തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ ആശങ്കയുമായി റഷ്യയുടെ സ്ഥാനപതികാര്യാലയത്തിൽ!

ഫ്രാൻസീസ് പാപ്പാ റഷ്യ-ഉക്രേനിയ യുദ്ധത്തിൽ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ. പരിശുദ്ധസിംഹാസനത്തിനു വേണ്ടിയുള്ള റഷ്യൻ സ്ഥാനപതിമന്ദിരത്തിൽ (എംബസ്സി) നേരിട്ടെത്തി ഉക്രയിൻ യുദ്ധത്തിൽ തനിക്കുള്ള ആശങ്ക അറിയിച്ചു.

റഷ്യ ഫെഡറേഷൻ പരിശുദ്ധസിംഹാസനത്തിനു വേണ്ടി നിയമിച്ചിട്ടുള്ള സ്ഥാനപതിയുടെ ഔദ്യോഗിക കാര്യാലയമായ എംബസ്സിയിൽ വെള്ളിയാഴ്‌ച (25/02/22) രാവിലെയാണ് ഫ്രാൻസീസ് പാപ്പാ  എത്തിയതെന്ന് വത്തിക്കാൻറെ വാർത്താവിതരണകാര്യാലയത്തിൻറെ, അതായത്, പ്രസ്സ് ഓഫീസിൻറെ, മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലേക്കു നയിക്കുന്ന വിശാല വീഥിയായ വിയ ദെല്ല കൊൺചിലിയത്സിയോനെയിലാണ് ഈ എംബസ്സി സ്ഥിതി ചെയ്യുന്നത്.

എംബസ്സിയിൽ കാറിലെത്തിയ പാപ്പാ മുപ്പതു മിനിറ്റോളം അവിടെ ചെലവഴിച്ചു.

സായുധാക്രമണം അരുതെന്നും സംഭാഷണത്തിലൂടെ പ്രശ്നപരിഹൃതി കാണണമെന്നും പാപ്പാ റഷ്യൻ-ഉക്രയിൻ സംഘർഷ സാദ്ധ്യതകൾ കണ്ടു തുടങ്ങിയതു മുതൽ നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു.

കൂടാതെ മാർച്ച് 2-ന് ക്ഷാരബുധനാഴ്ച സമാധാനത്തിനായുള്ള ഉപവാസദിനമായി ആചരിക്കാനും പാപ്പാ എല്ലാവരെയും ഇരുപത്തിമൂന്നാം തീയതി ബുധനാഴ്ച (23/02/22) പൊതുകൂടിക്കാഴ്ചാവേളയിൽ ക്ഷണിക്കുകയുണ്ടായി.

എന്നാൽ അടുത്ത ദിവസം, അതായത്, ഇരുപത്തിനാലാം തീയതി (24/02/22) വ്യാഴാഴ്‌ച റഷ്യ ഉക്രയിനു നേരെ ആക്രമണം അഴിച്ചുവിട്ടു.

വൻ നാശനഷ്ടങ്ങളും മരണവും വിതച്ചുകൊണ്ടു മുന്നേറുന്ന ഈ യുദ്ധം ലോകത്തെ മുഴുവൻ ആശങ്കയുടെ അഗ്നികുണ്ഡത്തിലേക്ക് എറിഞ്ഞിരിക്കയാണ്.

മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ ഉക്രയിനിൽ കുടുങ്ങിക്കിടക്കുന്നു. അവരെ സുരക്ഷിതരായി തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പോളണ്ട്, റുമേനിയ, ഹങ്കറി തുടങ്ങിയ വിവിധ നാടുകളുടെ സഹകരണത്തോടെ ഇന്ത്യ തുടരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2022, 14:23