“ക്രിസ്തു ജീവിക്കുന്നു” : ഈശോയെ പ്രണയിക്കാ൯ പരിശുദ്ധാത്മാവ് സഹായിക്കുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
നാലാം അദ്ധ്യായം
മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും
നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.
132. ദൈവത്തോടുള്ള സ്നേഹം സാധ്യമാകുന്നത് പരിശുദ്ധാത്മാവാണ്
നിങ്ങൾ അഭിനിവേശം അന്വേഷിക്കുകയാണോ? മനോഹരമായ കവിത പറയുന്നതുപോലെ: "പ്രണയിക്കുക " (അഥവാ സ്നേഹിക്കപ്പെടാൻ അനുവദിക്കുക.) എന്തെന്നാൽ ദൈവത്തെ കണ്ടെത്തുന്നതിനേക്കാൾ പ്രായോഗികമായി മറ്റൊന്നില്ല. കേവലവും അന്തിമവുമായ വിധത്തിൽ പ്രണയിക്കുന്നതിനേക്കാൾ പ്രായോഗികമായി മറ്റൊന്നില്ല. നിങ്ങൾ എന്തിനെ സ്നേഹിക്കുന്നുവോ എന്ത് നിങ്ങളുടെ ഭാവനയെ പിടിച്ചെടുക്കുന്നുവോ അത് എല്ലാറ്റിനെയും ബാധിക്കുന്നു. അതാണ് എല്ലാം തീരുമാനിക്കുന്നത്: പ്രഭാതത്തിൽ നിങ്ങളെ കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കുന്നത് എന്താണ്? സായാഹ്നങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? ഒഴിവുദിവസങ്ങളിൽ നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു? നിങ്ങളെന്തു വായിക്കുന്നു? എന്ത് അറിയുന്നു? നിങ്ങളുടെ ഹൃദയത്തെ ഭേദിക്കുന്നതെന്താണ്? സന്തോഷത്തോടും നന്ദിയോടും കൂടി നിങ്ങളെ വിസ്മയിപ്പിക്കുന്നത് എന്താണ്? സ്നേഹിക്കുക, സ്നേഹത്തിൽ നിലനിൽക്കുക - അത് എല്ലാം തീരുമാനിക്കും. ദൈവത്തോടുള്ള ഈ സ്നേഹം ജീവിതത്തിൽ എല്ലാറ്റിനെയും തീവ്രവികാരത്തോടെ സമീപിക്കാൻ കഴിവുള്ള ഈ സ്നേഹം സാധ്യമാകുന്നത് പരിശുദ്ധാത്മാവ് മൂലമാണ്. എന്തെന്നാൽ, നമുക്ക് നൽകപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു.(റോമാ5:5)
133. അവിടുന്നാണ് ഏറ്റവും നല്ല യൗവനത്തിന്റെ ഉറവിടം. എന്തെന്നാൽ "കർത്താവിൽ വിശ്വസിക്കുന്നവർ ആറ്റുതീരത്തു നട്ട മരം പോലെയാണ്. അത് വെള്ളത്തിലേക്ക് വേരൂന്നിയിരിക്കുന്നു. അത് വേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്..."(ജെറ17:8) "യുവാക്കൾ തളരുകയും ക്ഷീണിക്കുകയും ചെയ്തേക്കാം" (ഏശ, 40 :30) എന്നാൽ, കർത്താവിനു വേണ്ടി കാത്തിരിക്കുന്നവർ "വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല" (ഏശ 40:31) (കടപ്പാട്.പി.ഒ.സി പ്രസീദ്ധീകരണം).
നിങ്ങൾ തീവ്രവികാരം അന്വേഷിക്കുന്നുവോ?
യൗവനത്തിന്റെ നാളുകളിൽ പുതുമകൾ തേടിയുള്ള പ്രയാണത്തിൽ അഭിനിവേശം തുളുമ്പുന്ന ഒരുപാടു ചുറ്റുപാടുകളിൽ യുവമനസ്സുകൾ എത്തിപ്പെടാറുണ്ട്. അവ കലയാവാം, സംഘടനകളാവാം, പ്രത്യയശാസ്ത്രങ്ങളാവാം, ചില വ്യക്തികളോടുമാവാം. ഇന്ന് നാം ചിന്തിക്കുന്ന ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ യുവാക്കളോടു ഒരു ചോദ്യവും അതിന് ഉത്തരവും നൽകുന്നു. "നിങ്ങൾ തീവ്രവികാരം അന്വേഷിക്കുന്നുവോ? " എന്ന്. അതിന് പാപ്പായുടെ ഉത്തരം ഈശോസഭയുടെ ജനറലായിരുന്ന ഫാ. അരൂപ്പെ എഴുതിയതെന്നു പറയപ്പെടുന്ന ഒരു കവിതയാണ്. തീവ്ര വികാരം അനേഷിക്കുകയാണെങ്കിൽ അതിനാവശ്യം പ്രണയത്തിലാവുകയാണ് വേണ്ടതെന്ന് കവിത പറയുന്നു. കാരണം പ്രണയം നിന്റെ ഭാവനയെ മാത്രമല്ല നീയുമായി ബന്ധപ്പെട്ട സകലതിനേയും ബാധിക്കും. പുലരിയിൽ ഉണർന്നെഴുന്നേൽക്കുന്നതു മുതൽ നിന്റെ എല്ലാ പ്രവർത്തികളെയും അത് ബാധിക്കും, നിന്റെ ഹൃദയം തകർക്കും, നിന്നെ സന്തോഷവും നന്ദിയും കൊണ്ട് അത്ഭുതപ്പെടുത്തും. അതിനാൽ പ്രണയത്തിലാവുക, പ്രണയത്തിൽ വസിക്കുക, എല്ലാ തീരുമാനങ്ങളും അത് എടുത്തുകൊള്ളും. ചുരുക്കത്തിൽ കവിത നൽകുന്ന സന്ദേശമാണിത്.
ഈശ്വരനോടുള്ള ആത്മാവിന്റെ പ്രണയം
മനുഷ്യന്റെ ഭൗതീക പ്രണയാനുഭവങ്ങളെ ഈശ്വരനോടുള്ള ആത്മാവിന്റെ പ്രണയത്തിന്റെ മാതൃകയായി വിവരിച്ചുള്ള വിശുദ്ധർ നിരവധിയാണ്. അത്തരം ഒരു കവിതയിലൂടെ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ അവരുടെ യുവത്വം ദൈവത്തോടുള്ള പ്രണയത്തിലേക്ക് തിരിച്ചുവിടാൻ ആഹ്വാനം ചെയ്യുകയാണ്. ഇത്തരം ഒരു സ്നേഹ ബന്ധം ദൈവവുമായി ഉണ്ടാവുമ്പോൾ ജീവിതത്തിലെ സകലതിനോടും ഒരഭിനിവേശത്തോടെ സമീപിക്കാനാവുമെന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. കാരണം ഈ സ്നേഹം നമ്മിൽ ഉണർത്തുന്നത് പരിശുദ്ധാത്മാവാണ് എന്ന് റോമാക്കാർക്കുള്ള ലേഖനം 5,5 ഉദ്ധരിച്ചു കൊണ്ട് പാപ്പാ അടിവരയിടുന്നു.
ലബനനിലെ ടാഗോർ എന്ന് വിശേഷിപ്പിക്കുന്ന ഖലീൽ ജിബ്രാൻ "പ്രവാചകൻ "എന്ന കവിതാസമാഹാരത്തിൽ പ്രണയത്തെ കുറിച്ച് മനോഹരമായി എഴുതി വച്ചിട്ടുണ്ട്. അവയിൽ നിന്ന് ഇവിടെ പ്രസക്തമായ ചില വാചകങ്ങൾ ഉപയോഗിക്കാം.
ദൈവത്തോടുള്ള പ്രണയത്തിൽ പറയാൻ പാടില്ലാത്ത ഒന്നുണ്ട് അദ്ദേഹം എഴുതുന്നു,
"… ഇങ്ങനെ പറയരുത്, ദൈവം എന്റെ ഹൃദയത്തിലാണെന്ന്. മറിച്ച് ദൈവത്തിന്റെ ഹൃദയത്തിലാണ് ഞാനെന്ന് മന്ത്രിക്കുക. പ്രണയത്തിന്റെ ദിശകളെ നിങ്ങൾ നിയന്ത്രിക്കുകയാണെന്ന് കരുതേണ്ട. നിങ്ങൾക്ക് അർഹതയുണ്ടെന്ന് കണ്ടെത്തിയാൽ പ്രണയം നിങ്ങളുടെ വഴികളെയാണ് നിശ്ചയിക്കാൻ പോകുന്നത്. "
ദൈവത്തെ പ്രണയിച്ചവർ
ദൈവത്തെ പ്രണയിച്ച നിരവധി മനുഷ്യജന്മങ്ങൾ തിരുവചനത്തിന്റെ താളുകളിൽ നമുക്ക് പ്രചോദനമായിട്ടുണ്ട്. അവർ ദൈവത്തെ നേരിട്ടു കണ്ടും അല്ലാതെയും പ്രണയിച്ചു. എന്തിന് മൗനത്തിൽ പോലും ദൈവത്തിന്റെ മനമറിഞ്ഞ് പ്രണയിച്ചവരും പ്രണയിക്കുന്നവരുമുണ്ട്. ഏലിയാ പ്രവാചകന്റെ ജ്വലിക്കുന്ന പ്രണയം, വറചട്ടിയിൽ മൊരിയാനും യന്ത്രങ്ങളുടെ വായിൽ അരയാനും തന്നെയും തന്റെ ഏഴ് മക്കളെയും വിട്ടുകൊടുത്ത അമ്മയുടെ പ്രണയം, പ്രിയനെ തേടിയുള്ള ഉത്തമഗീതത്തിലെ ആത്മാവിന്റെ പ്രണയം, സഹനത്തിലും സാഹസികതയുള്ള ജോബിന്റെ പ്രണയം, തീ ചൂളയുടെ മുന്നിലും അണയാതെ നിന്ന മൂന്നു യുവാക്കളുടെ പ്രണയം, ഞാനല്ല നീയാണ് എന്നിൽ ജീവിക്കുന്നു എന്ന് പറഞ്ഞ പൗലോസിന്റെ പ്രണയം. നിന്നെ ഞാൻ പ്രണയിക്കുന്നത് നീ അറിയുന്നില്ലേ എന്ന് കണ്ണുനിറച്ച പത്രോസിന്റെ പ്രണയം.
കഴിഞ്ഞകാലത്തിന്റെ ചരിത്ര താളുകളിൽ നിന്നു വർത്തമാന കാലത്തിന്റെ പുലരികളിലും അത്തരം വ്യക്തികൾ ജീവിച്ചിരിക്കുന്നുണ്ട് എന്നതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഒരു പക്ഷേ അവയെല്ലാം വർത്തമാന പത്രങ്ങൾക്ക് അച്ചടിക്കാൻ വിമ്മിട്ടമാവും. എങ്കിലും നമ്മുടെ അയൽവക്കങ്ങളിൽ ജീവിച്ചു പോകുന്ന എത്രയെത്ര നന്മയുടെ പാഠങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. മദർ തെരേസയും, സ്റ്റാൻ സാമിയും ഉൾപ്പെടെയുള്ളവർ യേശുവിന്റെ സ്നേഹത്തിൽ സ്വയം അഭിനിവേശിതരായവരല്ലേ - എത്രയോ പ്രാവശ്യം അവരുടെ ഹൃദയം തകർന്നിരിക്കാം. അതുപോലെ തന്നെ എത്രയോ വട്ടം സന്തോഷത്താലും നന്ദിയാലും അവരുടെ ഹൃദയങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാവും. കാരണം യേശുവിന്റെ ഈ സ്നേഹത്തെ തിരിച്ചറിയാനും പ്രതികരിക്കാനും അനുകരിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. ദൈവസ്നേഹം നമ്മിലേക്ക് ചൊരിഞ്ഞൊഴിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. അപ്പോൾ പിന്നെ നമ്മുടെ എല്ലാ തീരുമാനങ്ങൾക്ക് പിന്നിലും ദൈവസ്നേഹം മാത്രമായിരിക്കും.
ദിവ്യകാരുണ്യത്തെ പ്രണയിച്ച അജ്ന
ഇവരെ പോലെ "ഈശോ തന്നെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ തനിക്ക് ഈശോയെ സ്നേഹിക്കാനാവണം" എന്ന വാശിയോടെ ജീവിച്ച ഒരു ഇരുപത്തേഴുകാരിയുടെ ജീവിതം നമുക്ക് പ്രചോദനമായേക്കാം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഏതോ ഒരു ഭൂഖണ്ഡത്തിൽ ജീവിച്ച ഒരു വ്യക്തിയുടെ വാക്കുകളല്ലത്. മറിച്ച് കഴിഞ്ഞ ജനുവരി 21 ആം തിയതി തന്നെ സ്നേഹിച്ച താൻ സ്നേഹിക്കുന്ന ഈശോയെ നേരിട്ട് കാണാൻ സ്വർഗ്ഗത്തിലേക്ക് ഈശോ വിളിച്ച കേരള സഭയുടെ സ്വന്തം അജ്നയുടേതാണാവാക്കുകൾ. അജ്നയുടെ കവിളിനെയും താടിയെയും ക്യാൻസർ കാർന്നുതിന്നുമ്പോൾ പോലും വേദനകളെ അവൾ നറുപുഞ്ചിരിയോടു കൂടി സ്വീകരിച്ചു. വയറ് തുളച്ചിട്ട ട്യൂബിലൂടെ സ്വീകരിച്ച ദിവ്യകാരുണ്യ നാഥനെ തന്റെ രോഗകിടക്കയിൽ പോലും വിട്ടുകൊടുത്തില്ല.
ദിവ്യകാരുണ്യ ഈശോയുടെ തിരുമുറിവുകൾക്കുള്ളിൽ തന്റെ അർബുദത്തെ അവൾ അടച്ചുവച്ചു. അങ്ങനെ അവൾ രോഗ കിടക്കയിൽ ഈശോയുടെ കൂടെ തന്നെ യാത്ര ചെയ്തു. അജ്നയുടെ പുലരിയും രാവും എല്ലാം ഈശോയുടെയും അവളുടെയും പ്രണയ നിമിഷങ്ങളായിരുന്നു. ഇങ്ങനെ ദൈവത്തിന്റെ സ്നേഹത്തിൽ നിലനിൽക്കാൻ അജ്നയെ ശക്തിപ്പെടുത്തിയത് പരിശുദ്ധാത്മാവാണ്. ആ ദൈവാത്മാവ് തന്നെയാണ് എല്ലാവരെയും ദൈവത്തെ സ്നേഹിക്കാനും ആ സ്നേഹത്തിൽ നിലനിൽക്കാനും സഹായിക്കുന്നത്. അത് കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ദൈവത്തോടുള്ള ഈ സ്നേഹം, ജീവിതത്തിൽ എല്ലാറ്റിനെയും തീവ്ര വികാരത്തോടെ സമീപിക്കാൻ കഴിവുള്ള ഈ സ്നേഹം സാധ്യമാകുന്നത് പരിശുദ്ധാത്മാവ് മൂലമാണ് എന്ന് പറയുന്നത്. അങ്ങനെ ദൈവസ്നേഹത്തിന്റെ തണലിൽ കഴിയുന്നവന്റെ ജീവിതത്തെ കുറിച്ചും പാപ്പാ ഇവിടെ പങ്കുവയ്ക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് കുറവുകൾ ഒന്നും സംഭവിക്കുകയില്ലെന്ന് ബൈബിൾ പറയുന്നു.
ദൈവത്തെ സ്നേഹിക്കാൻ ആത്മാവിന്റെ ശക്തി
ജീവിതത്തിൽ നാം ഒരുപാട് പ്രതിസന്ധികളെ അഭിമുഖികരിക്കുന്നവരാണ്. രോഗവും, ദുരിതവും നമ്മെ ഒന്നൊന്നായി വേട്ടയാടുമ്പോൾ ഒരു പക്ഷേ നമുക്ക് തോന്നിയേക്കാം ദൈവത്തെ സ്നേഹിച്ചിട്ടും നമുക്കെന്തേ ഇങ്ങനെ സംഭവിക്കുന്നതെന്ന്. അതിനുത്തരം ജോബിന്റെ ദൈവത്തോടുള്ള പ്രണയം തന്നെയാണ്. അയാളിൽ ഹബുക്കുക്ക് പ്രവാചകന്റെ വാക്കുക്കൾ അന്വർത്ഥമാക്കപ്പെടുന്നു.
“അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.”(ഹബക്കുക്ക് 3 :17).
അതിനാൽ ഫ്രാൻസിസ് പാപ്പായുടെ ലക്ഷ്യങ്ങളിൽ ഒന്ന് യുവജനങ്ങൾ ദൈവത്തിന്റെ ഈ സ്നേഹത്തിന്റെ കുത്തൊഴുക്കിൽ പെടട്ടെ എന്നാണ്. അതിലേക്ക് അവരെ നയിക്കാൻ പരിശുദ്ധാത്മാവിനോടു പ്രത്യേകം പ്രാർത്ഥിക്കുവാനുള്ള ഒരു പ്രേരണയും വരികൾക്കിടയിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം. ദൈവത്തെ സ്നേഹിക്കാൻ ആത്മാവിന്റെ ശക്തി നമ്മിൽ ആവസിക്കേണ്ടതായിട്ടുണ്ട്. ആ ആവാസത്തിനായി നമുക്ക് പ്രാർത്ഥിക്കാം. ആത്മാവ് നമ്മെ പിന്നെ നയിച്ച് കൊള്ളും. അവിടുത്തേക്ക് വേണ്ടി സുവിശേഷം പ്രഘോഷിക്കാൻ നമ്മെ ആ സ്നേഹം തന്നെ കൊണ്ടു നടക്കും. നമ്മുടെ വർത്തമാന കാലത്തിന്റെ ഇന്നുകളിൽ ജീവിച്ച് സുവിശേഷത്തിന്റെ സന്തോഷം പകരുന്നവരായി, തനി സുവിശേഷമായി തന്നെ നാം മാറും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: