പാപ്പാ: കായികവിനോദം വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്കുള്ള ഉപാധി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രതിസന്ധികൾക്കു മുന്നിൽ സ്തംഭിച്ചു നിൽക്കാതെ അവയെ നിശ്ചയദാർഢ്യത്തോടും ദൈവാശ്രയബോധത്തോടും ആത്മവിശ്വാസത്തോടുംകൂടെ മറികടക്കുക എന്നത് എല്ലാ പ്രാർക്കാരെ സംബന്ധിച്ചും സുപ്രധാനമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
റോമിൽ 1872-ൽ സ്ഥാപിതമായ കായികവിനോദ-സാംസ്കാരിക സമിതിയായ “റെയാലെ ചീർക്കൊളൊ കനൊത്തിയേരി തേവെരെ റേമൊയുടെ” (Il Reale Circolo Canottieri Tevere Remo) നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത സംഘടനയുടെ നൂറോളം പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്‌ച (09/04/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ആരോഗ്യകരമായ മത്സരത്തിൻറെയും സൗഹൃദത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും മൂല്യങ്ങൾ കായിക വിനോദത്തിലൂടെ പരിപോഷിപ്പിക്കാൻ കായികാഭ്യാസികൾ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
കായികാഭ്യാസത്തെ ശാരീരിക സുസ്ഥിതിയുടെ ഘടകമായി മാത്രമല്ല, ധീരമായ ഒരു ആദർശമായും, വ്യക്തിയുടെ സമഗ്രമായ വളർച്ചയ്ക്കുള്ള ഉപാധിയായും വിഭാവനം ചെയ്യുന്ന ഒരു കായിക സംസ്കാരം പ്രസരിപ്പിക്കുകയെന്നതാണ് ഇതിൻറെ വിവക്ഷയെന്നും പാപ്പാ വ്യക്തമാക്കി.
വർഷങ്ങളായിട്ട് ഈ സമിതി മാനുഷിക രൂപീകരണത്തിനുള്ള ഒരു കളരിയാണെന്ന വസ്തുതയും അനുസ്മരിച്ച പാപ്പാ എല്ലാപ്രായത്തിലുള്ളവർക്കും, അതായത് കുട്ടികൾക്കും ചെറുപ്പക്കാർക്കും മുതിർന്നവർക്കും സത്യത്തോടുള്ള സ്നേഹവും നീതിയും സൃഷ്ടിയോടുള്ള ആദരവും മനോഹാരിതയുടെയും നന്മയുടെയും ആസ്വാദനവും സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായുള്ള അന്വേഷണവും എന്നീ അത്യന്താപേക്ഷിത മൂല്യങ്ങൾ വിവിധ കായിക ഇനങ്ങളിലൂടെ നട്ടു വളർത്തുന്നതിന് പ്രചോദനം പകർന്നു.
കായിക വിനോദത്തിൻറെ ധാർമ്മിക ശക്തിയ്ക്ക് സാക്ഷ്യമേകുകയെന്നത് ഈ സമിതി പോലുള്ള യാഥാർത്ഥ്യങ്ങളുടെ കടമയാണെന്നും, അത് ശരിയായി ജീവിച്ചാൽ, അവ, നല്ല സൗഹൃദങ്ങൾ സ്ഥാപിക്കാൻ സഹായകമാകുകയും പരസ്പരം പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന കൂടുതൽ ശാന്തവും സാഹോദര്യവുമായ ഒരു ലോകത്തിന്റെ നിർമ്മിതിക്ക് അനുകൂലമായി ഭവിക്കുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.
വിശ്വസ്തതയോടും ആരോഗ്യകരമായ മത്സര മനോഭാവത്തോടും കൂടി വേണം കായികവിനോദ പരിശീലനത്തിലേർപ്പെടേണ്ടതെന്നും അത് ശ്രമകരമായ ജീവിത മത്സരത്തെ ധൈര്യത്തോടും സത്യസന്ധതയോടും സന്തോഷത്തോടും പ്രശാന്തമായ ഭാവിയിലുള്ള വിശ്വാസത്തോടുംകൂടി നേരിടാൻ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.
“റെയാലെ ചീർക്കൊളൊ കനൊത്തിയേരി തേവെരെ റേമൊയുടെ” അദ്ധ്യക്ഷൻ ഉക്രൈയിനിൽ അരങ്ങേറുന്ന ക്രൂരതയെക്കുറിച്ച് പരാമർശിച്ചത് അനുസ്മരിച്ച പാപ്പാ കായികവിനോദത്തിൻറെ ചൈതന്യം ഇത്തരത്തിലുള്ള ക്രൂരതകളിൽ നിപതിക്കാതിരിക്കാനുള്ള ഒരുക്കമാണെന്നും മാനവ മൈത്രി ഊട്ടിവളർത്തുന്നത് ഇത്തരത്തിലുള്ള ദുരന്തങ്ങളിൽ വീണുപോകാതിരിക്കാൻ നമ്മെ ഒരുക്കമുള്ളവരാക്കുകയും ഈ ദുരന്തത്തിനിരകളായ ജനങ്ങളെ ഓർക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: