പിതൃത്വഅവധിക്കും താല്കാലിക കരാറിനും (ഓൺ - കാൾ ) പാപ്പാ അനുമതി നൽകി
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പ്രസവ സംരക്ഷണ സൗകര്യങ്ങൾ എന്ന വിഷയത്തിലും തുടർച്ചയില്ലാത്ത അല്ലെങ്കിൽ ഇടവിട്ട സ്വഭാവത്തിലുള്ള തൊഴിൽ സേവനങ്ങളുമായി ബന്ധപ്പെട്ടുമുള്ള നിയമങ്ങളാണ് പരിഷ്കരണത്തിന് വിധേയമായത്. കഴിഞ്ഞ ഡിസംബർ 13ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിന് അനുവദിച്ച കൂടിക്കാഴ്ചയ്ക്കുശേഷം രണ്ട് ലിഖിതങ്ങളിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിതൃത്വത്തിനുള്ള അവധി
"പിതൃത്വത്തിനുള്ള അനുവാദം" എന്നു വിളിക്കുന്ന ഇക്കാര്യത്തിൽ ഒരു കുഞ്ഞു ജനിക്കുന്ന അവസരത്തിൽ സേവന ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കപ്പെടുന്ന 100 % വേതനത്തോടു കൂടി പിതാവിന് മൂന്ന് ദിവസത്തെ അവധിക്ക് അവകാശമുണ്ടായിരിക്കും. മുൻകൂറുള്ള അറിയിപ്പ്, എന്നു തുടങ്ങിയാണ് അവധി കണക്കാക്കേണ്ടത് തുടങ്ങി എന്തൊക്കെ നിബന്ധനകളാണ് അപേക്ഷയിൽ പൂർത്തീകരിക്കേണ്ടതെന്നും, ഈ സൗകര്യം ദത്തെടുക്കുന്നതോ വളർത്തു പിതാവോ അവർക്കും ബാധകമാണ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഓൺ - കോൾ കരാർ
പാപ്പാ അംഗീകരിച്ച മറ്റൊരു പുതുമ റോമൻ കൂരിയയുടെ പൊതുനിയമത്തിന്റെ ഒരു ഭാഗം പരിഷ്കരിച്ചു കൊണ്ടുള്ളതാണ്. വത്തിക്കാനിലെ ജോലിയുടെ സങ്കീർണ്ണതകളിലെ നിർണ്ണായക പ്രശ്നങ്ങൾ അഭിസംബോധന ചെയ്തു കൊണ്ട് 2018 സെപ്റ്റംബറിൽ വന്ന പൊന്തിഫിക്കൽ ലേഖനത്തിന്റെ ഭാഗമായാണ് ഈ നവീകരണം എന്ന് കർദ്ദിനാൾ പരോളിൻ ഊന്നിപ്പറഞ്ഞു.
തന്റെ ബജറ്റിന്റെ പരിധിക്കുള്ളിൽ തുടർച്ചയില്ലാത്തതും, ഇടയ്ക്കിടയ്ക്കു വരുന്നതുമായ ജോലിക്കായോ അല്ലെങ്കിൽ പ്രത്യേക കാലഘട്ടങ്ങളിൽ മുൻകൂട്ടി നിർണ്ണയിക്കാനാവാത്ത സേവനങ്ങൾ ആവശ്യമായി വരുമ്പോൾ ഒരു തൊഴിലാളിയെ ഒരു ഡിക്കാസ്ട്രിയുടെ തലവന് കരാറിൽ വയ്ക്കാനുള്ള അനുവാദം നൽകുന്നതാണ് ഇതിന്റെ സാരാംശം. ഈ കരാർ അഞ്ച് കലണ്ടർ വർഷങ്ങളിൽ യഥാർത്ഥ ജോലിയുടെ 665 ദിവസത്തിൽ കവിയരുതെന്നും, ഇവർക്ക് പെൻഷൻ നൽകുന്നതിന് പെൻഷൻ ഫണ്ടിലുള്ള പ്രത്യേക ഭരണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും, അവർക്ക് ആരോഗ്യപരിപാലന ഫണ്ടിൽ നിന്ന് അവരുടെ സേവന കാലയളവിൽ മിനിമം ആരോഗ്യ പരിരക്ഷയ്ക്ക് അർഹതയുണ്ടാവുമെന്നും നിയമം ഉറപ്പു നൽകുന്നു. അതേ സമയം ഓൺ - കാൾ കരാറിലുള്ളവരുടെ ജോലി സംബന്ധമായ ബന്ധം അവരുടെ കാലാവധി കഴിയുന്നതോടെ തീരുമെന്നും എന്തെങ്കിലും ഒരു സ്ഥാനത്തേക്കുള്ള പ്രവേശനത്തിന് യാതൊരുവിധ മുൻഗണനയും ഉണ്ടായിരിക്കുന്നതല്ല എന്നും രേഖയിൽ കാണാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: