പാപ്പാ: നോമ്പുകാല യാത്രയിൽ വിതയ്ക്കപ്പെടുന്ന വിത്തുകൾ ഹൃദയത്തിൽ വളക്കൂറുള്ള മണ്ണു കണ്ടെത്തട്ടെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വലിച്ചെറിയൽ സംസ്കൃതിയെ ഒഴിവാക്കിക്കൊണ്ട് മനുഷ്യവ്യക്തിയെ അവൻറെ സമഗ്രതയിൽ വിലമതിക്കുന്നതിന് അനിവാര്യമാണ് സഹോദര്യവും വിദ്യഭ്യാസവും എന്ന് മാർപ്പാപ്പാ.
പതിവുപോലെ ഇക്കൊല്ലവും വലിയ നോമ്പിനോടനുബന്ധിച്ച് ബ്രസീലിലെ കത്തോലിക്കാ സഭ ആരംഭിച്ചിരിക്കുന്ന സാഹോദര്യപ്രചാരണ പരിപാടിയ്ക്ക് (Fraternity Campaign) ക്ഷാരബുധനാഴ്ച (02/03/22) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ഭ്രാതൃത്വവും വിദ്യഭ്യാസവും തമ്മിലുള്ള ബന്ധം ഈ പരിപാടിയുടെ വിചിന്തന പ്രമേയമായി ബ്രസീലിലെ സഭ ഇക്കൊല്ലം തെരഞ്ഞെടുത്തിരിക്കുന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
ഈ പ്രമേയം സൃഷ്ടിയുടെ പരിപാലനത്തിൻറെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വീണ്ടുമുണർത്തുന്നുവെന്നും പാപ്പാ പറയുന്നു.
വിദ്യഭ്യാസമേഖലയിൽ സാർവ്വത്രിക സാഹോദര്യത്തെയും സമഗ്ര മാനവികതയെയും പരിപോഷിപ്പിക്കുന്ന പരിവർത്തനപ്രവർത്തനങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ടതിൻറെ ആവശ്യകത ഇന്നത്തെ സമൂഹത്തെ വീക്ഷിക്കുമ്പോൾ സുവ്യക്തമാണെന്ന് പാപ്പാ പ്രസ്താവിക്കുന്നു.
വിഭാഗീയതെയും എതിർപ്പുകളെയും അതിജീവിക്കാനും കൂടുതൽ സാഹോദര്യമുള്ള മാനവികതയ്‌ക്കായി ബന്ധങ്ങളുടെ ഘടന പുനർനിർമ്മിക്കാനും കഴിവുള്ള, പക്വതയുള്ള ആളുകളെ രൂപപ്പെടുത്തുന്നതിനുള്ള വിശാലമായ വിദ്യാഭ്യാസ ഉടമ്പടി പൂർവ്വോപരി ഇന്ന് ആവശ്യമായിരിക്കുന്നുവെന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിക്കുന്നു.
മതങ്ങൾ എന്നും വിദ്യഭ്യാസമേഖലയുമായി ഉറ്റബന്ധം പുലർത്തിയിട്ടുണ്ടെന്നും, മുൻകാലങ്ങളിലെന്നപോലെ, ഇന്നും, നമ്മുടെ മതപാരമ്പര്യങ്ങളുടെ ജ്ഞാനത്തോടും മാനവികതയോടും കൂടി, ലോകത്ത് സാർവത്രിക സാഹോദര്യം വളർത്താൻ കഴിയുന്ന ഒരു നവീകൃത വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ഉത്തേജനം ആകാൻ മതങ്ങൾ ആഗ്രഹിക്കുന്നുവെന്നും പാപ്പാ പറയുന്നു.
"സാഹോദര്യവും വിദ്യാഭ്യാസവും" എന്ന പ്രമേയം എല്ലാ സഭാ സമൂഹങ്ങളിലും വലിയ പ്രതീക്ഷയ്ക്കും കത്തോലിക്കാ സ്കൂളുകളിലും സർവകലാശാലകളിലും ഫലപ്രദമായ നവീകരണത്തിനും കാരണമായിത്തീരട്ടെയെന്നും ഈ പ്രമേയത്തെ അവലംബമാക്കിയുള്ള വിചിന്തനത്താൽ പ്രബുദ്ധമായ ഈ നോമ്പുകാലയാത്ര ആധികാരിക മാനസാന്തരത്തിനുള്ള അവസരമാകട്ടെ, ഈ യാത്രയിൽ വിതയ്ക്കപ്പെടുന്ന വിത്തുകൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ വളക്കൂറുള്ള മണ്ണ് കണ്ടെത്തട്ടെയന്നും പാപ്പാ ആശംസിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: