പാപ്പാ: സഭയെയും ലോകത്തേയും വളരെ ഫലപ്രദമാക്കുന്ന " സ്ത്രൈണ വിശുദ്ധി" (Feminine Holiness) പ്രോൽസാഹിപ്പിക്കാനുള്ള പ്രചോദനമുണ്ടാവട്ടെ!
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ആവിലായിലെ വി.ത്രേസ്യ, സിയന്നയിലെ വി. കാതറിൻ, ലിസ്യൂവിലെ വി. കൊച്ചു തെരേസാ, ബിൻജനിലെ വി. ഹിൽഡെഗാർഡ് എന്നിവരെ വേദപാരംഗതമാരായി പ്രഖ്യാപിച്ചതിന്റെ വാർഷികവും സ്വീഡനിലെ വി. ബ്രിജിറ്റ്, കുരിശിന്റെ വി. തെരെസ ബനഡിക്ട്, സിയന്നയിലെ വി.കാതറിൻ എന്നിവരെ യൂറോപ്പിന്റെ സഹപാലികമാരായും വി. ജോൺ പോൾ നാമകരണം ചെയ്തതു പ്രമാണിച്ചുള്ള അക്കാഡമിക് സമ്മേളനമായിരുന്നു അത്.
ഇവരെ വേദപാരംഗതമാരും സഭയുടെ പാലികമാരുമായി പ്രഖ്യാപിച്ചതിന്റെ കാരണം അവരുടെ പ്രബോധനങ്ങൾ നിലനിൽക്കുന്നതും കാലഘട്ടത്തിനനുസൃതവുമായിരുന്നതിനാലും ഇന്നത്തെ നമ്മുടെ ഛിന്നഭിന്നവും വിഘടിതവുമായ ലോകത്തിന് തെളിച്ചവും പ്രത്യാശയും പകരാൻ കഴിയുന്നതിനാലുമാണെന്ന് പാപ്പാ പറഞ്ഞു.
വ്യത്യസ്ഥമായ കാലഘട്ടങ്ങളിലും സ്ഥലങ്ങളിലും വ്യത്യസ്ഥമായ പ്രേഷിത ദൗത്യമാണ് ചെയ്തതെങ്കിലും അവരെല്ലാം ഒരു പുണ്യജീവിതത്തിന്റെ സാക്ഷ്യമായിരുന്നു. മാമോദീസയിലൂടെ ലഭിച്ച കൃപയാൽ അവർ പരിശുദ്ധാത്മാവിനോടു വിധേയത്വമുള്ളവരായി അവരുടെ ജീവിതത്തെ ആകമാനം ബാധിച്ച ക്രിസ്തുവിന്റെ മാനവീകതയോടു അചഞ്ചലമായി ചേർന്നു നിന്നു കൊണ്ടാണ് അവരുടെ വിശ്വാസത്തിന്റെ യാത്ര നടത്തിയത്. അവരും ചില സമയങ്ങളിൽ അവരുടെ കഴിവുകളുടെ പരിമിതികൾ തിരിച്ചറിഞ്ഞ് "കുഞ്ഞു സ്ത്രീക"ളെന്ന് ആവിലായിലെ തെരേസയെ പോലെ പറഞ്ഞിട്ടുണ്ടാവും എന്ന് പാപ്പാ പറഞ്ഞു. എന്നാൽ മുന്നോട്ടു പോകാനുള്ള ശക്തി അവരുടെ ഹൃദയം നിറച്ച ദൈവസ്നേഹത്തിൽ നിന്ന് മാത്രമാണവർ സംഭരിച്ചതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
അനുദിന ജീവിതത്തിന്റെ വിശുദ്ധിയിലാണ് അവരുടെ വിളി, അവരുടെ എളിയ വഴി, ജീവിത പദ്ധതി എല്ലാവർക്കും സാധ്യമാകുന്ന ഒന്നാക്കി മാറ്റിയതെന്നും പാപ്പാ പറഞ്ഞു. സ്രഷ്ടാവ് അവർക്ക് നൽകിയ അന്തസ്സും മൂല്യവും എല്ലാ സ്ത്രീക്കും വീണ്ടും തിരിച്ചുനൽകണമെന്ന് ഇന്ന് നമ്മുടെ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. സഭയ്ക്കും ലോകത്തിനും ഏറ്റം ആവശ്യമായ സ്ത്രീത്വം സൃഷ്ടിക്കുന്ന ചില ഘടകങ്ങൾ ഈ വിശുദ്ധരുടെ ഉദാഹരണങ്ങൾ എടുത്തു കാണിക്കുന്നു എന്നു പറഞ്ഞ പാപ്പാ അവയിൽ ചിലവ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാനുള്ള ധൈര്യം, പ്രായോഗികത, ദൈവത്തിന്റെ പദ്ധതിക്കനുസരിച്ച് ഏറ്റം മനോഹരവും മാനുഷികവുമായവയെ ഉയർത്തി കൊണ്ടുവരാനുള്ള സ്വാഭാവിക ആഗ്രഹം, ലോകത്തെയും ചരിത്രത്തെയും പറ്റിയുള്ള ദീർഘവും പ്രവാചികവുമായ വീക്ഷണം എന്നിവയാണ് അവരെ പ്രത്യാശയുടെ വിതക്കാരും ഭാവിയുടെ പണിയാളുകളുമാക്കിയത് എന്ന് പാപ്പാ അറിയിച്ചു.
അവരുടെ സമർപ്പണവും മാനവികയ്‌ക്കുള്ള സേവനവും സഭയോടും പാപ്പായോടുമുള്ള വലിയ സ്നേഹത്താൽ സഹഗമിച്ചിരുന്നു എന്ന് പറഞ്ഞ പാപ്പാ സിയന്നയിലെ വി. കാതറിൻ പാപ്പായെ വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് "ഭൂമിയിലെ മധുരിക്കുന്ന ക്രിസ്തു " എന്നായിരുന്നു എന്നും എടുത്തുകാട്ടി. തങ്ങളുടെ കാലത്തിന്റെ പാപങ്ങൾക്കും കഷ്ടപ്പാടുകൾക്കും പരിഹാരം കാണാൻ അവർക്ക് കൂട്ടുത്തരവാദിത്തം തോന്നുകയും സഭയോടു പരിപൂർണ്ണമായി ഐക്യപ്പെട്ടുകൊണ്ട് സമാധാനപൂർവ്വം അവർ സുവിശേവൽക്കരണ പ്രേഷിതത്വത്തിന് സംഭാവന നൽകുകയും ചെയ്തു. അവരുടെ ഈ സമ്മേളനം സഭയെയും ലോകത്തേയും വളരെ ഫലപ്രദമാക്കുന്ന " സ്ത്രൈണ വിശുദ്ധി" പ്രോൽസാഹിപ്പിക്കാനുള്ള പ്രചോദനമാകട്ടെ എന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: