“ക്രിസ്തു ജീവിക്കുന്നു”: യുവത്വം സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും സമയം
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
അഞ്ചാം അദ്ധ്യായം
അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവാക്കളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിൻതുടരാനാണ്.''
സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും സമയം
136. യേശുവിന്റെ കാലത്ത് ബാല്യത്തിൽ നിന്നുള്ള കടന്നുപോക്ക് ജീവിതത്തിലെ ശ്രദ്ധേയമായ ഒരു പടിയായിരുന്നു. സന്തോഷപൂർവ്വം ആഘോഷിക്കപ്പെടുന്ന ഒന്നായിരുന്നു. യേശു ഒരാളുടെ പുത്രിയെ ജീവനിലേക്ക് കൊണ്ടുവന്നപ്പോൾ ആദ്യം അവളെ “കൂട്ടി” (മർക്കോ 5:39) എന്നു വിളിച്ചു. എന്നാൽ പിന്നീട് അവളെ “ബാലികേ” (മർക്കോ 5:41) എന്ന് വിളിച്ചു. “ബാലികേ എഴുനേൽക്കു” (തലിത്താകും) എന്ന് പറഞ്ഞതിലൂടെ അവിടുന്ന് യൗവനത്തിലേക്കുള്ള വാതിൽ അവൾക്ക് മുൻപിൽ തുറന്നു കൊണ്ട് അവളെ ജീവിതത്തെ സംബന്ധിച്ച് കൂടുതൽ ഉത്തരവാദിത്വമുള്ളവളാക്കി.
137. യൗവനം വ്യക്തിത്വവികാസത്തിലെ ഒരു ഘട്ടമാണ്. ആകയാൽ കൂടുതൽ പ്രാധാന്യമുള്ള സ്വപ്നങ്ങളും കൂടുതൽ കൂടുതൽ സ്ഥിരതയും സന്തുലിതത്വവും നേടുന്ന ബന്ധങ്ങളാലും പരീക്ഷണങ്ങളാലും ക്രമേണ ഒരു ജീവിത പദ്ധതി നിർമ്മിക്കുന്ന തിരഞ്ഞെടുപ്പുകളാലും മുഖരിതമായ ജീവിതത്തിലെ ഈ ഘട്ടത്തിൽ തങ്ങളുടെ വേരുകളിൽ നിന്ന് മുറിച്ചു മാറ്റാതെ മുന്നോട്ടുനീങ്ങാൻ വിളിക്കപ്പെടുന്നു. അത് ഏകാന്തത അല്ലാതെ സ്വയംഭരണം നടപ്പിലാക്കാനാണ്. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും സമയമാണ് യുവത്വമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ നാട്ടിലും പാശ്ചാത്യ നാടുകളിലും യുവത്വത്തിലേക്കുള്ള ഒരു വ്യക്തിയുടെ പ്രവേശനം ആഘോഷിക്കപ്പെടുന്നുണ്ട്. അത് ഉത്തരവാദിത്വമേറ്റെടുക്കാനുള്ള ഒരു വിളിയുടെ ആഘോഷമാണ്. ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള ഒരു വചന ഭാഗത്തെ പാപ്പാ മനോഹരമായ രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട് ഈ കാര്യം നമുക്ക് വ്യക്തമാക്കിത്തരുന്നു. ജായ്റോസിന്റെ പുത്രിയെ മരണത്തിൽനിന്ന് ജീവനിലേക്ക് കൊണ്ടുവന്ന രംഗമാണ് പാപ്പാ അതിനായി ഉപയോഗിക്കുന്നത്. ആദ്യം യേശു അവളെ വിളിച്ചത് കുട്ടി എന്നാണ്. എന്നാൽ പിന്നീട് അവളെ ബാലികേ എന്ന് വിളിക്കുന്നു. ബാലികേ എഴുന്നേൽക്കൂ എന്ന് അഭിസംബോധന ചെയ്യുന്നതിലൂടെ യേശു അവൾക്കു യൗവനത്തിലേക്കുള്ള വാതായനങ്ങൾ തുറന്നു കൊടുക്കുന്നു എന്നും ജീവിതത്തെ സംബന്ധിച്ച് കൂടുതൽ അവളെ ഉത്തരവാദിത്വമുള്ളവളാക്കുന്നു എന്നും പാപ്പാ വിശദീകരിക്കുന്നു.
