പാപ്പാ: കരുണയുടെ പ്രേഷിതർ സഭയിൽ സവിശേഷോപാധി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കാരുണ്യത്തിൻറെ പ്രേഷിതർ ദൈവിക സാന്നിദ്ധ്യത്തിൻറെ കൂദാശയാണെന്ന് മാർപ്പാപ്പാ.
റോമിൽ ശനിയാഴ്‌ച മുതൽ തിങ്കളാഴ്ച (23-25/04/22) വരെ സംഘടിപ്പിക്കപ്പെട്ട കാരുണ്യ പ്രേഷിതരുടെ മൂന്നാം ആഗോള സമ്മേളനത്തിൽ സംബന്ധിച്ച ആയിരത്തോളം പേരെ അതിൻറെ സമാപനദിനമായിരുന്ന തിങ്കളാഴ്ച (25/04/22) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച് സംബോധനചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ദൈവത്തിൻറെ സ്വരമായി മാറുകയും അവിടത്തെ കാരുണ്യവദനം ആവിഷ്ക്കരിക്കുകയും ചെയ്യേണ്ടവരാണ് കാരുണ്യത്തിൻറെ പ്രേഷിതരെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവം ആരാണെന്ന് എനിക്കു മനസ്സിലായി, ഞാൻ ദൈവത്തെ കേട്ടു എന്ന് കരുണയുടെ പ്രേഷിതനെ കണ്ടുമുട്ടുന്ന ഒരാൾക്ക് പറയാൻ കഴിയണമെന്നും കരുണയുടെ പ്രേഷിതർ ഉദാരതയോടെ സദാ മാപ്പേകണമെന്നും അത് നാളത്തേക്കു മാറ്റിവയ്ക്കരുതെന്നും പാപ്പാ പറഞ്ഞു.
കരുണയുടെ പ്രേഷിതർ ഒരു താല്ക്കാലിക പ്രസ്ഥാനമല്ലെന്നും അവർ സഭാഘടനയിൽ ഉണ്ടെന്നും സഭയിൽ ഒരു സവിശേഷ ഉപകരണമാണ് അവരെന്നും അതുകൊണ്ടു തന്നെയാണ് സുവിശേഷ പ്രഘോഷണത്തെ അധികരിച്ചുള്ള “പ്രെദിക്കാത്തെ എവഞ്ചേലിയും” (Praedicate Evangelium) എന്ന അപ്പൊസ്തോലിക പ്രമാണ രേഖയിൽ അവരെ താൻ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.
ദൈവികകരുണയുടെ ശക്തമായ ഉപകരണമായിരിക്കുക എന്ന ശുശ്രൂഷാദൗത്യം താൻ ഭരമേല്പിച്ച കരുണയുടെ പ്രേഷിതരുമായുള്ള കൂടിക്കാഴ്ച നടത്താൻ കഴിയുന്നതിലും അവരുടെ സംഖ്യ വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിലുമുള്ള തൻറെ സന്തോഷവും പാപ്പാ വെളിപ്പെടുത്തി.
“കരുണയുടെ പ്രേഷിതൻ: സ്വീകരണത്തിൻറെ അടയാളം” എന്നതായിരുന്നു കരുണയുടെ പ്രേഷിതരുടെ മൂന്നാ ലോകസമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
2016-ലാണ് ഫ്രാൻസീസ് പാപ്പാ കാരുണ്യ പ്രേഷിതസംഘത്തിന് രൂപം നല്കിയത്. ഇന്ന് ലോകത്തിൽ ഈ പ്രേഷിതരുടെ സംഖ്യ 1040 ആണ്.
കാരുണ്യ പ്രേഷിതരുടെ സ്ഥാപന വർഷമായ 2016-ലും പിന്നീട് 2018-ലുമായിരുന്നു ഇവരുടെ ആദ്യ രണ്ടു സമ്മേളനങ്ങൾ നടന്നത്. 2020-ൽ നടക്കേണ്ടിയിരുന്ന മൂന്നാം സമ്മേളനം, ലോകമെങ്ങും വ്യാപിച്ച കോവിദ് 19 മഹാമാരി മൂലം മാറ്റി വയ്ക്കുകയായിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: