തിരയുക

ഡാക്കറിലെ വെള്ളച്ചാട്ടം. ഡാക്കറിലെ വെള്ളച്ചാട്ടം. 

പാപ്പാ: “കുടിവെള്ളത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു”

പാപ്പായുടെ ലോക ജലദിന സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെനഗലിലെ ഡാക്കറിൽ നടക്കുന്ന ആഗോള ജല ചർച്ചാ വേദിക്ക് നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശത്തെ കുറിച്ച് ആവർത്തിക്കുകയും സുരക്ഷിതമായ ജല ലഭ്യതയെ ജീവിക്കാനുള്ള അനിഷേധ്യമായ അവകാശവുമായി ബന്ധിപ്പിക്കുകയും ചെയ്തു.

ഒമ്പതാമത് ആഗോള ജല ചർച്ചാ വേദി തിങ്കളാഴ്ച സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിൽ ആരംഭിച്ചു. "സമാധാനത്തിനും വികസനത്തിനും ജലസുരക്ഷ" എന്ന വിഷയത്തിൽ മാർച്ച് 21-26 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സംരംഭം, ഇന്നും ഭാവിയിലും മനുഷ്യനും പ്രകൃതിക്കും നേരിടുന്നതും നേരിടാവുന്നതുമായ ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മുൻവ്യവസ്ഥയായ ആഗോള ജലകാര്യപരിപാടി ഫലപ്രദമായി നടപ്പിലാക്കുന്നത് വേഗത്തിലാക്കാനാണ് ഈ ചർച്ചാ വേദി ലക്ഷ്യമിടുന്നത്.

സമാധാനത്തിനുള്ള ദാഹം

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ടയച്ച ഫ്രാൻസിസ് പാപ്പായുടെ വേൾഡ് വാട്ടർ ഫോറത്തിനുള്ള സന്ദേശം, സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ ഇടക്കാല തലവൻ കർദിനാൾ മൈക്കൽ ചേർണിയാണ് വായിച്ചത്.

  "നമ്മുടെ ലോകം സമാധാനത്തിനായി ദാഹിക്കുന്നു. ഓരോ മനുഷ്യന്റെയും അത്യാവശ്യവും സുപ്രധാനവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അധിഷ്ഠിതമായ ഈ അവിഭാജ്യ നന്മയ്ക്കായി, എല്ലാവരുടെയും പരിശ്രമവും നിരന്തരമായ സംഭാവനയും ആവശ്യമാണ്."

മലിനീകരണം, സംഘർഷം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളാൽ ഇന്ന് ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പാപ്പാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

"എന്നിരുന്നാലും, വെള്ളം സമാധാനത്തിനുള്ള വിലയേറിയ സമ്പത്താണ്,"  "അതിനാൽ, വാണിജ്യ ലാഭം ഉണ്ടാക്കുന്നതും കമ്പോള നിയമങ്ങൾക്ക് വിധേയവുമായ ഒരു സ്വകാര്യ വസ്തുവായി ഇതിനെ കണക്കാക്കാനാവില്ല." പാപ്പാ വിശദീകരിച്ചു.

വെള്ളത്തിനുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും

"കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശം ജീവിക്കാനുള്ള അവകാശവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു, അത് മനുഷ്യ വ്യക്തിയുടെ അനിഷേധ്യമായ അന്തസ്സിൽ വേരൂന്നിയതും മറ്റ് മനുഷ്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനുള്ള വ്യവസ്ഥയുമാണ്" എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ രേഖപ്പെടുത്തി.

വെള്ളത്തിനും ശുചിത്വത്തിനുമുള്ള ലഭ്യത യഥാർത്ഥത്തിൽ "പ്രാഥമികവും മൗലികവും സാർവത്രികവുമായ മനുഷ്യാവകാശമാണ്, കാരണം അത് ജനങ്ങളുടെ നിലനിൽപ്പിനെ നിർണ്ണയിക്കുന്നു."അതുകൊണ്ട്, "ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്ത പാവപ്പെട്ടവരോടു" ലോകത്തിന് ഗൗരവപരമായ സാമൂഹ്യ കടമുണ്ടെന്ന് പാപ്പാ ഊന്നി പറഞ്ഞു. മാത്രമല്ല പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സുരക്ഷിതമല്ലാത്ത തരത്തിലേക്ക് മലിനമാക്കപ്പെടുത്തുകയോ ആയുധങ്ങളാൽ നശിപ്പിക്കപ്പെടുകയും ഉപയോഗശൂന്യമാക്കുകയും, മോശമായ വന പരിപാലനത്തിന്റെ ഫലമായി വറ്റിപ്പോവുകയോ ചെയ്യാൻ ഇടയാക്കുകയും ചെയ്ത എല്ലാറ്റിനും  ലോകം കടപ്പെട്ടിരിക്കുന്നു.

ഇന്ന് രണ്ട് ലക്ഷം കോടിയിലധികം വരുന്ന ജനങ്ങൾക്ക് ശുദ്ധജലത്തിന്റെയും ശുചീകരണത്തിനുള്ള ജലത്തിന്റെയും ലഭ്യത നഷ്ടപ്പെട്ടിരിക്കുന്നു എന്ന വസ്തുതയെ കുറിച്ച്  സൂചിപ്പിച്ച പാപ്പാ ഇതു മൂലം ആരോഗ്യ കേന്ദ്രങ്ങളിലെ രോഗികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, തടവുകാർ, അഭയാർത്ഥികൾ, നാടുകടത്തപ്പെട്ടവർ എന്നിവർക്ക് ഉണ്ടാക്കിയേക്കാവുന്ന മൂർത്തമായ പ്രത്യാഘാതങ്ങളെക്കുറിച്ച്  ചിന്തിക്കാൻ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തു.

പൊതുനന്മയെ സേവിക്കുക

എല്ലാ രാഷ്ട്രീയ-സാമ്പത്തിക നേതാക്കളോടും, വിവിധ ഭരണസംവിധാനങ്ങളോടും, ഗവേഷണം, ധനസഹായം, വിദ്യാഭ്യാസം, പ്രകൃതി വിഭവങ്ങളുടെയും ജലത്തിന്റെയും ചൂഷണം എന്നിവയിൽ നേരിട്ട് ഇടപെടാൻ കഴിയുന്നവരോടും പൊതുനന്മയെ അന്തസ്സോടും, നിശ്ചയദാർഢ്യത്തോടും,സമഗ്രതയോടും, സഹകരണ മനോഭാവത്തോടും കൂടെ സേവിക്കാൻ പാപ്പാ അഭ്യർത്ഥിച്ചു.

സമൂഹങ്ങൾ ജലദൗർലഭ്യ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുകയും ജലത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുകയും ചെയ്യുന്നത്, കൂടുതൽ സാമൂഹിക ഐക്യവും ഐക്യദാർഢ്യവും സൃഷ്ടിക്കുന്നതിനും  ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള  പ്രക്രിയകൾ ആരംഭിക്കുന്നതിനും സഹായിക്കും എന്ന് പാപ്പാ വ്യക്തമാക്കി. "ജലം ദൈവത്തിന്റെ ദാനമാണ്, ഓരോ തലമുറയ്ക്കും സാർവ്വത്രികമായി ഉപയോഗിക്കേണ്ട ഒരു പൊതു പൈതൃകമാണ്" എന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ജലം പങ്കുവയ്ക്കലും നിയന്ത്രിക്കലും

ഉപരിതലത്തിലും ഭൂഗർഭത്തിലുള്ളതുമായ ശുദ്ധജലം, വലിയതോതിൽ അതിരുകളില്ലാത്തതാണ് എന്ന സത്യം  രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിനും കാരണമാകാം. ഇക്കാര്യത്തിൽ, അതിരുകടക്കുന്ന ജലത്തിന്റെ കാര്യത്തിലുള്ള സഹകരണത്തിനായി നന്നായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ സമാധാനത്തിന്റെയും സായുധ പോരാട്ടം തടയുന്നതിന്റെയും പ്രധാന ഘടകമാണെന്ന് പാപ്പാ വിശ്വസിക്കുന്നു. ഈ സാഹചര്യങ്ങളിലെല്ലാം, ജലം  സ്വാഗതത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമായും പരസ്പര വിശ്വാസവും സാഹോദര്യവും വർദ്ധിപ്പിക്കുന്ന കൂടിക്കാഴ്ചയ്ക്കും സഹകരണത്തിനുമുള്ള ഒരു കാരണമായും മാറണം. അതിനാൽ, സുസ്ഥിരമായും ഫലപ്രദമായ ഐക്യദാർഢ്യമുള്ള സ്ഥാപനങ്ങളുമായും ജലം കൈകാര്യം ചെയ്യുന്നത് സമാധാനത്തിനുള്ള സംഭാവന മാത്രമല്ല; ഒരുമിച്ച് പരിപാലിക്കാൻ നമ്മെ ഏൽപ്പിച്ചിരിക്കുന്ന സൃഷ്ടിയുടെ ഈ സമ്മാനം തിരിച്ചറിയുന്നതിനുള്ള ഒരു മാർഗ്ഗവും  കൂടിയാണ്,പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി. എല്ലാ മനുഷ്യർക്കും കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശം സാക്ഷാത്കരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമാകട്ടെ ആഗോള ജല ചർച്ചാ വേദി എന്നാശംസിച്ച പാപ്പാ അതിനായി തന്റെ പ്രാർത്ഥന അവർക്ക്  വാഗ്ദാനം നൽകുകയും ചെയ്തു.

പരസ്പരവിശ്വാസത്തിൽ കെട്ടിപ്പടുക്കുന്നതിനാൽ, നിലനിൽക്കുന്ന സമാധാനം സ്ഥാപിക്കാൻ അനുകൂലമായ ക്രിയാത്മകവും ഉത്തരവാദിത്തവുമുള്ള സംവാദത്തിന്റെയും പങ്കുവയ്ക്കലിന്റെയും യഥാർത്ഥ പ്രതീകമായി ജലത്തെ മാറ്റുന്നതിന് ഈ യോഗം സഹായിക്കുമെന്ന തന്റെ പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 മാർച്ച് 2022, 13:40