മതപരമായി യുദ്ധത്തെ ന്യായീകരിക്കുന്നതിനെതിരെ ഫ്രാൻസിസ് പാപ്പാ
മുഖപ്രസംഗം - അന്ദ്രേയാ തൊർനിയേല്ലി
"ദൈവത്തിന്റെ നാമത്തിൽ ഞാൻ ആവശ്യപ്പെടുന്നു: ഈ കൂട്ടക്കൊല അവസാനിപ്പിക്കൂ" റോമിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒമ്പതാം വാർഷികമായ മാർച്ച് 13ന് ഞായറാഴ്ച ത്രികാല പ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ മുറവിളിച്ചു. മേരിയുപോളിൽ അക്രമണത്തിനിരയായവരെ അനുസ്മരിച്ചു കൊണ്ട് "കുട്ടികളെയും നിരപരാധികളും നിരായുധരായ സാധാരണക്കാരെയും കൊല്ലുന്ന ക്രൂരതയെ "അംഗീകരിക്കാനാവാത്ത സായുധ അക്രമം" എന്ന് അസന്നിഗ്ദ്ധമായി നിർവചിച്ചു കൊണ്ട് "നഗരങ്ങളെ സെമിത്തേരികളാക്കി തീർക്കുന്നതിനു മുമ്പു് '' അക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് നന്ദി പറയുകയും സകലരോടും സമാധാനത്തിനായുള്ള പ്രാർത്ഥന വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തന്റെ സന്ദേശത്തിന്റെ അവസാന ഭാഗത്ത് ഫ്രാൻസിസ് പാപ്പാ വളരെ വ്യക്തവും ശക്തവുമായ വാക്കുകളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന വക്രതയെ അപലപിച്ചു. "ദൈവം സമാധാനത്തിന്റെ മാത്രം ദൈവമാണ്, യുദ്ധത്തിന്റെ ദൈവമല്ല; അക്രമത്തെ പിന്തുണയ്ക്കുന്നവർ അവന്റെ പേര് അശുദ്ധമാക്കുന്നു." പാപ്പാ തറപ്പിച്ചു പറഞ്ഞു. വിദ്വേഷത്തെയും അക്രമത്തെയും ന്യായീകരിക്കാൻ ദൈവത്തിന്റെ നാമം ഉപകരണമാക്കുന്നതിനെതിരെ തന്റെ മുൻഗാമികളായ വി. ജോൺ പോൾ രണ്ടാമനും, ബെനഡിക്ട് പതിനാറാമനും ഈ കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ചിരുന്ന അതേ വാക്കുകൾ തന്നെയാണ് ഫ്രാൻസിസ് പാപ്പായും ഉപയോഗിച്ചത്. എന്നാൽ ഇപ്രാവശ്യം പാപ്പായുടെ അപേക്ഷ ലക്ഷ്യം വയ്ക്കുന്നത് ജിഹാദി മൗലിക വാദികളെയല്ല, മറിച്ച് ഒരേ മതത്തിൽ ഉൾപെട്ടവരെന്നു കരുതുന്നവരും ഒരേ ജ്ഞാനസ്നാനത്തിൽ പങ്കു പറ്റുന്ന ക്രൈസ്തവരുമായവർ യുക്രെയ്നിൽ ബോംബാക്രമണത്തിൽ മരിച്ചുവീഴുന്നത് കാണുന്ന വിശ്വാസികൾക്ക് ഒരു മതപരമായ വിശദീകരണം നൽകാനുണ്ടെന്നു കരുതുന്നവരെയാണ്.
(പരിഭാഷ - സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: