പാപ്പാ : ആയുധങ്ങൾക്ക് പണം ചെലവാക്കുന്നത് "മനുഷ്യകുലത്തെ കളങ്കപ്പെടുത്തുന്നു."
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
തിങ്കളാഴ്ച "I was thirsty" എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചതിന് പത്തുവർഷം പിന്നിടുമ്പോൾ അതിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് "ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തവർക്ക് അതെത്തിക്കാനുള്ള ള്ള അവരുടെ വ്യക്തവും അടിയന്തിരവുമായ ലക്ഷ്യത്തിന് " പാപ്പാ നന്ദി പറഞ്ഞു.
ശുദ്ധമായ കുടിവെള്ള ലഭ്യത
വെള്ളത്തിന്റെ ലഭ്യത, പ്രത്യേകിച്ച് ശുദ്ധമായ കുടിവെള്ള ലഭ്യത, ഭൂമിയിലെ ജീവിതത്തിനും ജനതകൾക്കിടയിലെ സമാധാനത്തിനും സുപ്രധാന വിഷയമാണ് എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ ആരംഭിച്ചത്. ഇത് സകലരേയും ബാധിക്കുന്ന ഒന്നാണെങ്കിലും ലോകത്തിൽ, വളരെ പ്രത്യേകമായി ആഫ്രിക്കയിൽ, ഈ വിഭവത്തിന്റെ ദൗർലഭ്യം മൂലം മറ്റുള്ളവരേക്കാൾ അധികം ബുദ്ധിമുട്ടനുഭവിക്കുന്ന ജനതകൾ ഉണ്ട്. ഇക്കാരണത്താലാണ് അവർ അവരുടെ മാനവിക പദ്ധതികൾ ആഫ്രിക്കയിലും, പല രാജ്യങ്ങളിലും ഭൂഖണ്ഡത്തിന്റെ വിവിധ പ്രദേശങ്ങളിലും നടപ്പാക്കിയത് എന്നും പ്രാദേശിക തൊഴിലാളികളും ആ സ്ഥലത്തുള്ള മിഷനറിമാരും സഭാ സമൂഹവും ഒത്ത് സഹകരിച്ചാണ് അവ ചെയ്യുന്നതെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിച്ചു.
ജലം ജീവനാണ്
"I was thirsty" എന്ന സംഘടനയുടെ പേരിനെ പരാമർശിച്ചു കൊണ്ട് പാപ്പാ യേശുവിന്റെ"എനിക്കു ദാഹിച്ചു നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു " എന്ന വചനത്തോടു " എന്റെ ഈ സഹോദരരിൽ എളിയവരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത് " എന്ന വചനവും കൂട്ടിച്ചേർത്തു.
"കുടിക്കാൻ ഒരുപാട് വെള്ളമുള്ളപ്പോൾ ദാഹം വേദനിപ്പിക്കില്ല. എന്നാൽ അതില്ലയെന്നും അതിന്റെ അഭാവം ദീർഘകാലത്തേക്കു നീളുകയും ചെയ്യുമ്പോൾ ദാഹം അസഹനീയമാകുമെന്ന് നമുക്കറിയാം. ഭൂമിയിൽ ജീവൻ ജലത്തെ ആശ്രയിച്ചാണിരിക്കുന്നത്, മനുഷ്യരായ നമ്മടേതും. നമുക്കെല്ലാവർക്കും ജീവിക്കാൻ സഹോദരിയായ ജലം ആവശ്യമാണ്."
എന്തിന് യുദ്ധം
ഈ ചിന്തകളോടെ എന്തുകൊണ്ടാണ് സംഘർഷങ്ങൾ സഹകരണത്തേക്കാൾ ജലലഭ്യതയ്ക്ക് ചുറ്റും നടക്കുന്നതെന്ന് പാപ്പാ ആശ്ചര്യപ്പെട്ടു. "നാം എന്തിനാണ് പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്ന സംഘർഷങ്ങളുടെ പേരിൽ പരസ്പരം യുദ്ധം ചെയ്യുന്നത് ? പകരം, നാഗരികതയുടെ യഥാർത്ഥ പടയോട്ടം നടത്തേണ്ട വിശപ്പിനും ദാഹത്തിനുമെതിരെ, രോഗത്തിനും പകർച്ചവ്യാധികൾക്കുമെതിരെ, ദാരിദ്യത്തിനും ആധുനിക അടിമത്തത്തിനുമെതിരെ പോരാടാൻ ശക്തികളെയും വിഭവങ്ങളേയും ഒരുമിപ്പിച്ചുകൂടാ? " എന്ന് പാപ്പാ ചോദിച്ചു.
ആയുധങ്ങൾക്കായി വീണ്ടും വീണ്ടും പണം ചെലവഴിക്കുന്നത് "ആത്മാവിനെ മലിനമാക്കുന്നു, ഹൃദയത്തെ മലിനമാക്കുന്നു, മനുഷ്യകുലത്തെ മലിനമാക്കുന്നു" എന്ന ഒരു മനസ്സാക്ഷി രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നി പറഞ്ഞു. ചെലവിന്റെ വലിയൊരു ഭാഗം ആയുധങ്ങൾക്കായി നീക്കിവയ്ക്കുന്നതുപോലുള്ള ചില തിരഞ്ഞെടുപ്പുകൾ നിഷ്പക്ഷമയവയല്ലെന്ന് അഭിപ്രായപ്പെട്ട ഫ്രാൻസിസ് പാപ്പാ, അത് അത്യന്തികമായി അർത്ഥമാക്കുന്നത്, മറ്റെന്തിൽ നിന്നോ അത് നീക്കം ചെയ്യുന്നതാണെന്നാണെന്നും അത്യാവശ്യത്തിന് പോലും ഇല്ലാത്തവരിൽ നിന്നാണ് തുർന്നെടുത്തു കൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു.
"എല്ലാത്തിനേയും എല്ലാവരെയും പിന്നോട്ട് കൊണ്ടു പോകുന്ന യുദ്ധത്തിൻന്റെ പഴയ ദുശ്ശീലത്തിലേക്കും, ആയുധ ശക്തിയുടെ തന്ത്രത്തിലേക്കും നമ്മൾ വീണ്ടും മടങ്ങുകയാണെങ്കിൽ ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ, ഭൂമിയുടെ അപചയത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ നാം ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എന്താണർത്ഥം?" പാപ്പാ ചോദിച്ചു.
ചെറുതെങ്കിലും ഫലം തരുന്നത്
ലോകത്തിന്റെ വലിയ പ്രശ്നങ്ങൾക്കു മുന്നിൽ അവരുടെ സംഘടന തീർച്ചയായും എളിയതാണ് "എന്നാൽ അത് വളരെ നിർണ്ണായകമായ ലക്ഷ്യത്തിനായി പ്രവർത്തിക്കുകയും, അത് നന്നായി, ശരിയായ വിധം ചെയ്യുകയും ചെയ്യുന്നു" എന്ന് പാപ്പാ പറഞ്ഞു. അവർക്കും ഇറ്റലിയിലും ലോകത്തിലുമുള്ള അനേകം സന്നദ്ധ സേവന സംഘടനകൾക്കും നന്ദി പറഞ്ഞു കൊണ്ടും അവരുടെ പ്രതിബദ്ധത തുടർന്നു കൊണ്ടു പോകാൻ അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ടും പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: