പാപ്പാ: ഔന്നത്യവും ഒപ്പം ബലഹീനതകളുമുള്ള രോഗിയുടെ അനന്യത നാം വിസ്മരിക്കരുത്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നാം ദുർബ്ബലരും മറ്റുള്ളവരെ ആവശ്യമുള്ളവരും ആണെന്ന അവബോധം രോഗാനുഭവം നമ്മിലുണർത്തുന്നുവെന്ന് മാർപ്പാപ്പാ.
അനുവർഷം ലൂർദ്ദുനാഥയുടെ തിരുന്നാൾ ദിനത്തിൽ, അതായത്, ഫെബ്രുവരി 11-ന് സഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോക രോഗീദിനത്തോടനുബന്ധിച്ച്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കിക്കാൻ വിഭാഗം വ്യാഴാഴ്‌ച (10/02/22) സംഘടിപ്പിച്ച “വെബിനാറിനു” (Webinar) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ മനുഷ്യൻറെ അനിവാര്യ പരസ്പരാശ്രയത്വത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
ഇക്കൊല്ലം ആചരിക്കുന്ന മുപ്പതാം ലോക രോഗീദിനത്തോടനുബന്ധിച്ചു നടത്തിയ ഈ “വെബിനാറിൻറെ” വിചിന്തന പ്രമേയം “ലോക രോഗീദിനം:പൊരുളും ലക്ഷ്യങ്ങളും വെല്ലുവിളികളും” എന്നതായിരുന്നു.
വേദനയനുഭവിക്കുന്നവരുടെ ചാരെ, സഭയിലും ലോകത്തിലും, വാത്സല്യത്തോടെ നിലകൊള്ളുന്ന എല്ലാവരെയും പാപ്പാ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു തൻറെ സന്ദേശത്തിൽ.
ചിലപ്പോൾ ഉടനടി ഉത്തരം കണ്ടെത്താനാകാത്തതും അസ്തിത്വത്തിൻറെ പുതിയൊരർത്ഥവും ദിശയും തേടുന്നതുമായ ഒരു ചോദ്യം, വിശ്വാസത്തിൽ ദൈവത്തോടുയർത്താൻ രോഗം നമ്മെ നിർബ്ബന്ധിക്കുന്നു എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ അദ്ദേഹത്തിൻറെ വ്യക്തിപരമായ അനുഭവത്തിൽ നിന്നു തുടങ്ങുന്ന ഒരു അന്വേഷണ പാത നമുക്ക് ഇതിനു കാണിച്ചുതരുന്നുണ്ടെന്നും, ക്രിസ്തുവിൻറെ രക്ഷാകരസഹനം വിശ്വാസം വഴി കണ്ടെത്തുന്ന മനുഷ്യൻ അതിൽ, വിശ്വാസം വഴിതന്നെ, പുത്തൻ ഉള്ളടക്കവും പൊരുളുംകൊണ്ടു സമ്പന്നമായിരിക്കുന്ന സ്വന്തം സഹനങ്ങളും കണ്ടെത്തുന്നുവെന്നും പാപ്പാ വിശദികരിക്കുന്നു.
സ്വന്തം ഔന്നത്യവും ഒപ്പം ബലഹീനതകളുമുള്ള രോഗിയുടെ അനന്യത നാം വിസ്മരിക്കരുതെന്നും പാപ്പാ ഓർമ്മപ്പെടുത്തുന്നു.
കോവിദ് 19 മഹാമാരിയെക്കുറിച്ചും പരാമർശിക്കുന്ന പാപ്പാ ഈ പകർച്ചവ്യാധി, രോഗത്തെ വൈക്തിക തലത്തിൽ മാത്രമല്ല ആഗോളതലത്തിലും വീക്ഷിക്കാൻ നമ്മെ പഠിപ്പിച്ചുവെന്നും നരകുലത്തിനും ലോകത്തിനും ഭീഷണിയായ ഇതര രോഗങ്ങളെക്കുറിച്ചു ചിന്തിക്കാൻ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറയുന്നു.
ദൗർഭാഗ്യവശാൽ, ഉപഭോഗമനോഭാവത്തിൻറെതായ സുസ്ഥിതിയും സാമ്പത്തിക ഉദാരവത്ക്കരണവും ജന്മമേകുന്ന സ്വാർത്ഥതയുടെ ഭിന്ന രൂപങ്ങളായ വ്യക്തിമാഹാത്മ്യവാദവും നിസ്സംഗതയും ഇന്ന് ലോകത്തിൽ കാണപ്പെടുന്നുണ്ടെന്ന് പാപ്പാ അനുസ്മരിക്കുന്നു.
ഇതിൻറെ ഫലമായ അസമത്വങ്ങൾ ആരോഗ്യരംഗത്തും പ്രകടമാണെന്നു കുറ്റപ്പെടുത്തുന്ന പാപ്പാ ഈ “സമൂഹ്യ രോഗാണു”വിന്, അഥവാ, വൈറസിന് ഉള്ള പ്രത്യൗഷധം, ഏക ദൈവപിതാവിൻറെ മക്കളായ മനുഷ്യവ്യക്തികൾ എന്നനിലയിൽ നാമെല്ലാവരും തുല്യരാണ് എന്ന അവബോധത്തിൽ അധിഷ്ഠിതമായ സാഹോദര്യസംസ്കൃതിയാണെന്ന് ഉദ്ബോധിപ്പിക്കുന്നു.
ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്ന ഭിഷഗ്വരന്മാർ നഴ്സുമാർ, മരുന്നു വില്പനക്കാർ ആശുപത്രികളിൽ അജപാലന ശുശ്രൂഷയേകുന്നവർ, സന്നദ്ധസേവകർ തുടങ്ങിയ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പാപ്പാ നന്ദിപറയുകയും അവർക്കും ലോകത്തിലുള്ള എല്ലാ രോഗികൾക്കും തൻറെ പ്രാർത്ഥന ഉറപ്പുനല്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: