പാപ്പാ: നാം അഭിലഷിക്കുന്ന മെച്ചപ്പെട്ട ലോകം ശാന്തിവാഴുന്ന ലോകം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുഞ്ഞുങ്ങൾക്കും വൃദ്ധജനത്തിനും നീതി നേടിക്കൊടുക്കാനും സമാധാനം സംസ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ അതീവ പ്രാധാന്യമർഹിക്കുന്നുവെന്ന് മാർപ്പാപ്പാ.
ഈശോസഭാംഗമായ വൈദികൻ റിക്കാർദൊ ലൊംബാർദിയുടെ പ്രവർത്തന ഫലവും 1952 ഫെബ്രവരി 10-ന് ഔപചാരികമായി ജന്മം കൊണ്ടതുമായ “മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള പ്രസ്ഥാനത്തിൻറെ” സപ്തതയിയോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ വ്യാഴാഴ്‌ച (10/02/22) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.
ഈ പ്രസ്ഥാനത്തിൻറെ 70 വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുന്ന പാപ്പാ ഈ പ്രസ്ഥാനത്തിൻറെ ജനനം ഒരു ജീവിത ദർശനം, സൃഷ്ടിയുടെ ദർശനമായിരുന്നുവെന്ന് പ്രസ്താവിച്ചു.
പന്ത്രണ്ടാം പീയുസ് പാപ്പാ ഈ പ്രസ്ഥാനത്തിന് ഔദ്യോഗിക അംഗീകാരം നല്കിയ വേളയിൽ, അതായത്, 1952 ഫെബ്രുവരി 10-ന് പറഞ്ഞ, “പരിവർത്തനം”, “വന്യത” എന്നീ രണ്ടു പദങ്ങളെക്കുറിച്ച് തൻറെ വീഡിയൊ സന്ദേശത്തിൽ അനുസ്മരിക്കുന്ന ഫ്രാൻസീസ് പാപ്പാ, വന്യമായ ഒരു ലോകം ഉപരി ക്രൈസ്തവികവും ഉപരി മാനവികവുമായിത്തീരുന്നതിനു വേണ്ടി പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
കർത്താവ് എന്നും മാനവികതയോടു ചേർന്നു നില്ക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ആകയാൽ, ലോകത്തിൽ ഈ പരിവർത്തനം ഉണ്ടാകുന്നതിനു വേണ്ടി നിരന്തരം പരിശ്രമിക്കാൻ പ്രോത്സാഹനം പകരുന്നു.
നാം അഭിലഷിക്കുന്ന മെച്ചപ്പെട്ട ലോകം ശാന്തിവാഴുന്ന ഒരു ലോകമാണെന്നും പാപ്പാ പറയുന്നു.
ഇറ്റലിയിൽ സ്ഥാപിതമായ “മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള പ്രസ്ഥാനം” ഇന്ന് യൂറോപ്പിൽ 12-ഉം ലത്തീനമേരിക്കയിലും ആഫ്രിക്കയിലും 10 വീതവും വടക്കെ അമേരിക്കയിലും ഏഷ്യയിലും നാലു വീതവും ഓഷ്യാനയിൽ 3-ഉം നാടുകളിൽ പ്രവർത്തന നിരതമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: