തിരയുക

വത്തിക്കാൻ സംസ്ഥാന കാര്യദർശി കദ്ദിനാൾ പീയെത്രൊ പരോളിൻ,റോമിലെ അവെന്തീനൊ കുന്നിലുള്ള വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിൽ  വിഭൂതിത്തിരുന്നാൾക്കുർബ്ബാനാർപ്പണ വേളയിൽ പാപ്പായുടെ വചന സന്ദേശം വായിക്കുന്നു., 02/03/2022 വത്തിക്കാൻ സംസ്ഥാന കാര്യദർശി കദ്ദിനാൾ പീയെത്രൊ പരോളിൻ,റോമിലെ അവെന്തീനൊ കുന്നിലുള്ള വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിൽ വിഭൂതിത്തിരുന്നാൾക്കുർബ്ബാനാർപ്പണ വേളയിൽ പാപ്പായുടെ വചന സന്ദേശം വായിക്കുന്നു., 02/03/2022 

പാപ്പാ: സമാധാനത്തിനായി ദൈവത്തോടു കേഴുക!

മാർച്ച് 2-ന് ക്ഷാര ബുധനാഴ്ച വൈകുന്നേരം റോമിലെ അവെന്തീനൊ കുന്നിലുള്ള വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിൽ കർദ്ദിനാൾ പീയെത്രൊ പരോളിൻ, ഫ്രാൻസീസ് പാപ്പായ്ക്കു പകരം, വിഭൂതിത്തിരുന്നാൾക്കുർബ്ബാന അർപ്പിക്കുകയും പാപ്പായുടെ വചന സന്ദേശം വായിക്കുകയും ചെയ്തു. പ്രാർത്ഥന, ഉപവി, ഉപവാസം എന്നവ ദൈവത്തിന് നമ്മുടെയും ലോകത്തിൻറെയും ജീവിതത്തിൽ ഇടപെടുന്നതിനുള്ള പ്രധാന വഴികൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യർക്കു തനിയെ കെട്ടിപ്പടുക്കാനൊ എത്തിച്ചേരാനൊ കഴിയാത്ത സമാധാനത്തിനായി ദൈവത്തോടു പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

മാർച്ച് 2-ന് ക്ഷാര ബുധനാഴ്ച വൈകുന്നേരം റോമിലെ അവെന്തീനൊ കുന്നിലുള്ള വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായ്ക്കു പകരം വിഭൂതിത്തിരുന്നാൾക്കുർബ്ബാന അർപ്പിച്ച വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ദിവ്യബലി മദ്ധ്യേ വായിച്ച പാപ്പായുടെ സുവിശേഷ പ്രഭാഷണത്തിലാണ് ഈ ക്ഷണം ഉള്ളത്.

കാൽമുട്ട് വേദനമൂലം ചികിത്സയിലായതിനാലാണ് പാപ്പാ ഈ വിഭൂതിത്തിരുന്നാൾ തിരുക്കർമ്മം നയിക്കാതിരുന്നത്.

ഉക്രയിനുവേണ്ടിയുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനമായിരുന്നു മാർച്ച് 2 എന്നതും പാപ്പാ അനുസ്മരിച്ചു.

പാപ്പായുടെ സുവിശേഷ പരിചിന്തനം പ്രാർത്ഥന, ഉപവി, ഉപവാസം എന്നീ മൂന്നു കാര്യങ്ങളിൽ കേന്ദ്രീകൃതമായിരുന്നു.

ഇവ മൂന്നും ദൈവത്തിന് നമ്മുടെയും ലോകത്തിൻറെയും ജീവിതത്തിൽ ഇടപെടുന്നതിനുള്ള പ്രധാന വഴികളാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രാർത്ഥന, ഉപവി, ഉപവാസം എന്നിവ രഹസ്യത്തിൽ പക്വത പ്രാപിക്കേണ്ടവയാണെങ്കിലും  അവയുടെ ഫലങ്ങൾ രഹസ്യമല്ലെന്നും അവ നമുക്കു മാത്രമല്ല സകലർക്കും, ചരിത്രത്തെ പരിവർത്തനം ചെയ്യാൻ കഴിയുന്ന ഔഷധമാണെന്നും പാപ്പാ പ്രസ്താവിച്ചു.

യഥാർത്ഥ പ്രാർത്ഥനയ്ക്ക് ഉപവിയിൽ മൂർത്തരൂപമെടുക്കാതിരിക്കാനാകില്ലെന്നും ഈ ഉപവി നമ്മൾതന്നെയാകുന്ന ഏറ്റവും മോശമായ അടിമത്തത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഉപവാസം ശരീരത്തെയല്ല നമ്മുടെ ആത്മാവിനെ ശരിയാരൂപത്തിൽ നില നിറുത്തുന്നതിന് നമ്മെ സഹായിക്കുന്നുവെന്നും വസ്തുക്കൾക്ക് ശരിയായ മൂല്യം കല്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ക്ഷാര ബുധൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മുടെ വിശ്വാസയാത്രയുടെ ഫലത്തിലെന്നതിലുപരി ആ യാത്രയ്ക്കു വേണ്ടതായ പ്രതിബദ്ധതയിലാണെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ നമ്മുടെ ഹൃദയത്തിൽ പ്രതിഫലത്തിനായുള്ള ഒരു ദാഹം, അഭിവാഞ്ഛ ഉണ്ട് എന്ന വസ്തുത ചൂണ്ടിക്കാട്ടി.

ഈ പ്രതിഫലം രണ്ടുതരത്തിലുള്ളതാണെന്നും, ഒന്ന്, സ്വർഗ്ഗീയ പിതാവിൽ നിന്നുള്ളതും മറ്റൊന്ന് മനുഷ്യരിൽ നിന്നുള്ളതുമാണെന്നും ഇവയിൽ ആദ്യത്തേത് യഥാർത്ഥവും ശാശ്വ തവുമാണെന്നും അതാണ് ജീവിത ലക്ഷ്യമെന്നും പാപ്പാ വിശദീകരിച്ചു.

രണ്ടാമത്തേത്, അതായത്, മനുഷ്യരിൽ നിന്നുള്ള പ്രതിഫലം ക്ഷണികമാണെന്നും അത് മനുഷ്യരുടെ പ്രശംസയ്ക്കും ലൗകിക നേട്ടങ്ങൾക്കും പിന്നാലെ പോകുന്നതാണെന്നും പാപ്പാ പറഞ്ഞു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2022, 14:48