തിരയുക

ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ ലോകസമാധാനത്തിനായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച് ഫ്രാൻസിസ് പാപ്പാ 

റഷ്യയുടെയും ഉക്രൈയിനിന്റെയും സമർപ്പണം: മെത്രാന്മാർക്ക് പാപ്പായുടെ കത്ത്

മാർച്ച് ഇരുപത്തിയഞ്ചാം തീയതി റഷ്യയെയും ഉക്രൈയിനിയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലോകമാസകലമുള്ള കത്തോലിക്കാ മെത്രാന്മാർക്ക് ഫ്രാൻസിസ് പാപ്പാ കത്തയച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു മാസമായി തുടരുന്ന യുദ്ധം

ലോകസമാധാനത്തിനുപോലും ഭീഷണിയുയർത്തിക്കൊണ്ട് ഉക്രയിനിലെ അടിച്ചമർത്തപ്പെട്ട ജനതയുടെ ഭീകരമായ യാതനകൾ അനുദിനം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഏതാണ്ട് ഒരുമാസമായി തുടരുന്ന ഈ യുദ്ധം ഉണ്ടാക്കുന്നതെന്ന് പാപ്പാ തന്റെ കത്തിൽ കുറിച്ചു. ഈയവസരത്തിൽ, സമാധാനത്തിന്റെ രാജാവിനോട് മാധ്യസ്ഥ്യത്തിനായി പ്രാർത്ഥിക്കാനും നിലവിലെ സംഘർഷണങ്ങളുടെ ദുരിതഫലങ്ങൾ അനുഭവിക്കുന്നവർക്ക് സമീപസ്ഥരായിരിക്കാനും സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ എഴുതി. ഈയവസരത്തിൽ, പ്രാർത്ഥനക്കും ഉപവാസത്തിനും, ഉപവിപ്രവർത്തനങ്ങൾക്കുമുള്ള തന്റെ അഭ്യർത്ഥന മാനിച്ച് അനുകൂലമായി പ്രതികരിക്കുന്നവരോട് താൻ നന്ദിയുള്ളവനാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

മംഗളവാർത്തതിരുന്നാൾ ദിനത്തിൽ സമർപ്പണം

നിരവധി വിശ്വാസികളുടെ അഭ്യർത്ഥനകൂടി കണക്കിലെടുത്തുകൊണ്ട്, ഇപ്പോൾ സംഘർഷത്തിലിരിക്കുന്ന രണ്ടു രാജ്യങ്ങളെയും പ്രത്യേകമായ രീതിയിൽ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ തന്റെ കത്തിൽ എഴുതി. മാർച്ച് ഇരുപത് ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസാനത്തിൽ താൻ അറിയിച്ചിരുന്നതുപോലെ, മംഗളവർത്തതിരുന്നാൾ ദിനമായ മാർച്ച് ഇരുപത്തിയഞ്ചിന് സകല മാനവകുലത്തെയും പ്രത്യേകിച്ച് റഷ്യയെയും ഉക്രയിനെയും മറിയത്തിന്റെ വിമലഹൃദയത്തിന് പ്രത്യേകമായി സമർപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നു എന്ന് പാപ്പാ വ്യക്തമാക്കി. അന്നേദിനം വൈകുന്നേരം അഞ്ചുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവച്ച് നടക്കുന്ന ഒരു അനുരഞ്ജന ശുശ്രൂഷയുടെ പശ്ചാത്തലത്തിലായിരിക്കും ഇത് നടക്കുക. ദൈവത്തിന്റെ ക്ഷമയാൽ നവീകരിക്കപ്പെട്ട് സമാധാനത്തിനായി പ്രാർത്ഥിക്കുന്നത് നല്ലതായതിനാലാണ് ഇപ്രകാരം നടത്തുന്നതെന്നും പാപ്പാ എഴുതി. സമർപ്പണം ഏകദേശം ആറരയോടെയാകും നടക്കുക.

സർവ്വത്രികസഭയുടെ പങ്കുചേരൽ

ഇപ്പോഴത്തെ നിർണ്ണായകനിമിഷത്തിൽ, കഷ്ട്ടപ്പെടുന്നവരുടെയും, ഈ അക്രമത്തിന് ഒരു അറുതിവരുവാനായി പ്രാർത്ഥിക്കുന്നവരുടെയും നിലവിളി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ സഹായത്തോടെ ദൈവസന്നിധിയിലേക്ക് എത്തിക്കുവാനുള്ള ഒരു പ്രവൃത്തിയാണ് ഇതുകൊണ്ട് പാപ്പാ ഉദ്ദേശിക്കുന്നത്. ഈയവസരത്തിൽ, മാർച്ച് ഇരുപത്തിയഞ്ചാം തീയതി, വൈദികർക്കും, സന്യസ്തർക്കും, മറ്റ് വിശ്വാസികൾക്കുമൊപ്പം പ്രാർത്ഥനയിലൂടെ ഈ കർമ്മത്തിൽ പങ്കുചേരാനും, അതുവഴി ദൈവജനം മുഴുവനും, തങ്ങളുടെ അമ്മയായ മറിയത്തോട് ഈയൊരു പ്രാർത്ഥന നടത്തുവാൻ ആഹ്വാനം ചെയ്യുവാനും പാപ്പാ എല്ലാ മെത്രാന്മാരെയും ക്ഷണിച്ചു. അന്നേദിവസം പ്രാർത്ഥിക്കുവാനായി പരിശുദ്ധ അമ്മയുടെ തിരുഹൃദയത്തിനുള്ള പ്രത്യേക സമർപ്പണത്തിന്റെ പ്രാർത്ഥന വിവിധ ഭാഷകളിൽ പാപ്പാ നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 March 2022, 13:47