ഉണർവ്വിന്റെ യുവത്വത്തിലേക്കുള്ള വിളി
ഉറങ്ങിക്കിടന്നിരുന്ന പ്രായത്തിൽ നിന്നും ഉണർവ്വിന്റെ യുവത്വത്തിലേക്കുള്ള ഒരു വിളിയാണ് ക്രിസ്തു ഇവിടെ നൽകുന്നത്. ഭാവിയെ സംബന്ധിച്ച പദ്ധതികൾ ക്രമീകരിക്കുവാൻ സ്വയം പ്രാപ്തരാക്കുന്ന ഒരു ജീവിത ഘട്ടത്തിലേക്കുള്ള വിളി. സ്വപ്നങ്ങളെ തിരിച്ചറിയാനും സ്വപ്നങ്ങളിലേക്ക് യാത്ര തിരിക്കാനും, ആ സ്വപ്നങ്ങളെ സ്വന്തമാക്കാൻ പരിശ്രമിക്കാനുള്ള ജീവിത ഘട്ടമാണ് യുവത്വം എന്ന് പറയുന്ന പാപ്പാ സ്വപ്നങ്ങളുടെ യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ മാത്രമല്ല സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ തുടരുന്ന യാത്രയിൽ യുവജനങ്ങൾ ഉത്തരവാദിത്വത്തോടെ മുന്നോട്ടുപോകേണ്ടത് വേരുകൾ മുറിക്കാതെ തന്നെയായിരിക്കണമെന്ന് ഊന്നിപ്പറയുന്നു.
വേരുകൾ നഷ്ടപ്പെടാതെ യാത്ര
പല അവസരങ്ങളിലായി പാപ്പാ വേരുകൾ നഷ്ടപ്പെടാതെ യാത്ര തുടരണമെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 23 ആം തീയതി പങ്കുവെച്ച ട്വിറ്റർ സന്ദേശത്തിൽ “യുവജനങ്ങൾ പ്രായം ചെന്നവരുമായി സംവാദിക്കുകയും മുതിർന്നവർ യുവജനങ്ങളുമായി സംവാദിക്കുകയും വേണം. മനുഷ്യരാശിക്ക് വിജ്ഞാനം പകരുന്നതാവണം ഈ പാലം. കാരണം മുതിർന്നവർ ഒരു മരത്തിന്റെ വേരുകൾ പോലെയും യുവജനങ്ങൾ അതിന്റെ പൂക്കളും ഫലങ്ങളും പോലെയുമാണ് എന്ന്” പാപ്പാ പങ്കുവെച്ചു.
റൊമാനിയയിൽ നടത്തിയ അപ്പോസ്തോലിക സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നൽകിയ പ്രഭാഷണത്തിൽ നമുക്ക് നമ്മെ ഒന്നിപ്പിക്കുന്ന ഒരു ശക്തമായ ആത്മീയ അടിത്തറയുണ്ടെന്നും ആ വേരാണ് നമ്മൾ മറ്റുള്ളവരുടെതാണെന്നും നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കുന്നതുമെന്ന് പാപ്പാ സൂചിപ്പിച്ചു.
യുക്രെയ്നിലെ യുവജനങ്ങൾ
ഇന്ന് നമ്മുടെ പുലരികൾ നമ്മെ വിളിച്ചുണർത്തുന്നത് യുദ്ധമുഖത്തിൽ നിന്നുയരുന്ന ഭീകര മുഴക്കങ്ങളോടെയാണ്. ഇവിടെ ഒരു രാജ്യത്തിന്റെ ഉറപ്പുകളും, കെട്ടിടങ്ങളും, സമ്പത്തും, ആണവ ശക്തികേന്ദ്രങ്ങളും, ആയുധശേഖരണങ്ങളും മാത്രമല്ല നശിപ്പിക്കപ്പെടുന്നത്, ചിന്നി ചിതറുന്നത്. മറിച്ച് ഒരു ജനതയുടെയും, ഭാവി തലമുറകളുടെയും തന്നെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിൽ പതിമൂന്നു ദിവസങ്ങൾക്കൊണ്ട് ദശലക്ഷക്കണക്കിനാളുകളാണ് അഭയാർത്ഥികളാക്കപ്പെട്ടത്. ഇവരിൽ യുവജനങ്ങളും അവരുടെ സ്വപ്നങ്ങളും അഭയ കേന്ദ്രങ്ങളിൽ തടവിലാക്കപ്പെടുകയാണ്. ഈ സാഹചര്യങ്ങളിൽ നിന്നാണ് വെല്ലുവിളികളുടെയും ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെയും കാലഘട്ടമായ യുവത്വത്തെ കുറിച്ച് നാം ചിന്തിക്കുന്നത്.
അഭയാർത്ഥികളായി ഒഴുകുന്ന ജനത്തോടൊപ്പമുളള ഒരു യുവാവിന് അല്ലെങ്കിൽ ഒരു യുവതിക്ക് അവന്റെയോ അല്ലെങ്കിൽ അവളുടെയോ ജീവിതത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനും പണിതുയർത്താനും കഴിയും? ഒരു വ്യക്തിയുടെ അധികാരവും ശക്തിയും നൽകുന്ന സ്വാധീനത്തിന്റെ പേരിൽ സ്വന്തം കുടംബവും ജീവിത സ്വപ്നങ്ങളും ഉപേക്ഷിച്ച് യുദ്ധഭൂമിയിൽ രാവും പകലും മറ്റുള്ളവരെ കൊന്നൊടുക്കണമെന്ന ലക്ഷ്യത്തോടെ കൈകളിൽ ആയുധമേന്തി നിൽക്കുന്ന യുവ സൈനീകരുടെ സ്വപ്നങ്ങൾ വീണ്ടെടുക്കാൻ ആർക്കാണ് കഴിയുക? ശത്രുവിൽ നിന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കാൻ പോരാടേണ്ടിവരുന്ന യുവാക്കളുടെ സ്വപ്നങ്ങൾക്ക് എന്ത് സംഭവിക്കും?
ഈ ചോദ്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ യുവജനത്തിന് മാതൃകയായി നമുക്ക് നൽകാൻ കഴിയുന്നത് മുപ്പത്തിമൂന്നുകാരനായ യേശു എന്ന യുവാവല്ലതെ മറ്റാരാണ്? ഈ യുവാവിന്റെ കാലത്തിലും അധികാര ദുർവിനിയോഗവും, അടിച്ചമർത്തലും, അനീതിയും, അസമത്വത്തിന്റെ യുദ്ധങ്ങളും നിലനിന്നിരുന്നു. എന്നിട്ടും യേശു എന്ന യുവാവ് വിജയശ്രീലാളിതനായി. എതിർപ്പുകളെ നേരിടാൻ ആയുധങ്ങളല്ല അവൻ ഉപയോഗിച്ചത്. തന്റെ ലക്ഷ്യം പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനം ഉപേക്ഷിക്കാതെ, തന്റെ പിതാവുമായുള്ള ബന്ധത്തിൽ വേരൂന്നി നിന്നുകൊണ്ട്, തന്റെ ജീവനെ മറ്റുള്ളവർക്ക് നൈവേദ്യമായി നൽകി കൊണ്ട് തന്റെയും തന്നെ കുറിച്ച് സ്വപ്നം കണ്ട തന്റെ പിതാവിന്റെയും സ്വപ്നം അവൻ പൂർത്തിയാക്കി.
യേശുവെന്ന യുവാവ്
യേശുവിന്റെ ഈ ജീവിതം ഇന്നത്തെ യുവജനങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. പ്രതിസന്ധികൾ നിറഞ്ഞ് നിന്നിട്ടും ഈശോയുടെ ജീവിതം കുലുങ്ങിയില്ല. അവന്റെ തീരുമാനങ്ങൾ ചാഞ്ചാടിയില്ല. അവന്റെ നിലപാടുകൾ സാഹചര്യങ്ങൾക്കനുസരിച്ച് ഒരു ഒത്തുതീർപ്പിനും വിധേയമായില്ല മറിച്ച് ശരിയായ ദിശാബോധത്തോടെ ഉറച്ച ചുവട് വയ്പ്പോടെ ദർശന മിഴികളോടെ അവൻ ജീവിച്ചു. അതുകൊണ്ടാണ് ഉത്ഥാനത്തിന്റെ സന്തോഷം ഈ ലോകത്തിന് നൽകാൻ ഈശോയ്ക്ക് കഴിഞ്ഞത്.
യേശുവിന്റെ ജീവിതം വിശകലനം ചെയ്യുമ്പോൾ കണ്ടുമുട്ടുന്ന അതിശയപരമായ കാര്യം തന്നെ പറഞ്ഞുവിട്ട പിതാവിന്റെ കാര്യങ്ങൾ നിർവ്വഹിക്കാനുള്ള ഉണർവ്വായിരുന്നു. മനുഷ്യന്റെ സ്വാർത്ഥതകൾ തടവിലാക്കിയ ദൈവത്തിന്റെ നല്ല ഉദ്ദേശ്യങ്ങളെ സ്വതന്ത്രമാക്കാൻ യേശുവിനു കഴിഞ്ഞത് ഈ ഉണർവ്വിലൂടെയായിരുന്നു. ഫരിസേയരുടെയും നിയമജ്ഞരുടെയും പുരോഹിത ശ്രേഷ്ഠന്മാരുടെയും ഓരോ നീക്കങ്ങളെയും അവരുടെ കുതന്ത്രങ്ങളെയും അവൻ നിരീക്ഷിക്കുകയും പിതാവിന്റെ ലക്ഷ്യങ്ങളെ തകർക്കുന്ന അവരുടെ തോന്ന്യാസ വ്യഖ്യാനങ്ങളെ ചോദ്യം ചെയ്യുകയും നേരായ മാർഗ്ഗം ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിനു പിതാവുമായുള്ള ഒരു നിരന്തര ബന്ധവും പിതാവിൽ വേരൂന്നി നിന്നുള്ള ഒരു പ്രവർത്തന ശൈലിയും ആവശ്യമായിരുന്നു. ഈ ഒരു ശൈലിയിലേക്കാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ക്ഷണിക്കുന്നത്.
ഉണർവ്വിന്റെ വിളി വെല്ലുവിളിയുടെ വിളിയാണ്
ഉണർവ്വിന്റെ വിളി എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. അതിന് നാം ആയിരിക്കുന്ന പരിസരങ്ങളിൽ നിന്ന് നാം ആയിത്തീരേണ്ട പരിസരത്തിലേക്കുള്ള ഒരു പുറപ്പാട് ആവശ്യമാണ്. അത് വളർച്ചയുടെയും തീരുമാനങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും ഒരു പുറപ്പാടാണ്. ലോകത്തിൽ നടക്കുന്ന മാറ്റങ്ങൾ യുവജനം കാണുകയും, അറിയുകയും, അനുഭവിക്കുകയും ചെയ്യുമ്പോൾ, അതിനെ നന്മയ്ക്കായും തിന്മയ്ക്കായും വിനിയോഗിക്കാനുള്ള സാധ്യതകൾ ഉണ്ട്. ഇന്നത്തെ യുവജനങ്ങൾ നിർഭയരും ആത്മവിശ്വാസമുള്ളവരുമാണ്. അത് കൊണ്ട് തന്നെ അവരുടെ മുന്നിൽ വരുന്ന പ്രതിസന്ധികളെ അവർക്ക് ധീരതയോടെ അതിജീവിക്കാൻ കഴിയും. അതിനാൽ തിന്മയിലേക്കുള്ള അധഃപതനത്തിനു തടയിടാനാണ് പാപ്പാ നമ്മോടു വേരുകൾ മറക്കാതിരിക്കാൻ ആവശ്യപ്പെടുന്നത്. യഥാർത്ഥത്തിലുള്ള ജീവജലവും പോഷണവും നമ്മിലേക്കെത്തിക്കുന്ന വേരുകൾ നമുക്ക് യേശുവിന്റെ ജീവിതവും, വചനവും, വിശ്വാസവും, സഭയും മുതിർന്ന തലമുറയുമൊക്കെയാണ്. ഈ വേരുകൾ അറുക്കാതെ മുന്നോട്ടു പോകാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം നമുക്ക് ശ്രവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: