യുക്രേനിയൻ അഭയാർത്ഥികൾ ബസ്സിൽ രക്ഷ തേടി യാത്ര ചെയ്യുന്നു.   യുക്രേനിയൻ അഭയാർത്ഥികൾ ബസ്സിൽ രക്ഷ തേടി യാത്ര ചെയ്യുന്നു.  

വൻതോതിൽ യുക്രേനിയൻ അഭയാർത്ഥികളെ സ്വീകരിച്ചതിന് പോളണ്ടിലെ മെത്രാന്മാർക്ക് പാപ്പാ നന്ദി രേഖപ്പെടുത്തി

യുക്രെയ്നിൽ യുദ്ധം രണ്ട് മാസങ്ങളായി തുടരുമ്പോൾ, റഷ്യൻ സൈന്യത്തിന്റെ വിനാശകരമായ അധിനിവേശത്താൽ കുടിയിറക്കപ്പെട്ട അഭയാർത്ഥികളെ പോളണ്ടിലെ സഭ സ്വാഗതം ചെയ്യുന്നത് തുടരുന്നു കൊണ്ടിരിക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പോളണ്ട് മെത്രാൻ സമിതി അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗദെക്കിയുമായി ഫ്രാൻസിസ് പാപ്പാ 45 മിനിറ്റോളം ഇന്നലെ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ റഷ്യയെയും യുക്രെയ്നെയും മാതാവിന്റെ  വിമല ഹൃദയത്തിന് സമർപ്പണം ചെയ്തതിന് ഫ്രാൻസിസ് പാപ്പയോടു ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി.

അഭയാർത്ഥികളോടു പരിഗണന

പാപ്പായും പോത്സ്‌നാൻ അതിരൂപതാ മെത്രാപോലീത്ത സ്റ്റാനിസ്ലാവും അയൽരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ പോളണ്ടിൽ സഭ ചെയ്യുന്ന സേവനത്തെ കുറിച്ചും, ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യം ഏകദേശം 2.3 ദശലക്ഷം അഭയാർത്ഥികളെ സ്വീകരിച്ചതിനെകുറിച്ചും സംസാരിച്ചതായി പോളണ്ട് മെത്രാൻ സമിതിയുടെ (പിബിസി) പ്രസ്താവനയിൽ അറിയിച്ചു.

കൂടാതെ, ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവും, കിഴക്കൻ യൂറോപ്യൻ രാഷ്ട്രത്തിലെ മെത്രാന്മാരും യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിച്ചതെങ്ങനെയെന്നും പരിശുദ്ധ പിതാവിനെ അറിയിച്ചു. കൂടാതെ എല്ലാ മനുഷ്യരാശിയെയും, പ്രത്യേകിച്ച് റഷ്യയും യുക്രെയ്നെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിച്ചതിന് പാപ്പയോടു കൃതജ്ഞത പ്രകടിപ്പിക്കുകയും ചെയ്തു. കൂടികാഴ്ച്ചയ്ക്കിടയിൽ, പോളണ്ടിലെ സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പരിശുദ്ധ പിതാവ് നന്ദി പറയുകയും തന്റെ ആത്മീയ പിന്തുണ അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പോളണ്ടിലെ സഭ നടത്തിയ സഹായ പ്രവർത്തനങ്ങളും ആർച്ച് ബിഷപ്പ് ഗഡെക്കി പാപ്പായുടെ മുന്നിൽ അവതരിപ്പിച്ചു. പ്രത്യേകിച്ച്, പോളിഷ് മണ്ണിൽ എത്തിയ യുക്രെയ്‌നിൽ നിന്നുള്ള അഭയാർഥികൾക്കും യുദ്ധം ഉണ്ടായിട്ടും യുക്രെയ്നിൽ തന്നെ തുടരുന്നവർക്കുമുള്ള പിന്തുണയും പോളണ്ടിലെ സഭയും രാജ്യവും നൽകുന്നതിനെ കുറിച്ച്  അദ്ദേഹം പാപ്പായോടു പങ്കുവച്ചു.

ഇടവകകളുടെ തയ്യാറെടുപ്പ്

കാരിത്താസ് പോൾസ്കയും, രൂപതാ കാരിത്താസും, പൗരസ്ത്യ ദേശത്തെ സഭകൾക്ക് സഹായം നൽകുന്ന പിബിസി ടീം, സന്യാസസമൂഹങ്ങൾ, വൈദികർ, സെമിനാരികൾ എന്നിവയിലൂടെയാണ് സഭയുടെ സഹായം നൽകുന്നത്. പ്രാദേശിക തലത്തിൽ നിലവിൽ ആവശ്യമായിവരുന്ന ഭക്ഷണം, താമസം, ഗതാഗതം, വൈദ്യ, മാനസിക സഹായം, നിയമപരമായ പിന്തുണ, കുട്ടികൾക്കുള്ള വിദ്യാഭ്യാസം, എന്നിവ കൂടാതെ മറ്റ് വിവിധ സഹായ പ്രവർത്തനങ്ങളും  സംഘടിപ്പിക്കുന്ന പോളിഷ് ഇടവകകളുടെ വൻതോതിലുള്ള ജനകീയ കൂട്ടായ്മയും പ്രതിബദ്ധതയും പിബിസി അദ്ധ്യക്ഷൻ എടുത്തുപറഞ്ഞു.

കൂടാതെ, വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ സംയുക്തമായ പ്രവർത്തനങ്ങൾ തീവ്രമാക്കാനുള്ള തന്റെ ശ്രമങ്ങളും ആർച്ച് ബിഷപ്പ് ഗഡെക്കി അവതരിപ്പിച്ചു. കൂടികാഴ്ചയുടെ അവസാനത്തിൽ, പോളണ്ടിലെ വൈദികരോടും സെമിനാരി വിദ്യാർത്ഥികളോടും ദൈവജനത്തിന്റെ വിശ്വാസത്തോടു ചേർന്നുനിൽക്കാൻ പ്രത്യേകം പാപ്പാ ആവശ്യപ്പെടുകയും തന്റെ അപ്പോസ്തോലിക ആശീർവ്വാദം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2022, 13:19