തിരയുക

രോഗിയായ ഒരാളെ പരിചരിക്കുന്ന ഊണിത്താൽസി  സന്നദ്ധപ്രവർത്തക. രോഗിയായ ഒരാളെ പരിചരിക്കുന്ന ഊണിത്താൽസി സന്നദ്ധപ്രവർത്തക. 

വിശുദ്ധകവാടത്തിന്റെ കല്ല് പ്രഥമശിലയായി സമ്മാനിച്ച് പാപ്പാ

ഇറ്റാലിയൻ ടെലവിഷൻ അവതാരകനായിരുന്ന ഫബ്രിസിയോ ഫ്രിത്സിയുടെ പേരിൽ ലൊംബാർദിയയിലെ ഊണിത്താൽസി (രോഗികളെ ലൂർദ്ദിലേക്കും മറ്റു അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും കൊണ്ടു പോകാൻ വാഹന സൗകര്യമൊരുക്കുന്ന ഇറ്റാലിയൻ സംഘടന) ഒരുക്കുന്ന മന്ദിരത്തിന്റെ പ്രഥമശിലാ സ്ഥാപനം പ്രമാണിച്ച് ഫ്രാൻസിസ് പാപ്പാ സംഘടനയ്ക്ക് കത്തെഴുതി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മന്ദിരം, ആശുപത്രികളിൽ ചികിൽസയ്ക്കായി കൊണ്ടുവരുന്ന രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് താമസ സൗകര്യം നൽകാനുദ്ദേശിച്ചുള്ളതാണ്. ഇന്ന് മാർച്ച് 29നാണ് കല്ലിടൽ നടക്കുക. ഫ്രാൻസിസ് പാപ്പാ സമ്മാനം നൽകിയ കരുണയുടെ ജൂബിലി വർഷത്തിലെ വിശുദ്ധ കവാടത്തിന്റെ കല്ലാണ് പ്രഥമശിലയായി ഉപയോഗിക്കുക.

തന്റെ കത്തിൽ, സംഘടനയുടെ ശതവാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ അവരുടെ തനതായ ഉൽസാഹവും ക്രിയാത്മകവുമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ഈ ഭവന നിർമ്മാണം വഴി എന്ന് പാപ്പാ എഴുതി. വേദനയുടെ കാലം ജീവിക്കുന്നവരുടെ സമീപത്തായിരിക്കുക എന്നതാണ്  ഊണിത്താൽസി യുടെ സിദ്ധി അത് തീർത്ഥാടനാനുഭവങ്ങളിൽ തുടങ്ങി പ്രാദേശികമായ തലത്തിൽ ഇന്ന് പുതിയൊരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പരിശുദ്ധ പിതാവ് കുറിച്ചു.

വ്യക്തിപരമായി ജീവിച്ച സഹനത്തിലും വേദനയിലും നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് അവരുടെ അദ്ധ്യക്ഷനായ വിത്തോറെ ദെ കാർളി ശക്തമായി ആഗ്രഹിച്ച ഈ ഭവനത്തിന്റെ ആദ്യ ശിലയായി കരുണയുടെ ജൂബിലി വർഷത്തിലെ വിശുദ്ധ കവാടത്തിൽ നിന്നുള്ള കല്ലിടുമ്പോൾ ജൂബിലി വർഷാരംഭം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലെ വാക്കുകൾ പാപ്പാ ഓർമ്മിപ്പിച്ചു.  തന്നെ അനുഗമിച്ചവരുടെ ക്ഷീണവും, നയിക്കാൻ ആരുമില്ലാതുള്ള അലച്ചിലും കണ്ട് അഗാധമായ അനുകമ്പ തോന്നിയ യേശു (മത്താ 9,16) തന്റെ മുന്നിൽ കൊണ്ടുവന്ന രോഗികളെ സൗഖ്യമാക്കിയതും (മത്താ 14, 14) അവരുടെ വിശപ്പടക്കിയതും (മത്താ 15,37) എടുത്തു പറഞ്ഞു കൊണ്ട് യേശുവിനെ ചലിപ്പിച്ചത് കരുണയല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്നും, അതിലൂടെയാണ് തന്റെ മുന്നിൽ വരുന്നരുടെ ഹൃദയം വായിച്ചിരുന്നതും പ്രതികരിച്ചിരുന്നതും എന്ന് Misericordiae Vultus ന്റെ എട്ടാം ഖണ്ഡിക പാപ്പാ ഉദ്ധരിച്ചു കൊണ്ട് അവരെ അറിയിച്ചു.

ജീവിതത്തിൽ കണ്ടുമുട്ടുന്ന സ്ത്രീ പുരുഷന്മാരുടെ വിവിധമായ യഥാർത്ഥ ആവശ്യങ്ങളോടു പ്രതികരിക്കാനുള്ള ശക്തി നഷ്ടപ്പെടുത്തരുതെന്ന് അവരെ പരിശുദ്ധ പിതാവ് പ്രോത്സാഹിപ്പിച്ചു. ആശുപത്രികളിൽ ചികിൽസ ആവശ്യമുള്ള രോഗികളായ കുട്ടികളുടെ മാതാപിതാക്കൾക്ക് താമസിക്കാൻ സൗകര്യമൊരുക്കുന്ന ഈ ഭവനം കൊണ്ടുള്ള ഉത്തരം ഇന്നത്തെ അസ്ഥിരതയുടേയും ആധുനിക ദാരിദ്യത്തിന്റെയും സാഹചര്യത്തിൽ ദരിദ്രരോടുള്ള യേശുവിന്റെ സ്നേഹത്തിന്റെ ഒരു സാക്ഷ്യമാണ്, പാപ്പാ ചൂണ്ടിക്കാണിച്ചു.

ലൊംബാർദിയയിലെ ഊണിത്താൽസി അംഗങ്ങൾക്കും ഈ ഭവനത്തിൽ  എത്തുന്ന മാതാപിതാക്കൾക്കും, ഇവരെ സഹായിക്കുന്ന സന്നദ്ധ സേവകർക്കും, ഉദാരമതികളായ സഹകാരികൾക്കും തന്റെ ആശീർവാദം നൽകിക്കൊണ്ടാണ് പാപ്പാ കത്തവസാനിപ്പിച്ചത്. പതിവുപോലെ തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കാനും ഫ്രാൻസിസ് പാപ്പാ മറന്നില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മാർച്ച് 2022, 13:12