“ക്രിസ്തു ജീവിക്കുന്നു” : യുവജനങ്ങളുടെ വഴികൾ
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
അഞ്ചാം അദ്ധ്യായം
അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവാക്കളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിൻതുടരാനാണ്.''
134. പരിവർത്തനം ചെയ്യുന്നു സുവിശേഷ പ്രകാശത്തിൽ യൗവനങ്ങളുടെ വർഷങ്ങളിൽ നാം ജീവിക്കണം എന്നതിന്റെ അർത്ഥം എന്താണ്? ഈ ചോദ്യം നാം ചോദിക്കണം എന്തെന്നാൽ യുവത്വം അഭിമാനത്തിന്റെ ഒരു ഉറവിടം എന്നതിനേക്കാൾ ദൈവത്തിന്റെ ഒരു ദാനമാണ്. ചെറുപ്പമായിരിക്കുക എന്നത് ഒരു കൃപയാണ്, അനുഗ്രഹമാണ്. അർത്ഥശൂന്യമായി ധൂർത്തടിക്കുകയോ കൃതജ്ഞതയോടെ സ്വീകരിച്ച് പൂർണ്ണമായി ജീവിക്കുകയോ ചെയ്യാവുന്ന ഒരു ദാനമാണ്.
135. ദൈവമാണ് യൗവനം നൽകുന്നവൻ. അവിടുന്ന് ഓരോ യുവാവിന്റെയും ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട്. യൗവനം യുവാക്കൾക്ക് അനുഗൃഹീത സമയമാണ്. സഭയ്ക്കും ലോകത്തിനും ഒരു കൃപയാണ്. അത് സന്തോഷമാണ്, പ്രത്യാശാ ഗീതമാണ്. ഒരു അനുഗ്രഹവുമാണ്. യൗവനത്തെ വിലമതിക്കുക എന്നാൽ ഈ ജീവിത കാലഘട്ടത്തിൽ മൂല്യമേറിയ ഒരു നിമിഷമായി കാണുക എന്നതാണ്. പക്വതയാർന്ന പ്രായത്തിലേക്ക് ചെറുപ്പക്കാർ കുതിക്കുന്ന കടന്നുപോകലിന്റെ ഒരു ഘട്ടമായല്ല അതിനെ കാണേണ്ടത്. (കടപ്പാട്. പി.ഒ.സി പ്രസീദ്ധീകരണം).
ഈ ഭാഗത്ത് യുവത്വം ദൈവത്തിന്റെ ദാനമാണെന്നും, ചെറുപ്പമായിരിക്കുന്നത് ഒരു കൃപയും അനുഗ്രഹവുമാണെന്നും പാപ്പാ പ്രബോധിപ്പിക്കുന്നു. യുവജനത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ട് ഒരു യുവാവിന് അല്ലെങ്കിൽ ഒരു യുവതിക്ക് അവന്റെ അല്ലെങ്കിൽ അവളുടെ യൗവനത്തെ അർത്ഥശൂന്യമായി ധൂർത്തടിക്കാം അല്ലെങ്കിൽ കൃതജ്ഞതയോടെ സ്വീകരിച്ച് പൂർണ്ണമായി ജീവിക്കാം എന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു അവസ്ഥയാണ് യുവത്വം. എല്ലാം ചെയ്യാനും, ചെയ്യുന്ന കാര്യങ്ങളുടെ കാരണങ്ങൾ തേടാനും, ഓരോന്നിലും കാരണങ്ങൾ കണ്ടെത്താനും ശക്തിപ്പെടുത്തുന്ന ഒരു കാലഘട്ടം. എത്രപേർ യുവത്വത്തെ ആസ്വദിക്കുന്നുണ്ട്, ആഘോഷിക്കുന്നുണ്ട്, ജീവിക്കുന്നുണ്ട്. നമ്മുടെ അന്ത്യകാലത്തെ മുഴുവൻ ചായ് വുകളെയും നിർണ്ണയിക്കാൻ പോകുന്നത് യൗവനത്തിലെ ചില നിലപാടുകളാണെന്ന് ഫാ.ബോബി ജോസ് കുറിക്കുന്നുണ്ട്. ശരിയാണ് വൃക്ഷം എങ്ങോട്ട് ചാഞ്ഞിരിക്കുന്നുവോ അവിടെയായിരിക്കും അതിന്റെ വീഴ്ച്ച.
ഭാരപ്പെടുത്താതെ ഒരാളുടെ യുവത്വവും ഈ ലോകത്തിൽ നിന്നും കടന്നു പോയിട്ടില്ല. യുവജനങ്ങൾ പലപ്പോഴും പ്രതികൂട്ടിൽ നിറുത്തപ്പെടാറുണ്ട്. അപ്പോഴൊക്കെ അവരുടെയുള്ളിലെ ഒരു റിബൽ ഉണർന്നുവരുന്നതും നാം വിസ്മരിച്ച് കൂടാ. എന്നിട്ടും ജീവിതത്തിൽ ചില യൗവനങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. സുവിശേഷത്തിന്റെ വെളിച്ചത്തിൽ നമുക്ക് ആദ്യം ചിന്തിക്കാം.
ദൈവത്തിന്റെ സ്വപ്നത്തെ തച്ചുടച്ച യുവാവായിരുന്നു കായേനെങ്കിൽ ദൈവത്തെ തന്നെ സ്വപ്നം കണ്ട യുവാവായിരുന്നു പഴയ നിയമത്തിലെ യാക്കോബിന്റെ മകൻ ജോസഫ്. കിനാവു കണ്ടെന്ന പേരിലാണ് അയാൾ സ്വന്തം സഹോദരങ്ങളാൽ നാടുകടത്തപ്പെട്ടതും, വിൽക്കപ്പെട്ടതും, ജയിലിൽ ജീവിക്കേണ്ടി വന്നതും. ജോസഫിന്റെ യൗവനം അത്ര സുഖകരമായ പാതയിലൂടെയായിരുന്നില്ല അവനെ നയിച്ചത്. പലതരം ചൂഷിതരുടെ കൈയ്യിൽ ചെന്നകപ്പെട്ട ജോസഫിന് ദൈവം കുടെയുണ്ടായിരുന്നത് കൊണ്ട് എല്ലാ വെല്ലുവിളികളെയും അയാൾ അഭിമുഖികരിച്ചു. ധനവും, അധികാരവും അവന് കൈവന്നെങ്കിലും ജോസഫ് അതിൽ മതിമറന്നില്ല. അതിനാൽ ദൈവത്തെ സ്വപ്നം കണ്ട് ജീവിച്ച ആ യുവാവ് നാട്ടിലെ ക്ഷാമത്തിന്റെ കാലത്ത് തന്റെ യൗവനത്തെ അപകരിച്ചവർക്ക് പിന്നീട് ആഹാരം നൽകുന്നവനായി മാറുന്നു.
യൗവനമെന്ന കൃപയുടെ ജീവിത ഘട്ടത്തിൽ ചെറിയ ചെറിയ യാനപാത്രങ്ങളെ കണ്ട് ഭയന്നും, വിറച്ചും, ജീവിതത്തിന്റെ വിധിയെ സ്വയം നിർണ്ണയിക്കുന്ന അപകടമേഖലകളിൽ സഞ്ചരിക്കുന്ന യുവജനങ്ങൾക്ക് ജീവിത നിയോഗം വരെ പോരാടി എത്തിയ ജോസഫിന്റെ ജീവിതം ഒരിക്കൽകൂടി ജീവിക്കാൻ ഉണർവ്വോടെ സഞ്ചരിക്കാൻ മാതൃകയാകുന്നു.
സ്വന്തം ജീവിതത്തിന് വേണ്ടി, സമൂഹത്തിന് വേണ്ടി, സഭയ്ക്ക് വേണ്ടി ഈ ലോകത്തിനു വേണ്ടി സ്വപ്നം കാണാൻ, ജീവിക്കാൻ പാപ്പാ അവരെ ക്ഷണിക്കുന്നു. അത് കൊണ്ടാണ് പാപ്പാ യൗവനത്തെ വിലമതിക്കാനും യുവ കാലഘട്ടത്തെ മൂല്യമേറിയ നിമിഷമായി കാണാനും ആവശ്യപ്പെടുന്നത്.
"ദൈവമാണ് യൗവനം നൽകുന്നവൻ. അവിടുന്ന് ഓരോ യുവാവിന്റെയും ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട് " എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. ഇന്ന് യുവജനത്തിന്റെ നന്മയും, ശക്തിയും ഊർജ്ജവും ഈ ലോകത്തിന് പ്രത്യേകിച്ച് സഭയ്ക്ക് ആവശ്യമാണ്. ആരൊക്കെയോ യുവത്വത്തിൽ പാകിയ നന്മയുടെ വിത്തുകളാണ് ഇന്ന് നാം അനുഭവിക്കുന്ന സുകൃതങ്ങളുടെ വേരുകളായി നിലനിൽക്കുന്നത്. നന്ദിയോടെ അവരെ അനുസ്മരിക്കുമ്പോൾ നമ്മുടെ യുവത്വവും ഭാവി തലമുറയ്ക്ക് നല്ല അനുസ്മരണ മായിത്തീരണം. അതിന് ലോകത്തിന്റെ മുഖത്തിലേക്ക് യുവജനങ്ങൾ തങ്ങളുടെ മിഴികളെ തുറന്നു നോക്കുകയും അകകണ്ണിൽ കണ്ടവയെ ധ്യാനിക്കുകയും വേണം. ആ ധ്യാനത്തിൽ നിന്നും പൊട്ടിയൊഴുകുന്നത് ജ്ഞാനത്തിന്റെ അരുവികളും പുഴകളുമാകണം. എങ്കിൽ ഈ ഭൂവിൽ നന്മയുടെയും, സ്നേഹത്തിന്റെയും, ശാന്തിയുടെയും, ക്രമത്തിന്റെയും, സമത്വത്തിന്റെയും, വിശുദ്ധിയുടെയും വരൾച്ചയുണ്ടാകുമ്പോൾ ഈ പുഴകളുടെ നനവ് കൊണ്ട് ആ വർൾച്ചയെ ഇല്ലാതാക്കാൻ യുവജനങ്ങൾക്ക് കഴിയും.
യുവത്വം ചിന്തകളുടെ ഒരു ലോകമാണ്. "അലോസരപ്പെടുത്തുന്ന ചിന്തകളിൽ നിന്നും മുക്തി നേടാൻ ചിന്തകളുടെ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കണം" എന്ന് റൂമി എന്ന സാധകൻ പറയുന്നു. ബൈബിൾ പറയുന്നത് "യുവാവേ യുവത്വത്തിൽ നിന്റെ സ്രഷ്ടാവിനെ അനുസ്മരിക്കുക " എന്നാണ്. ഈ ഓർമ്മ നമ്മെ കൃപയുടെ ജാലകങ്ങൾ ഓരോന്നും നമുക്കായി തുറന്നു തരും. അവ പിന്നെ അനുഗ്രഹങ്ങളുടെ വാതായനങ്ങൾ അപരർക്കായി തുറക്കാൻ നമ്മെ പ്രാവ്തരാക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: