലിടാൻ അനുവദിക്കുകയുമായിരുന്നു. " തോമയോടു പരുഷമായി പെരുമാറുന്നില്ല. അപ്പോസ്തലൻ ഈ ദയയാൽ അഗാധമായി മനസ്സിളകി 'എന്റെ കർത്താവെ, എന്റെ ദൈവമേ എന്ന് '  ഏറ്റം ലളിതവും മികച്ചതുമായ വിശ്വാസ പ്രഖ്യാപനം നടത്തി"  എന്നാണ് പാപ്പാ വിവരിച്ചത്. തോമായുടെ കഥയോടും അവിശ്വാസത്തോടും ഓരോ ക്രൈസ്തവനും ബന്ധപ്പെടാൻ കഴിയും. യേശു നമ്മുടെയടുത്തും ഹൃദയം ചൂടുപിടിപ്പിക്കുന്ന അവന്റെ കരുണയുടെ അടയാളവുമായി വരികയും അവന്റെ മുറിവുകൾ സമർപ്പിച്ചു കൊണ്ട് നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുവെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ദൈവീക കരുണ നമ്മെ മറ്റുള്ളവരുടെ വേദനകളിലേക്ക് തുറക്കുന്നു

അതേ സമയം നമുക്കുണ്ടാകുന്ന ദൈവത്തിന്റെ കരുണയുടെ അനുഭവം നമ്മുടെ സഹോദരീ സഹോദരരുടെ മുറിവുകൾ കാണാൻ നമ്മെ സഹായിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. "നമ്മൾ അനുഭവിക്കുന്ന വേദനകളും, സഹന സാഹചര്യങ്ങളും അസഹ്യമാണ് എന്ന് നാം ചിന്തിക്കുമ്പോൾ, നമുക്കു ചുറ്റുമുള്ളവർ അതിനെക്കാൾ വലിയ സഹനങ്ങൾ നിശബ്ദരായി അനുഭവിക്കുന്നത് പെട്ടെന്ന് നാം കണ്ടെത്തും." "നാം നമ്മുടെ അയൽക്കാരന്റെ മുറിവുകളെ പരിചരിക്കുകയും അവരിൽ കരുണയുടെ ലേപനം ഒഴുക്കുകയും ചെയ്താൽ, നമ്മുടെ തളർച്ചയിൽ നമ്മെ സമാശ്വസിപ്പിക്കുന്ന  ഒരു പ്രത്യാശ നമ്മിൽ പുനർജ്ജനിക്കുന്നത് നാം കണ്ടെത്തും," പാപ്പാ പറഞ്ഞു.

നമുക്ക് ചുറ്റും സഹനങ്ങളിൽ കഴിയുന്നവരായി കണ്ടെത്തുന്നവർക്ക് സഹായഹസ്തം നൽകിയോ അവരെ ശ്രവിക്കുയോ ചെയ്തു കൊണ്ടും ദൈവീക കരുണയുടെ ഞായർ ഓരോരുത്തരും സ്വന്തമാക്കാൻ എല്ലാ ക്രൈസ്തവരേയും ആഹ്വാനം ചെയ്തുകൊണ്ടുമാണ്  ഫ്രാൻസിസ് പാപ്പാ തന്റെ സുവിശേഷ പ്രഭാഷണം അവസാനിപ്പിച്ചത്. 

"ജീവിതത്തിന്റെ പരീക്ഷണങ്ങളാൽ ഭാരം ചുമക്കുന്ന എല്ലാവരുടെയും കണ്ണുകളിൽ നിന്ന്  അവൻ നമ്മെ കരുണയോടെ നോക്കുകയും നമ്മോടു ഒരിക്കൽ കൂടെ പറയുകയും ചെയ്യുന്നു "നിങ്ങൾക്ക് സമാധാനം."

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2022, 14:10