ഫ്രാൻസിസ് പാപ്പയും സ്ലോവാക്യ പ്രധാനമന്ത്രി ഹെഗറും യുക്രെയ്നിലെ യുദ്ധത്തെകുറിച്ച് ചർച്ച ചെയ്തു
സി.റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
സ്ലോവാക്യൻ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ തിങ്കളാഴ്ച ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസിൽ നിന്നുള്ള പ്രസ്താവന പറഞ്ഞു. ഇന്ന് നടന്ന കൂടികാഴ്ചയിൽ 2021 സെപ്റ്റംബറിൽ സ്ലൊവാക്യയിലേക്കുള്ള പാപ്പയുടെ അപ്പോസ്തോലിക യാത്രയെ രണ്ട് പേരും അനുസ്മരിച്ചു, "നല്ല ഉഭയകക്ഷി ബന്ധത്തിന്റെയും സമൂഹത്തിൽ സഭയുടെ പങ്കിനെയും" കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു.
പാപ്പയും സ്ലോവാക്യയിലെ പ്രധാനമന്ത്രിയും യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് ആഴത്തിൽ ചർച്ച ചെയ്തു. കൂടാതെ പ്രാദേശികവും അന്തർദേശീയ തലത്തിലും യുദ്ധമുണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഫ്രാൻസിസ് പാപ്പായും സ്ലോവാക്യൻ പ്രധാനമന്ത്രി ഹെഗറും "മാനുഷിക സാഹചര്യത്തിനും യുദ്ധ അഭയാർത്ഥികളുടെ സ്വീകരണത്തിനും" പ്രത്യേക ശ്രദ്ധ നൽകി. തുടർന്ന് സ്ലോവാക്യൻ പ്രധാനമന്ത്രി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ വിദേശകാര്യാലയത്തിന്റെ കാര്യദർശി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗില്ലഗെരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി.
യുക്രേനിയനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നു
പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഹെഗർ വത്തിക്കാൻ ന്യൂസ് പ്രവർത്തകൻ ലൂക്കാ കൊല്ലോടി യുഹ്രസ്വമായി സംസാരിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രാൻസിസ് പാപ്പയുടെ സ്ലോവാക്യയിലേക്കുള്ള ത്രിദിന യാത്രയ്ക്ക് നന്ദി അറിയിക്കാനാണ് താൻ റോമിൽ എത്തിയതെന്ന് സ്ലോവാക് പ്രധാനമന്ത്രി പറഞ്ഞു. 2.6 ദശലക്ഷത്തിലധികം ജനങ്ങളെ രാജ്യം വിട്ടുപോകാൻ നിർബന്ധിതരാക്കിയ യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് പാപ്പയുമായി സംസാരിക്കുമെന്ന് ഹെഗർ പറഞ്ഞു.
ഫെബ്രുവരി 24ന് റഷ്യ അയൽരാജ്യത്തെ ആക്രമിച്ചതിനുശേഷം ഏകദേശം 200,000 യുക്രേനിയൻ അഭയാർത്ഥികൾ സ്ലൊവാക്യയിലേക്ക് പ്രവേശിച്ചതായി അറിയിച്ചു.
പ്രതിദിനം എത്തിച്ചേരുന്നവരുടെ എണ്ണം നിലവിൽ 10000-12000 വരുന്നുണ്ടെന്ന് ഹെഗർ പറഞ്ഞു. എന്നാൽ റഷ്യൻ ആക്രമണം ശക്തമാകുന്നതിനാൽ വരും ദിവസങ്ങളിൽ ഈ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ, യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് പലായനം ചെയ്യുന്ന യുക്രേനിയക്കാരെ സ്വീകരിക്കാനുള്ള തങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ കുറിച്ച് സ്ലോവാക്യയ്ക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിന് വേണ്ടി പാപ്പാ നവീകരിച്ച അഭ്യർത്ഥന
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ നവീകരിച്ച അഭ്യർത്ഥനയുടെ ചുവടുപിടിച്ചാണ് സ്ലോവാക്യൻ പ്രധാനമന്ത്രിയുമായുള്ള ഈ കൂടികാഴ്ച്ച വത്തിക്കാനിൽ ഇന്ന് നടന്നത്. ഞായറാഴ്ച ത്രികാല പ്രാർത്ഥനാ സന്ദേശത്തിൽ, യുക്രെയ്നിൽ നിന്നുള്ള ദശലക്ഷക്കണക്കിന് അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന സ്ലോവാക്യ പോലുള്ള നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു.
"വേദനിക്കുന്ന ഹൃദയത്തോടെ" സംസാരിക്കുകയും "യുദ്ധം അവസാനിപ്പിക്കാൻ" അഭ്യർത്ഥിക്കുന്ന ദശലക്ഷക്കണക്കിന് സാധാരണക്കാരോടൊപ്പം പാപ്പാ ചേരുകയും ചെയ്തു."ദൈവനാമത്തിൽ, കഷ്ടപ്പെടുന്നവരുടെ നിലവിളി ശ്രദ്ധിക്കുക, ബോംബാക്രമണങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കുക!" എന്നാണ് പാപ്പാ അഭ്യർത്ഥിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: