പാപ്പാ: മനുഷ്യക്കടത്തിനെ സർവ്വശക്തിയോടെ ചെറുക്കുക കരുതലിൻറെ പദ്ധതി വളർത്തുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മനുഷ്യക്കടത്ത് അക്രമമാണെന്നും ഓരോ സ്ത്രീക്കും ഓരോ പെൺകുട്ടിക്കും നേർക്കുള്ള ഈ ആക്രമണം ക്രിസ്തുഗാത്രത്തിലും നരകുലത്തിൻറെ ശരീരത്തിലും തുറന്ന ഒരു മുറിവാണെന്നും മാർപ്പാപ്പാ.
ഈ മുറിവ് നാം ഒരോരുത്തരെയും സംബന്ധിച്ചതാണെന്നും പാപ്പാ പറയുന്നു.
കുടിയേറ്റക്കാർക്കും യാത്രികർക്കും വേണ്ടിയുള്ള പൊന്തിഫിക്കൽ സമിതി, നീതിസമാധാന പൊന്തിഫിക്കൽ സമതി തുടങ്ങിയ നിരവധി സംഘടനകളുടെ സഹകരണത്തോടെ, സന്ന്യാസ സമൂഹങ്ങളുടെ പൊതുശ്രേഷ്ഠന്മാരുടെ അന്താരാഷ്ട്ര സമിതിയും, സന്ന്യാസിനി സമൂഹങ്ങളുടെ പൊതു ശ്രേഷ്ഠകളുടെ സമിതിയും സംയുക്തമായി അനുവർഷം ഫെബ്രുവരി 8-ന്, വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന, മനുഷ്യക്കടത്തിനെതിരായ പ്രാർത്ഥനാപരിചിന്തന ലോകദിനത്തോടനുബന്ധിച്ച് നൽകിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
നിരവധിയായ പ്രാദേശിക-അന്തർദ്ദേശീയ സംഘടനകളുമായി സഹകരിച്ച് ഈ ദിനാചരണത്തെ ഏകോപിപ്പിക്കുന്ന “തളിത കും” (Talitha Kum) എന്ന സംഘടനയ്ക്കും പാപ്പാ നന്ദിയർപ്പിക്കുന്നു.
“പരിപാലനത്തിൻറെ ശക്തി. മഹിളകളും സമ്പദ്ഘടനയും മനുഷ്യക്കടത്തും” എന്ന വിചിന്തന പ്രമേയം ഇക്കൊല്ലത്തെ ഈ ദിനാചരണത്തിനു സ്വീകരിച്ചതിനെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ, നിർബ്ബന്ധ വിവാഹം, ഗാർഹിക-തൊഴിൽപരങ്ങളായ അടിമത്തം തുടങ്ങിയ വിവിധങ്ങളായ ചൂഷണങ്ങൾക്ക് ഇരകളായിത്തീരുന്ന സ്തീകളുടെയും ബാലികകളുടെയും അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ ഈ പ്രമേയം നമ്മെ ക്ഷണിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു.
സ്ത്രീക്കും പുരുഷനും തുല്യ ഔന്നത്യാവകാശങ്ങളാണ് ഉള്ളതെന്ന വസ്തുത പ്രസ്പഷ്ടമായി പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് ആഗോളസമൂഹ സംവിധാനം ഏറെ അകലെയാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീയുടെ മേലുള്ള പുരുഷാധിപത്യം ഇന്നും വളരെ ഉയർന്ന തോതിലാണെന്ന വസ്തുതയും പാപ്പാ അനുസ്മരിക്കുന്നു.
മാറ്റത്തിൻറെ വഴി വിശുദ്ധ ബക്കീത്ത കാണിച്ചു തരുന്നുവെന്നും ദൈവത്തിന് നമ്മോടുള്ള കരുതലിനാൽ രൂപാന്തരപ്പെടുത്തപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ ഒരു മാറ്റം സാധ്യമാണെന്ന് ആ വിശുദ്ധയുടെ ജീവിതം പറയുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.
വ്യക്തിയുടെ അന്തസ്സ് അംഗീകരിക്കുകയാണ് കരുതലിൻറെ ആദ്യ ചെയ്തി എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
പരിചരണമേകുക എന്നത് അത് നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരുപോലെ ഗുണകരമാണെന്നും കാരണം ഇത് ഏകദിശോന്മുഖമല്ലെന്നും, മറിച്ച് പാരസ്പര്യം ഉളവാക്കുന്നുവെന്നും പാപ്പാ പറയുന്നു.
നമുക്ക് ഒരുമിച്ച് കരുതലിൻറെ ഒരു പദ്ധതി വളർത്തിയെടുക്കാനും മനുഷ്യക്കടത്തിൻറെ എല്ലാത്തരം ചൂഷണങ്ങളെയും സർവ്വശക്തിയോടും കൂടി ചെറുക്കാൻ സാധിക്കുമെന്ന് പാപ്പാ പ്രചോദനം പകരുകയും ചെയ്യുന്നു.
മനുഷ്യക്കടത്തിനും എല്ലാത്തരം അടിമത്തത്തിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തിൽ മുന്നേറാൻ എല്ലാവരെയും ക്ഷണിക്കുന്ന പാപ്പാ ഈ തിന്മയ്ക്കെതിരായ ധാർമ്മികരോഷം സജീവമായി നിലനിർത്തണമെന്ന് ഓർമ്മിപ്പിക്കുന്നു.
അക്രമത്തിൻറെ ധാർഷ്ട്യത്തിനു മുന്നിൽ ഭയപ്പെടേണ്ടതില്ലെന്നും പണത്തിൻറെയും അധികാരത്തിൻറെയുമായ അഴിമതിക്ക് കീഴടങ്ങരുതെന്നും പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: