തിരയുക

അന്തരിച്ച കർദ്ദിനാൾ അന്റോണിയോസ് നഗ്വീബ്. അന്തരിച്ച കർദ്ദിനാൾ അന്റോണിയോസ് നഗ്വീബ്.  

കർദ്ദിനാൾ നഗ്വീബിന്റെ മരണത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി

87-ആം വയസ്സിൽ തിങ്കളാഴ്ച അന്തരിച്ച ഈജിപ്ഷ്യൻ കർദ്ദിനാൾ അന്തോണിയോസ് നഗ്വീബിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം അയച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മാർച്ച് 28-ന് അന്തരിച്ച കോപ്‌റ്റിക് കത്തോലിക്കാ സഭയുടെ പാത്രിയർക്കി സായിരുന്നു കർദ്ദിനാൾ അന്റോണിയോസ് നഗ്വീബ്. 250,000-ത്തോളം വരുന്ന കത്തോലിക്കാ കോപ്റ്റിക് സമൂഹത്തിലെ പ്രമുഖനായിരുന്ന അദ്ദേഹം ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 87ആം വയസ്സിൽ  കെയ്റോയിലെ ഇറ്റാലിയൻ ആശുപത്രിയിലാണ്  അന്തരിച്ചത്.

അലക്സാൻഡ്രിയയിലെ പാത്രിയർക്കീസ് ഇബ്രാഹിം ഐസക് സെഡ്രാക്കിനെ അഭിസംബോധന ചെയ്തയച്ച ടെലിഗ്രാമിൽ, പാത്രിയാർക്കൽ സഭയുടെ നഷ്ടത്തിന് ഫ്രാൻസിസ് പാപ്പാ തന്റെ സാമിപ്യം പ്രകടിപ്പിച്ചു.

ഒരു നല്ല ഇടയൻ

ദരിദ്രർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള കർദ്ദിനാളിന്റെ "വികസന, സാമൂഹിക സേവന മേഖലയിലെ പ്രതിബദ്ധത" ഉയർത്തിക്കാട്ടിക്കൊണ്ട് പരിശുദ്ധ പിതാവ്, കർദ്ദിനാൾ നഗ്വീബ് അദ്ദേഹത്തിന്റെ സഭയ്ക്ക് "ഒരു നല്ല ഇടയന്റെ മാതൃക" യായിരുന്നെന്നും

കർത്താവ് "ഈ വിശ്വസ്ഥ ദാസനെ സ്വർഗ്ഗീയ ജറുസലേമിലേക്ക് സ്വാഗതം ചെയ്യട്ടെ" എന്ന് കന്യാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ പ്രാർത്ഥിക്കുകയും ചെയ്തു.

1935 മാർച്ച് 18 ന് ഈജിപ്തിലെ സമലൗട്ടിലാണ് കർദിനാൾ നഗ്വീബ് ജനിച്ചത്. കെയ്‌റോയിലെ ഇന്റർ റിച്വൽ മാദി സെമിനാരിയിലും തുടർന്ന് റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന യൂണിവേഴ്‌സിറ്റിയിലുമായിരുന്നു തന്റെ പഠനങ്ങൾ  നടത്തിയത്.

ദൈവശാസ്ത്രത്തിലും വിശുദ്ധ ഗ്രന്ഥത്തിലും ബിരുദം നേടിയ ശേഷം 1960-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, പുതിയ നിയമത്തിന്റെ ആധുനിക അറബി ഭാഷയിലേക്കുള്ള ഒരു പുതിയ വിവർത്തനത്തിന് മറ്റ് പണ്ഡിതന്മാരോടൊപ്പം സംഭാവന നൽകി.

 2006 മുതൽ 2013 വരെ അലക്സാൻഡ്രിയയിലെ പാത്രിയർക്കീസ്

1977-ൽ മിനിയ ബിഷപ്പായി നിയമിതനായ അദ്ദേഹം 2006-ൽ അലക്സാൻഡ്രിയയിലെ പാത്രിയാർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. അലക്സാൻഡ്രിയയിലെ പാത്രിയർക്കീസായിരുന്ന ഏഴു വർഷക്കാലം അദ്ദേഹം കോപ്റ്റിക് കത്തോലിക്കാ സഭാ സിനഡിന്റെ അധ്യക്ഷനും ഈജിപ്തിലെ കത്തോലിക്കാ ശ്രേണിയിലെ അസംബ്ലിയുടെ പ്രസിഡന്റും ആയിരുന്നു.

2010 മുതൽ കർദ്ദിനാൾ

മധ്യ കിഴക്കൻ മെത്രാന്മാരുടെ സിനഡിന്റെ റെക്കോർഡിംഗ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചവരവെ ഒരു മാസത്തിനുശേഷം 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി.

2011-ൽ ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് 2013 ജനുവരിയിൽ വിരമിച്ച അദ്ദേഹം ആ വർഷം മാർച്ചിൽ ഫ്രാൻസിസ് പാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ പങ്കെടുക്കുകയും ചെയ്തു.

എക്യുമെനിക്കൽ സംവാദത്തിന്റെ ശക്തനായ വക്താവ്

ഈജിപ്ഷ്യൻ ക്രിസ്ത്യാനികളിൽ ഭൂരിഭാഗം വരുന്ന ഓർത്തഡോക്സ് കോപ്‌റ്റുകളുമായുള്ള എക്യുമെനിക്കൽ സംവാദത്തിന്റെ ശക്തനായ വക്താവായിരുന്നു കർദ്ദിനാൾ നഗ്വീബ്.

2011-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ അട്ടിമറിച്ച അറബ് വസന്ത കലാപത്തിന് ശേഷം, രാജ്യത്ത് ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്ന ഇസ്ലാമിക റാഡിക്കലിസത്തെക്കുറിച്ചും അദ്ദേഹം ആശങ്കാകുലനായിരുന്നു.

ഈ ആശങ്കകൾ 2011-ൽ വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പ്രകടിപ്പിച്ചു. കെയ്റോയിലെ "തഹ്‌രീർ സ്ക്വയറിലെ സംഭവങ്ങളെക്കുറിച്ച്" അഭിപ്രായം പ്രകടിപ്പിച്ച കർദ്ദിനാൾ നഗ്വീബ്,  ഈജിപ്തിൽ മതമൗലികവാദത്തിന് മുൻതൂക്കം വന്നാൽ ഈജിപ്തിലെ യുവജനം തിരിച്ചുപിടിച്ച മാറ്റങ്ങൾ തകരുമെന്ന് സൂചിപ്പിച്ചു.

ഒരു വശത്ത് ആധുനിക ജനാധിപത്യത്തിനും മറുവശത്ത് ഇസ്‌ലാമിക മതമൗലികവാദത്തിനും ഇടയിൽ ഈജിപ്ത് ഒരു വഴിത്തിരിവിലാണെന്ന അഭിപ്രായകാരനായിരുന്ന പാത്രിയർക്കീസ്, രാഷ്ട്രീയ-മത മേഖലകളെ വേർതിരിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മാർച്ച് 2022, 21:25