പാപ്പാ: ജൈവസാങ്കേതിക വിദ്യ മാനവാന്തസ്സിനെ ആദരിക്കുന്നതാകണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ജൈവധാർമ്മിക വെല്ലുവിളികൾക്ക് ക്രിസ്തീയമായ ഒരു ഉത്തരം നല്കാൻ നമുക്കു കഴിയുന്നതിനായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.
ഇക്കൊല്ലത്തെ (2022) മാർച്ചു മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗത്തിലാണ് ഫ്രാൻസീസ് പാപ്പാ കത്തോലിക്കാ സഭാതനയർക്ക് ഈ ക്ഷണം നല്കിയിരിക്കുന്നത്.
പാപ്പായുടെ ഈ പ്രാർത്ഥനാനിയോഗത്തിൻറെ ഹ്രസ്വ വീഡീയൊ സന്ദേശം “പാപ്പായുടെ ആഗോള പ്രാർത്ഥനാ ശൃംഖല” (Pope’s Worldwide Prayer Network) ചൊവ്വാഴ്‌ച (08/03/22) പരസ്യപ്പെടുത്തി.
ശാസ്‌ത്രം പുരോഗമിച്ചുവെന്നത് സുവ്യക്തമെങ്കിലും, ഇന്ന് ജൈവധാർമ്മികത പ്രശ്നങ്ങളുടെ ഒരു പരമ്പര തന്നെ അവതരിപ്പിക്കുന്നുണ്ടെന്നും അവയോട് നമ്മൾ പ്രതികരിക്കണ്ടേത്, ഒട്ടകപ്പക്ഷിയെപ്പോലെ തല ഒളിപ്പിച്ചുകൊണ്ടായിരിക്കരുതെന്നും പാപ്പാ തൻറെ വീഡിയൊ സന്ദേശത്തിൽ പറയുന്നു.
ജൈവസാങ്കേതിക വിദ്യയുടെ പ്രയോഗോപാധികൾ, അഥവാ, ആപ്ലിക്കേഷൻസ് (Applications) മാനവാന്തസ്സിനോടുള്ള ആദരവിൽ അധിഷ്ഠിതമായിട്ടായിരിക്കണം സദാ ഉപയോഗിക്കേണ്ടതെന്നും പാപ്പാ ഓർമ്മപ്പെടുത്തുന്നു.
ഉദാഹരണത്തിന്, മനുഷ്യ ഭ്രൂണങ്ങളെ ഉപയോഗിച്ചുവലിച്ചെറിയേണ്ട, ഒരു പദാർത്ഥമായി കണക്കാക്കാനാവില്ല എന്ന് പാപ്പാ പറയുന്നു. എന്നാൽ ഈ വലിച്ചെറിയൽ സംസ്കൃതി മനുഷ്യഭ്രൂണത്തിൻറെ കാര്യത്തിലും പ്രയോഗിക്കപ്പെടുന്ന ഖേദകരമായ വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ അപ്രകാരം ചെയ്യാൻ പാടില്ല എന്ന് വ്യക്തമാക്കുകയും ആ വലിച്ചെറിയൽ സംസ്‌കാരം ഈ രീതിയിൽ വ്യാപകമാകുന്നത് വളരെ ദോഷം ചെയ്യും എന്ന് മുന്നറിയിപ്പേകുകയും ചെയ്യുന്നു.
സാമ്പത്തിക നേട്ടം അനുവദിച്ചുകൊണ്ട് ജൈവവൈദ്യശാസ്ത്ര ഗവേഷണത്തിന് ഉപാധിവയ്ക്കുന്ന പ്രവണതയെക്കുറിച്ചും പാപ്പാ സൂചിപ്പിക്കുന്നു.
സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴമേറിയ മാറ്റങ്ങളെ ഉപരിയഗാധവും സൂക്ഷ്മവുമായി നാം മനസ്സിലാക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
സാങ്കേതിക മുന്നേറ്റങ്ങളെ തടയുകയെന്നതല്ല ഇവിടെ വിവക്ഷയെന്നും, മറിച്ച്, നാം അവയ്ക്ക് അകമ്പടി സേവിക്കണമെന്നും പറയുന്ന പാപ്പാ മാനവാന്തസ്സും വികസനവും സംരക്ഷിക്കുക എന്നതാണ് കാര്യമെന്നു വ്യക്തമാക്കുന്നു.
വികസനത്തിനു വേണ്ടി മാനവ ഔന്നത്യം വിലയായ് നൽകാനാകില്ല എന്നും ഇവ രണ്ടും ഏകതാനമായി കൈകോർത്തു നീങ്ങണമെന്നും പാപ്പാ പറയുന്നു.
പ്രാർത്ഥനാ നിയോഗത്തിൻറെ അവസാനം പാപ്പാ, പുതിയ ജൈവധാർമ്മിക വെല്ലുവിളികൾ നേരിടുന്ന ക്രൈസ്തവർക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും എല്ലാ മനുഷ്യജീവൻറെയും അന്തസ്സ് പ്രാർത്ഥനയിലൂടെയും പ്രവർത്തനത്തിലൂടെയും സംരക്ഷിക്കുന്നത് അവർ തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: