തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു” : നല്ല സ്വപ്നങ്ങൾ സാക്ഷാത്കൃതമാക്കാ൯ പ്രത്യാശ, ക്ഷമ, സമർപ്പണം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 142ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ശബ്ദരേഖ

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ  ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

142. നിങ്ങളുടെ പ്രത്യാശയെയും സ്വപ്നങ്ങളെയും പിന്തുടരുക. എന്നാൽ നമ്മെ പിന്നിലേക്ക് വലിക്കുന്ന ഒരു പ്രലോഭനത്തെ കുറിച്ച് ജാഗ്രതയുള്ളവരാകുക അത് ആകുലതയാണ്. ക്ഷിപ്രഫലങ്ങൾ കാണാത്തപ്പോഴെല്ലാം ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ആകുലത നമുക്കെതിരെ പ്രവർത്തിക്കുന്നു. നമ്മുടെ ഏറ്റവും നല്ല സ്വപ്നങ്ങൾ സാക്ഷാത്കൃതമാകുന്നത് പ്രത്യാശയിലൂടെയും ക്ഷമാ ശീലത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ്. ധൃതി പിടിക്കലിലൂടെ അല്ല. അതേ സമയം തെറ്റി പോകും എന്ന് ഭയപ്പെട്ട് അനിശ്ചിതത്വം പുൽകാൻ നാം അറച്ചു നിൽക്കുകയുമരുത്. ശവസമാന ജീവിതം ഉപേക്ഷിക്കുക. അങ്ങനെയുള്ളവർക്ക് ജീവനില്ല. കാരണം അപകടസാധ്യതകൾ ഏറ്റെടുക്കാനും, തെറ്റു വരുത്താനും സമർപ്പണങ്ങളിൽ ഉറച്ചു നിൽക്കാനും ധൈര്യമില്ല. നീ തെറ്റ് ചെയ്താലും എപ്പോഴും നിനക്ക് എഴുന്നേൽക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യാം കാരണം നിന്റെ പ്രത്യാശ തട്ടിപ്പറിക്കാൻ ആർക്കും അവകാശമില്ല. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

നല്ല സ്വപ്നങ്ങൾ സാക്ഷാത്കൃതമാകുന്ന പ്രത്യാശ

നാം അറിയാതെ നമ്മിൽ അന്തർലീനമായ ഒരു പ്രത്യാശയുണ്ട്. അതിലാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. നാളെ നാം ഉണരും എന്ന  പ്രത്യാശയിലാണ് ഇന്നിന്റെ രാവിനെ നാം സ്വീകരിക്കുന്നത്. നാളെ പൂ വിടരും എന്ന പ്രത്യാശയിലാണ് ചെടി നാം നട്ടു പിടിപ്പിക്കുന്നത്.  നാം കേറിയിരിക്കുന്ന ബസ് സുരക്ഷിതമായി നമ്മെ കൂട്ടിലെത്തിക്കുമെന്ന പ്രത്യാശയിലാണ് നാമൊക്കെ യാത്ര ചെയ്യുന്നത്. വാങ്ങുന്ന ഭക്ഷണപഥാർത്ഥങ്ങളിൽ വിഷമില്ലെന്ന പ്രത്യാശയിലാണ് നാം ഒരു പരിചയവുമില്ലാത്ത ഒരാളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി കഴിക്കുന്നത്. എന്തിനു മാസത്തിന്റെ അന്ത്യത്തിൽ വേതനം ലഭിക്കുമെന്ന പ്രത്യാശയിലാണ്  മാസം മുഴുവൻ നാം അധ്വാനിക്കുന്നത്. ഇങ്ങനെ നാമെല്ലാവരും പ്രത്യാശയിൽ തന്നെ ജീവിക്കുന്നു. ഇതൊക്കെ സത്യമാണെങ്കിൽ തന്നെയും ചില സമയങ്ങളിൽ നാം നമ്മിൽ പ്രത്യാശയില്ലാത്തതു പോലെ സംസാരിക്കാറുണ്ട്, പെരുമാറാറുണ്ട്. മറ്റുള്ളവരുടെ പ്രത്യാശയെ പോലും കെടുത്തിക്കളയാറുമുണ്ട്. നാം പ്രതീക്ഷിച്ച ചിലതൊക്കെ നടന്നില്ലെങ്കിൽ നാം വളരെ നിരാശരായി തീരും. നമ്മുടെ സ്വപ്നങ്ങൾക്കും ധാരണകൾക്കും വ്യത്യസ്ഥമായി എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ പ്രത്യാശയെ നാം സംസ്കരിക്കും. എന്നിട്ടു അതിന്റെ കല്ലറയുടെ മുന്നിൽ നിന്ന് നാം വിലാപഗാനവുമാലപിക്കും. ഇത് കൂടുതലും സംഭവിക്കുന്നത് യുവജനങ്ങളിലാണ്.

നിരാശയിൽ ജീവിക്കുന്ന നിരവധി യുവജനങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നുണ്ട്.  നിരാശയിൽ നിന്നും എഴുനേൽക്കാൻ കഴിയാതെ ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ച യുവജനങ്ങളുടെ  കണക്കുകൾ നമുക്ക്  അറിയാൻ കഴിഞ്ഞിട്ടുണ്ടാകാം. 2020ൽ ഇന്ത്യയിൽ പ്രതിദിനം 31 കുട്ടികൾ ആത്മഹത്യ ചെയ്തു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020-ൽ 11,396 കുട്ടികൾ ആത്മഹത്യ ചെയ്തു, 2019-ൽ 9,613-ൽ നിന്ന് 18 ശതമാനം വർധനയും 2018-ൽ 9,413-ൽ നിന്ന് 21 ശതമാനം വർധനവുമുണ്ട്. ആത്മഹത്യയുടെ പിന്നിൽ കാരണങ്ങൾ പലതുണ്ടാകാം. പക്ഷെ ചില ആത്മഹത്യകളിൽ കാരണങ്ങൾ ഒന്നുമില്ലാത്തതും ഒരു കാരണമായി കണ്ട ആത്മഹത്യകളും സംഭവിച്ചിട്ടുണ്ട്. വീഡിയോയിൽ ലൈക് കുറഞ്ഞു പോയെന്നു പറഞ്ഞു ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എങ്ങനെയാണ് ഈ ആത്മഹത്യകളുടെ പിന്നിലുള്ള നിരാശയെ നമുക്ക് കണ്ടെത്താൻ കഴിയുന്നത്. ഇഷ്ട്ടപ്പെട്ട ചാനൽ മാറ്റിയെന്ന പേരിൽ, റിമോട്ട് ചോദിച്ചിട്ടു നൽകാത്തതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്തവരുമുണ്ട്. ഇത് കൂടാതെയാണ് പ്രണയ നൈരാശ്യം, ദാരിദ്ര്യം, വഞ്ചന, ചതി എന്നിവ കാരണം ആത്മഹത്യ ചെയ്യുന്നവരുടെ കഥ.  ചെറുതും വലതുതുമായ കാര്യങ്ങളുടെ മുന്നിൽ  ജീവിതത്തിൽ തോറ്റുകൊടുക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ് നിരാശ. സജീവമായി ജീവിക്കാൻ നൽകിയ ജീവനെ നശിപ്പിക്കാനാണോ  ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്? 

ജീവിതത്തെ നമുക്ക് സജീവമാക്കാൻ കഴിയണം. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്ന് വചനം പറയുന്നു.  ഇവിടെ ശവസമാന ജീവിതം ഉപേക്ഷിക്കുക എന്ന പാപ്പായുടെ വാക്കുകളെ കുറിച്ചും നമുക്ക് ചിന്തിക്കാം. നമ്മുടെ ജീവിതത്തെ പ്രത്യാശയുള്ള കണ്ണുകൾ കൊണ്ട് കാണുവാൻ കഴിയണം. പ്രത്യാശ നമുക്ക് എവിടെ നിന്നും വാങ്ങാൻ കഴിയുന്ന ഒന്നല്ല. നമ്മുടെയുള്ളിൽ ദൈവം നിക്ഷേപിച്ച പ്രത്യാശ എന്ന പുണ്യത്തെ ഉണർത്തി അതിനോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് നമുക്ക്  നമ്മുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ സാധിക്കുന്നത്. എല്ലാറ്റിലും ഫുൾ സ്റ്റോപ്പിടാൻ എളുപ്പമാണ്. എന്നാൽ വെല്ലുവിളികളുടെ കോമകൾ ഇട്ടു പോകുമ്പോഴാണ് നമ്മുടെ സാധ്യതകളുടെയും, നമുക്ക് ഈ ലോകത്തിനു നൽകാൻ കഴിയുന്ന വിസ്മയങ്ങളുടെ  ആശ്ചര്യചിഹ്നങ്ങളിലേക്ക്  (Exclamation mark)  നമുക്കെത്താൻ കഴിയുന്നത്. അത് കൊണ്ട് ജീവിതത്തിൽ പ്രത്യാശയുള്ളവരായിക്കാം. ജീവിതത്തിൽ ദുരിതങ്ങൾ ഓരോന്നായി ആഞ്ഞടിച്ചപ്പോൾ നിരാശപ്പെട്ടു ജീവിതം അവസാനിച്ചിരുന്നെങ്കിൽ  നാം കാണുന്ന നമ്മുടെ പ്രിയപ്പെട്ട പലരും ഇന്നുണ്ടാവില്ലായിരുന്നു. അഹിംസയിലൂടെ നിരന്തരം യുദ്ധം ചെയ്തത് കൊണ്ടാണ് മഹാത്മാ ഗാന്ധിക്ക് ഭാരതത്തിനു സ്വാതന്ത്ര്യം വാങ്ങി തരാൻ  കഴിഞ്ഞത്. പ്രത്യാശ നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കും. കവി പറയുന്നത് പോലെ ഒരു പൂ വിരിയുന്നത് കണ്ടു കൊണ്ട് വസന്തം ആരംഭിച്ചുവെന്നോ ഒരു പൂ കൊഴിയുന്നത് കൊണ്ട് വസന്തം അവസാനിച്ചെന്നും ഓർക്കരുത്. പ്രകൃതിയിൽ മാറ്റം സംഭവിക്കുന്നത് പോലെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിക്കും. ഒരു വാതിലൂടെ നാം കേറുന്നത് പോലെയല്ല നാം ഇറങ്ങുന്നത്. ഒരേ വാതിലിൽ കൂടിയാണ് നാം കേറുന്നതും പുറത്തു വരുന്നതും എങ്കിലും നമ്മുടെ ചലനങ്ങൾ നമ്മിൽ അറിയാതെ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാറ്റങ്ങൾ നമ്മുടെ പ്രത്യാശയെ ഒന്ന് കൂടി പ്രകാശിപ്പിച്ചേക്കാം. അത് കൊണ്ട് പ്രത്യാശയില്ലാത്തവരായി നാം കഴിയരുത്. നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പ്രത്യാശയുള്ളവരായി നമുക്ക് ജീവിക്കാൻ സാധിക്കണം. നഷ്ടങ്ങളായി തോന്നുന്നവ നിറവിന്റെ സൂചനകളാവാം എന്ന് ബോബി ജോസച്ചൻ പറയുന്നത് പ്രത്യാശയുടെ വഴിയിലേക്ക് ചരിക്കുവാൻ  നമ്മെ വിളിക്കുന്ന ശബ്ദമാണ്.

നല്ല സ്വപ്നങ്ങൾ സാക്ഷാത്കൃതമാകുന്ന ക്ഷമ

ദേഷ്യപ്പെടാതെ എന്തെങ്കിലും കാത്തിരിക്കാനോ മടുപ്പിക്കുന്ന എന്തെങ്കിലും സഹിക്കാനോ ഉള്ള ഒരു വ്യക്തിയുടെ കഴിവാണ് ക്ഷമ. പൊതുസ്ഥലങ്ങളിൽ നമ്മുടെ പേര്  വരുന്നതുവരെ കാത്തിരിക്കാനോ, ഒരു കൊച്ചുകുട്ടിയുടെ കോപത്തെ നേരിടാനോ, പല്ലുകുത്തികൾ കൊണ്ട് ഒരു വീട് പണിയാനോ വളരെയധികം ക്ഷമ ആവശ്യമാണ്. ക്ഷമയോടെയിരിക്കുക എന്നതിനർത്ഥം നമുക്ക് ശാന്തമായിരിക്കാൻ കഴിയും എന്നാണ്. മന്ദഗതിയിലുള്ളവ കൈകാര്യം ചെയ്യുമ്പോൾ, എന്നേക്കുമായി  കാത്തിരിക്കേണ്ട ചില സാഹചര്യങ്ങൾ നമ്മുടെ ക്ഷമ പരിശോധിച്ചേക്കാം. ഉദാഹരണത്തിന് ഒരു കാര്യം  എങ്ങനെ ചെയ്യണമെന്ന് ആരെയെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കുകയും എന്നാൽ അവർക്ക് നാം പഠിപ്പിക്കുന്നത് ഗ്രഹിക്കാതെയും വരുമ്പോൾ അവർ മനസ്സിലാക്കുന്നത് വരെ നാം ക്ഷമയുള്ളവരായിരിക്കേണ്ടി വരും.

ക്ഷമ എന്ന പുണ്യത്തിൽ സ്വീകാര്യതയും സഹിഷ്ണുതയും ഉൾപ്പെടുന്നു.  അങ്ങനെയെങ്കിൽ നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിന്നായി, നമ്മുടെ ലക്ഷ്യത്തിൽ എത്തി ചേരുന്നതിനായി നാം എത്രത്തോളം ക്ഷമയുള്ളവരായിരിക്കണം.  ഒരു രോഗം വരുമ്പോൾ നാം ആശുപത്രിയിൽ ചെല്ലുന്നു. അപ്പോൾ തന്നെ നമുക്ക് സുഖം കിട്ടുമെന്ന് നാം വാശിപിടിക്കാറില്ല. ഒരു ചെറു മുറിവ് പോലും ഉണങ്ങാൻ നാളുകൾ വേണ്ടി വരുമ്പോൾ നമ്മുടെ ജീവിതത്തിന്റെ സ്വപ്നങ്ങളെ പൂവണിയിക്കാൻ നാമെത്ര ക്ഷമയുള്ളവരായിരിക്കണം. അത് കൊണ്ടാണ് പാപ്പാ നമ്മുടെ ഏറ്റവും നല്ല സ്വപ്നങ്ങൾ സാക്ഷാത്കൃതമാകുന്നത് പ്രത്യാശയിലൂടെയും ക്ഷമാ ശീലത്തിലൂടെയും സമർപ്പണത്തിലൂടെയുമാണ് എന്ന് എഴുതുന്നത്. ധൃതി പിടിക്കലിലൂടെ അല്ല. അതേ സമയം തെറ്റി പോകും എന്ന് ഭയപ്പെട്ട് അനിശ്ചിതത്വം പുൽകാൻ നാം അറച്ചു നിൽക്കുകയുമരുതെന്ന് എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർക്കുന്നു. ഇടവഴികളിൽ വെച്ച് നമ്മുടെ ലക്ഷ്യത്തെ ഉപേക്ഷിക്കരുത്. വലിയ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ്, ഉലഞ്ഞ് നിൽക്കുന്ന ചെടിക്കു മാത്രമേ വൃക്ഷമാകാൻ കഴിയൂ.

പ്രക്ഷുബ്ധമായ കടൽ  ശക്തരായ നാവികരെ ഉണ്ടാക്കുന്നു, ദുഷ്‌കരമായ സമയങ്ങൾ  മഹത്‌വ്യക്തികളെ സൃഷ്ടിക്കുന്നു എന്ന് കനേഡിയൻ എഴുത്തുകാരനായ റോബിൻ ശർമ്മ  പറഞ്ഞിട്ടുണ്ട്. പ്രഭാതം ഉണരുന്നത് പോലെയാണ് നമ്മുടെ സ്വപ്നങ്ങളുടെ പൂക്കാലവും ഉണ്ടാകുന്നത്. ക്ഷമയോടെ അധ്വാനിക്കാം. നമ്മുടെ അധ്വാനത്തിനും കാത്തിരിപ്പുകൾക്കും ഒരിക്കലും ഫലമില്ലാതെ പോകുകയില്ല.  

നല്ല സ്വപ്നങ്ങൾ സാക്ഷാത്കൃതമാകുന്ന സമർപ്പണം

ഒരു പ്രവർത്തനത്തിലേക്ക് നമ്മെത്തന്നെ ബൗദ്ധികമായോ വൈകാരികമായോ ബന്ധിപ്പിക്കുന്ന പ്രവൃത്തിയെ പ്രതിബദ്ധതയെന്നോ സമർപ്പണമെന്നോ വിളിക്കാം.  ഒരു  വ്യക്തിക്ക് വേണ്ടിയോ അല്ലെങ്കിൽ ഒരു കാര്യത്തിന് വേണ്ടിയോ  നമുക്ക് നമ്മെ തന്നെ സമർപ്പിക്കാൻ കഴിയും. പ്രതിബദ്ധത നമ്മെ എന്തെങ്കിലും ചെയ്യാൻ ബാധ്യസ്ഥരാക്കുന്നു. ഒരു വ്യക്തിയുടെ ജീവിത വിജയത്തിന്റെ പിന്നിൽ സമർപ്പണത്തിനു വലിയ വിലയുണ്ട്. നമ്മുടെ തൊഴിലിനോടും, ഉത്തരവാദിത്വത്തോടും, നമ്മെ ഏൽപ്പിച്ചിരിക്കുന്ന വ്യക്തികളോടും നമുക്ക് അർപ്പണബോധം വേണം.

കപടതകൾ നിറഞ്ഞ ലോകത്തിൽ  സമർപ്പണ ബോധം ഉള്ള മനുഷ്യരുടെ എണ്ണം വളരെ വിരളമായായ് വരുന്നതാണ് കാണാൻ കഴിയുന്നത്. വാങ്ങുന്ന കൂലിക്കനുസരിച്ചു ജോലി ചെയ്യാതെ മറ്റുള്ളവരെ വിമർശിക്കുന്ന മനുഷ്യർ, മറ്റുള്ളവരുടെ സമർപ്പണത്തിന്റെ തണലിൽ കഴിയുകയും എല്ലാവരുടെയും മുന്നിൽ പേരിനും പുകഴ്ചയ്ക്കും വേണ്ടി ജീവിക്കുകയും ചെയ്യുന്ന കൗശലക്കാർ, സ്വന്തം തൊഴിലിനെ സമർപ്പണത്തോടെ കാണാതെ മറ്റുള്ളവരുടെ ജീവിതത്തെ വിലയിരുത്താനും വിധി പ്രഖ്യാപിക്കാനും സ്വയം അവരോധിക്കപ്പെട്ടവർ എന്നിങ്ങനെ നിരവധി മുഖമൂടി അണിയുന്നവരെ നമുക്ക് കാണാൻ കഴിയും. എന്നാൽ പാപ്പാ പറയുന്നത് അർപ്പണമുള്ളവരായിരിക്കാനാണ്. എല്ലാറ്റിനോടും നമുക്ക് ഈ മനോഭാവം വേണം. ജീവിതത്തിന്റെ വിജയത്തിന്റെ പിന്നിൽ ഉള്ള രഹസ്യമെന്തെന്ന് ചോദിക്കുമ്പോൾ വിജയിച്ച മനുഷ്യർ പറയുന്നത് അർപ്പണത്തെ കുറിച്ചായിരിക്കും. സ്ഥിരതയും അധ്വാനവും പരിശ്രമവും ഒരുമിക്കുന്നതിനെ വിളിക്കുന്ന പേരാണ് അർപ്പണം.

ക്രിസ്തുവിനോളം ഈ ഭൂവിൽ അർപ്പണമുള്ള വ്യക്തിയായി മറ്റാരെയും നമുക്ക് കാണാനാവില്ല. പിതാവായ ദൈവം തന്നെ ഏൽപ്പിച്ച കർത്തവ്യം നിർവ്വഹിക്കാൻ അവിടുന്ന് കുരിശു മരണം വരെ സ്വീകരിച്ചു. ഒരിക്കലും തന്റെ നിയോഗത്തോടുണ്ടായിരുന്ന പ്രതിപദ്ധതയെ അവിടുന്ന് ഉപേക്ഷിച്ചില്ല. തന്റെ ലക്ഷ്യത്തെ ക്രിസ്തു തന്റെ ജന്മ നിയോഗമായി തന്നെ സ്വീകരിച്ചു.  ഈ ക്രിസ്തുവിനെ മാതൃകയാക്കി നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് അർപ്പണമുള്ളവരായി ജീവിക്കാം. കാറ്റത്തുലയുന്ന ഞാങ്ങണയെ പോലെയാകാതെ പാറമേൽ പണിത ഭവനം പോലെ ഉറപ്പുള്ള മനുഷ്യരായി ജീവിക്കാൻ പരിശ്രമിക്കാം. അതിനു പാപ്പയുട ഈ പ്രബോധനം നമ്മെ സഹായിക്കട്ടെ.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഏപ്രിൽ 2022, 11:41