പാപ്പാ: പ്രതിസന്ധികൾ നവവീര്യമാർജ്ജിക്കാനുള്ള പരീക്ഷണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യുദ്ധം, അത്യന്തം നീചമായ തിന്മകളിൽ ഒന്നാണെന്ന് മാർപ്പാപ്പാ.
പോർച്ചുഗലിൻറെ തലസ്ഥാനമായ ലിസ്ബണിൽ, 2023 ആഗസ്റ്റ് 1-6 വരെ ആഗോളസഭാതലത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മുപ്പത്തിയെട്ടാം (XXXVIII) ലോകയുവജനദിനാചരണത്തോടനുബന്ധിച്ച് സ്പാനിഷ് ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ലോകം കടന്നുപോയിക്കൊണ്ടിക്കൊരിക്കുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.
കോവിദ് 19 മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കവെ നാം സാമ്പത്തിക പ്രതിസന്ധിയിൽ നിപതിച്ചുവെന്നും ഇപ്പോൾ നാം യുദ്ധക്കെടുതിയിലാണെന്നും ഈ പ്രതിസന്ധികളുടെ മദ്ധ്യേയാണ് 2023 ആഗസ്റ്റിലെ ജീവനും ശക്തിയും സർഗ്ഗാത്മകവുമായ യുവജനമേളയ്ക്കായി നാം ഒരുങ്ങേണ്ടതെന്നും പാപ്പാ പറയുന്നു.
പ്രതിസന്ധികളിൽ നിന്ന് നമുക്ക് തനിച്ച് പുറത്തു കടക്കാനകില്ലെന്നും ഒറ്റക്കെട്ടായി മാത്രമേ അവയെ ജയിക്കാൻ കഴിയുകയുള്ളു എന്നുമുള്ള തൻറെ ബോധ്യം ആവർത്തിക്കുന്ന പാപ്പാ, നാം ആയിരുന്ന പോലെതന്നെ പ്രതിസന്ധിയിൽ നിന്നു പുറത്തുവരില്ലയെന്നും, പ്രത്യുത, കൂടുതൽ മെച്ചപ്പെട്ടവരോ മോശമായവരോ ആയിട്ടായിരിക്കും നാം പുറത്തുവരുകയെന്നും നാം കൂടുതൽ ശക്തരായി പുറത്തുവരുന്നതിനുള്ള ഒരു പരീക്ഷണമാണ് പ്രതിസന്ധിയെന്നും ഉദ്ബോധിപ്പിക്കുന്നു.
കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും മുൻയുവജനസംഗമങ്ങളിൽ ചെയ്തവയെക്കുറിച്ചും ചിന്തിച്ചിരിക്കാതെ സർഗ്ഗശക്തിയുള്ളവരായിരിക്കാൻ, കവികളായി മാറാൻ യുവതയ്ക്ക് പ്രചോദനം പകരുന്ന പാപ്പാ, സൃഷ്ടിപരതയില്ലെങ്കിൽ, കവികളായി മാറിയില്ലെങ്കിൽ യുവജനസംഗമം ഫലരഹിതമായിഭവിക്കും എന്ന് പറയുന്നു.
ഇറ്റലിക്കാരനായ യുവവാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസിനെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ, നാം ഓരോരുത്തരും “അസൽ” ആയിരിക്കണമെന്നും “പകർപ്പ്” ആകരുതെന്നും, അതുപോലെ തന്നെ, ഭാവി യുവജനസംഗമം എല്ലാവരുടെയും സംഭാവനയാൽ തനിമയുള്ളതാകണമെന്നും, അപ്രകാരമാക്കിത്തീർക്കുകയെന്നത് യുവതയെ ആശ്രയിച്ചിരിക്കുന്നുവെന്നും ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: