പാപ്പാ: കടിഞ്ഞാണില്ലാത്ത കർമ്മോത്സുകതയുടെ പ്രലോഭനത്തെ ചെറുക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വാസയോഗ്യവും മനാവാന്തസ്സിന് അനുയോജ്യവുമായ ഒരു ഭാവി കെട്ടിപ്പടുക്കണമെങ്കിൽ സമ്പദ്ഘടന സാമ്പത്തികാധിപത്യത്തിൽ നിന്ന് ഉപരിമുക്തവും സമഗ്രമായ ഒരു ആവാസവ്യവസ്ഥോന്മുഖമായ ഉല്പാദനരൂപങ്ങൾ തേടുന്നതിൽ കൂടുതൽ ക്രിയാത്മകവും ആയിരിക്കണമെന്ന് മാർപ്പാപ്പാ.
ഇറ്റലിയിൽ, റോമിലെയും ലാത്സിയൊ പ്രദേശത്തെയും വ്യവസായപ്രമുഖർ ചേർന്ന് 2001-ൽ രൂപംകൊടുത്ത “വ്യവസായ മൂല്യങ്ങളിൽ സാമൂഹികതയ്ക്കായുള്ള ചേതന” (Anima per il sociale nei valori d’impresa) എന്ന സമിതിയിടെ പ്രതിനിധികളെ പതിനാലാം തീയതി തിങ്കളാഴ്ച (14/03/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
രാഷ്ട്രീയ നയങ്ങളും സമ്പദ്ഘടനയും പൊതുനന്മ ലക്ഷ്യം വയ്ക്കുകയും നിരന്തര സംഭാഷണത്തിലായിരിക്കുകയും അവ ജീവൻറെ ശുശ്രൂഷയ്ക്കായി നിലകൊള്ളുകയും ചെയ്യണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
എന്നാൽ ഇന്ന് പലപ്പോഴും അവ, ദൗർഭാഗ്യവശാൽ, മൃത്യുവിനെയാണ് സേവിക്കുന്നതെന്ന് പാപ്പാ ഖേദം പ്രകടിപ്പിച്ചു.
ധാർമ്മികതയും സാമൂഹ്യഉത്തരവാദിത്വവും മാനിച്ചുകൊണ്ടുള്ള തൊഴിൽ സാദ്ധ്യതകൾ വികസിപ്പിക്കുകയും സൃഷ്ടിക്കുകയും ചെയ്യുക എന്നത് എത്രമാത്രം ആയാസകരമായ ഒരു ദൗത്യമായി ഇന്നു പരിണമിച്ചിരിക്കുന്നു എന്ന വസ്തുത ചൂണ്ടിക്കാട്ടിയ പാപ്പാ ഈ അവസ്ഥയ്ക്കുമുന്നിൽ നിരാശപ്പെടുകയും തോറ്റുകൊടുക്കുകയുമരുതെന്ന് പറഞ്ഞു.
സാമ്പത്തിക സ്വാതന്ത്ര്യത്തിനും സൃഷ്ടിപരതയ്ക്കും കടിഞ്ഞാണിടുന്നു ഒരു കൂടായിട്ടാണ് നൈതികവും സാമൂഹ്യവുമായ മാനദണ്ഡങ്ങളെ ചിലർ കാണുന്നതെന്ന് കുറ്റപ്പെടുത്തിയ പാപ്പാ വാസ്തവത്തിൽ വസ്തുത നേരെ മറിച്ചാണെന്ന് വിശദീകരിച്ചു.
വ്യാവസായിക ലോകത്തിൽ “ആത്മാവ്” ആയിരിക്കണമെങ്കിൽ ദൈവത്തിൽ നിന്നു വരുന്ന സ്വന്തം ആത്മാവിൻറെ കാര്യത്തിൽ ശ്രദ്ധചെലുത്തേണ്ടതിൻറെ അനിവാര്യതയും പാപ്പാ ചൂണ്ടിക്കാട്ടി.
ഇവിടെ കടിഞ്ഞാണില്ലാത്ത കർമ്മോത്സുകതയുടെ പ്രലോഭനത്തെ ചെറുക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അത് മനുഷ്യൻറെ ആന്തരികതയ്ക്ക് ഹാനിവരുത്തുമെന്നും പാപ്പാ മുന്നറിയിപ്പു നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: