പാപ്പാ: പിതൃഭാവവും ആർദ്രതയും ഇന്ന് ഏറെ ആവശ്യമായിരിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകത്തിൽ യഥാർത്ഥ വിപ്ലവകാരികൾ, കുഞ്ഞുങ്ങളും ദരിദ്രരും നിന്ദിക്കപ്പെടാതെയും വലിച്ചെറിയപ്പെടാതെയും ഉപേക്ഷിക്കപ്പെടാതെയും ദൈവമക്കൾക്കടുത്ത അവരുടെ അന്തസ്സിനനുസരിച്ച് ജീവിക്കാനും ഉയരാനും അവർക്കു കഴിയുന്നതിനു വേണ്ടി അനുദിനം നിശബ്ദം യത്നിക്കുന്നവരാണെന്ന് മാർപ്പാപ്പാ.
1996-ൽ ഫ്രാൻസിൽ ജന്മംകൊണ്ടതും ലോകത്തിലെവിടെയും കുഞ്ഞുങ്ങളുടെ ജീവനും ഔന്നത്യവും സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുന്നതുമായ “പ്രൊജേത്തൊ ആഗത്ത സ്മെറാൾദ” (Progetto Agata Smeralda) എന്ന സംഘടനയിലെ അംഗങ്ങളെ ശനിയാഴ്‌ച (05/03/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
കുടുംബമില്ലാത്ത ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതിനു വേണ്ടി ഹൃദയവും സ്വഭവനവും തുറന്നിടുന്ന ദമ്പതികളെ താൻ, ബുധനാഴ്ചത്തെ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ, വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധനപരമ്പരകളിൽ ഒന്നിൽ, മക്കളെ ദത്തെടുക്കുന്നതിനെക്കുറിച്ചു പരാമർശിക്കവെ, പ്രകീർത്തിച്ചത് പാപ്പാ അനുസ്മരിച്ചു.
ഈ സംവേദനക്ഷമതയും, ഈ പിതൃത്വവും മാതൃത്വവും, ഈ തുറവും ആണ് ഈ ഈ സംഘടനയുടെയും പ്രവർത്തനത്തിന് അടിസ്ഥാനം എന്നു പറഞ്ഞ പാപ്പാ വാസ്തവത്തിൽ, ഒരു കുഞ്ഞിനെ അകലെയിരുന്നുകൊണ്ട് ദത്തെടുക്കുന്നയാളെ നയിക്കുന്നത്, ഒരു ആൺകുട്ടിക്കോ പെൺകുട്ടിക്കോ സഹായഹസ്തം നീട്ടാനുള്ള ആഗ്രഹമാണെന്ന് പ്രസ്താവിച്ചു.
പിതൃത്വവും ആർദ്രതയും ഇന്ന് ഏറെ ആവശ്യമുണ്ടെന്നും പറഞ്ഞ പാപ്പാ ലോകത്തിൽ അവ പ്രസരിപ്പിക്കുന്നതിന് ഈ സംഘടന നല്കുന്ന സഹകരണത്തിന് നന്ദി പ്രകാശിപ്പിച്ചു.
മതിയായ ഒരുക്കത്തോടും ശ്രദ്ധയോടുംകൂടിയ വിദൂര ദത്തെടുക്കൽ ഇതുതന്നെയാണ് ചെയ്യുന്നതെന്നും അത് ദൈവരാജ്യത്തിലെ ചെറിയൊരു വിത്താണെന്നും, എത്രമാത്രം സ്നേഹത്തോടുകൂടി അത് നട്ടുവളർത്തുന്നുവോ, അതിനാനുപാതികമായി, അത് വളർന്ന് ഫലം പുറപ്പെടുവിക്കുമെന്നും പാപ്പാ പറഞ്ഞു.
“പ്രൊജേത്തൊ ആഗത്ത സ്മെറാൾദ” സംഘടന ലോകത്തിൻറെ വിവിധ ഭാഗങ്ങളിലായി ഏഴായിരത്തോളം വിദൂര ദത്തെടുക്കലുകൾ, നിരവധിയായ വൈദികരുടെയും സമർപ്പിതരുടെയും അൽമായവിശ്വാസികളുടെയും സഹകരണത്തോടെ നടത്തിയിട്ടുള്ളത് പാപ്പാ അനുസ്മരിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: