പാപ്പാ: ജൂബിലിയുടെ ആത്മീയ തലം മാനസാന്തരം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജൂബിലിയുടെ ചരിത്രം
സഭാ ജീവിതത്തിൽ ജൂബിലികൾ എപ്പോഴും ആത്മീയവും സഭാപരവും സാമൂഹികവുമായ വലിയ സംഭവങ്ങളായിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന കത്തിൽ 1300 ൽ ബോനിഫസ് എട്ടാമൻ പാപ്പാ ആദ്യമായി ജൂബിലി വർഷം സ്ഥാപിച്ചതു മുതലുള്ള ലഘു ചരിത്രം വിശദീകരിക്കുന്നുണ്ട്. ആദ്യം നൂറു വർഷത്തിലൊരിക്കലായിരുന്നത് പിന്നീട് 25 വർഷത്തിലൊരിക്കലായതും, ജൂബിലി വർഷാഘോഷങ്ങൾ പൂർണ്ണ ദണ്ഡ വിമോചനം വഴി ലഭിക്കുന്ന പാപമോചനത്തിന്റെ പ്രത്യേക കൃപയായും, ദൈവകരുണയുടെ പരിപൂർണ്ണ പ്രകടനമായും ദൈവത്തിന്റെ വിശുദ്ധ ജനം അനുഭവിച്ചു പോന്നു എന്നും പാപ്പാ എഴുതി. നീണ്ട തീർത്ഥാടനം നടത്തി വിശ്വാസികൾ വിശുദ്ധ കവാടം കടന്ന് റോമിലുള്ള ബസിലിക്കകളിൽ സൂക്ഷിച്ചിട്ടുള്ള അപ്പോസ്തലരായ വി. പത്രോസിന്റെയും വി.പൗലോസിന്റെയും തിരുശേഷിപ്പുകൾ വണങ്ങി സഭയുടെ ആത്മീയ ഭണ്ഡാരത്തിൽ പങ്കുപറ്റുന്നു എന്നും നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം തീർത്ഥാടകർ ഈ യാത്രയിലൂടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ജീവിക്കുന്ന സാക്ഷ്യം നടത്തി എന്നതും പാപ്പാ രേഖപ്പെടുത്തി.
2000 മാണ്ടിന്റെ വലിയ ജൂബിലി ആഘോഷം സഭയെ മൂന്നാം സഹസ്രാബ്ദത്തിലേക്ക് നയിച്ചപ്പോൾ ചരിത്രപരമായ വിയോജിപ്പുകൾ മാറ്റി വച്ച് ക്രൈസ്തവർ മുഴുവനും ഒരുമിച്ച് മനുഷ്യകുലത്തിന്റെ രക്ഷകനായ യേശുവിന്റെ ജനനത്തിന്റെ 2000 വാർഷികം ആഘോഷിക്കുക എന്ന ലക്ഷ്യമായിരുന്നു വി. ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് ഉണ്ടായിരുന്നത് . ഇപ്പോൾ പുതിയ നൂറ്റാണ്ടിന്റെ ആദ്യത്തെ 25വർഷം അടുത്തുവരുമ്പോൾ ക്രൈസ്തവർ ജൂബിലി വർഷം അതിന്റെ എല്ലാ അജപാലന ധന്യതയോടും കൂടെ അനുഭവിക്കാനുള്ള ഒരുക്കത്തിന്റെ കാലഘട്ടത്തിലാണെന്നു പറഞ്ഞു കൊണ്ട് പാപ്പാ ഈ വരുന്ന ജുബിലിയുടെ സന്ദർഭം സന്ദേശത്തിൽ വ്യക്തമാക്കി. ദൈവവ പിതാവിന്റെ കരുണാദ്ര സ്നേഹത്തിന്റെ ശക്തിയും ആർദ്രതയും മനസ്സിലാക്കി അതിന്റെ സാക്ഷികളായി മാറാൻ കഴിഞ്ഞ കരുണയുടെ അത്യസാധാരണ ജൂബിലി വർഷം ഈ യാത്രയിലെ ഒരു പ്രധാന കാൽവയ്പ്പായിരുന്നെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
മഹാമാരിയുടെ ദുരന്തം
കഴിഞ്ഞ രണ്ടു വർഷം മഹാമാരിയുടെ ദുരന്തമനുഭവിക്കാത്ത രാജ്യങ്ങൾ ഒന്നു പോലുമില്ല. ഏകരായുള്ള മരണവും, അസ്തിത്വത്തിന്റെ അനിശ്ചിതത്വവും, ക്ഷണികതയും നമ്മെ നേരിട്ടനുഭവിക്കാൻ ഇടയാക്കുക മാത്രമല്ല നമ്മുടെ അനുദിന ജീവിത രീതി തന്നെ അത് മാറ്റി. ക്രൈസ്തവരായ നമ്മൾ എല്ലാവർക്കുമൊപ്പം അനുഭവിച്ച കഷ്ടപ്പാടുകളും പരിമിതികളും പാപ്പാ ഓർമ്മിപ്പിച്ചു. അടഞ്ഞുകിടന്ന ദേവാലയങ്ങൾ മുതൽ തടഞ്ഞുവച്ച സ്വാതന്ത്ര്യത്തിന്റെയും, ദു:ഖത്തിന്റെയും, സംശയത്തിന്റെയും, ഭയത്തിന്റെയും അസ്ഥിരതയുടേയും അനുഭവങ്ങളും എടുത്തു പറഞ്ഞ പാപ്പാ അനുദിന ജീവിതം പുനരാരംഭിക്കാൻ ശാസ്ത്ര സമൂഹം കണ്ടെത്തിയ പ്രാരംഭ പ്രതിവിധിയെക്കുറിച്ചും എഴുതി. ലോകം അതിന്റെ വ്യക്തി ബന്ധങ്ങളുടേയും സാമൂഹ്യ ജീവിതത്തിന്റെയും പതിവ് രീതിയിലേക്ക് മടങ്ങുമെന്ന പ്രത്യാശയോടൊപ്പം ഏറ്റം അത്യാവശ്യക്കാരായ നമ്മുടെ സഹോദരരോടു പ്രായോഗികമായ ഐക്യമത്യം പ്രകടിപ്പാക്കാൻ കഴിയുമ്പോഴും ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനും കഴിയുമ്പോഴുമാണു അത് സാധ്യമാകുക എന്ന് ഓർമ്മിപ്പിച്ചു.
പ്രത്യാശയുടെ തീർത്ഥാടകർ
അടിയന്തിരമായി നമ്മൾ ആഗ്രഹിക്കുന്ന നവീകരണത്തിന്റെയും, നവ ജീവിതത്തിന്റെയും മുന്നോടിയായി പ്രത്യാശയുടെയും വിശ്വാസത്തിൻന്റെയും അന്തരീക്ഷം പുന:സ്ഥാപിക്കാൻ വരുന്ന ജൂബിലിക്ക് കഴിയുമെന്നും പാപ്പാ പറഞ്ഞു. അതു കൊണ്ടാണ് ജൂബിലിയുടെ മുദ്രാവാക്യമായി "പ്രത്യാശയുടെ തീർത്ഥാടകർ " എന്ന വാക്യം തിരഞ്ഞെടുത്തതെന്നും കത്തിൽ പരിശുദ്ധ പിതാവ് സൂചിപ്പിച്ചു.
സാർവ്വത്രിക സാഹോദര്യബോധം വീണ്ടെടുക്കൽ
സാർവ്വത്രിക സാഹോദര്യബോധം വീണ്ടെടുക്കാനും, ദശലക്ഷക്കണക്കിനാളുകളെ മനുഷ്യാന്തസ്സിന് അർഹരായി ജീവിക്കാ൯ ഇടവരുത്തുകയും ചെയ്യാത്ത അമിത ദാരിദ്ര്യത്തോടും, സ്വന്തം നാട് വിടാൻ നിർബന്ധിക്കപ്പെടുന്നവരുടെ നേരെയും കണ്ണടക്കാതിരിക്കുമ്പോഴുമാണ് ഈ നവീകരണം സാധ്യമാകുക എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അതിനാൽ ജൂബിലിയുടെ ഒരുക്ക നാളുകളിൽ ദരിദ്രരുടെ സ്വരം ശ്രവിക്കാനും ഭൂമിയുടെ ഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനുമുള്ള സന്ദർഭമാകട്ടെ എന്ന് ലേവ്യർ 25, 6-7 വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ടു പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ആത്മീയ തലം: മാനസാന്തരം
ജൂബിലിയുടെ ആത്മീയതലം മനസാന്തരത്തിനുള്ള ക്ഷണമാണ്. അതിൽ നമ്മുടെ സാമൂഹ്യ ജീവിതത്തിലെ അടിസ്ഥാന വശങ്ങളും ഉൾക്കൊള്ളണം. അദ്ധ്വാനിച്ച് സംരക്ഷിക്കാൻ കർത്താവ് നമ്മെ ഏല്പിച്ച (ഉൽപ്പത്തി 2,15) ഭൂമിയിലെ തീർത്ഥാടകരാണ് നാം എന്ന ബോധ്യത്തോടെ സൃഷ്ടിയുടെ സൗന്ദര്യം ധ്യാനിക്കാനും നമ്മുടെ പൊതു ഭവനത്തെ പരിപാലിക്കാനുമുള്ള ഉദ്ദേശത്തോടെയും കൂടിയാവണം ഈ ജൂബിലിയാഘോഷം എന്നും താൻ പ്രത്യാശിക്കുന്നതായി പാപ്പാ പറഞ്ഞു.
ജൂബിലി വർഷം അഗാധമായ വിശ്വാസത്തോടും, സജീവമായ പ്രത്യാശയോടും സകർമ്മകമായ ഉപവിയോടും കൂടെ ആസൂത്രണം ചെയ്യാനും ആഘോഷിക്കാനുമുള്ള അനുയോജ്യമായ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ഉത്തരവാദിത്വം മോൺ. റീനൊ ഫിസിക്കെല്ലെയെ ഏൽപ്പിക്കുന്നുവെന്നും സിനഡാലിറ്റിയോടുള്ള പ്രതിബദ്ധത കൂടുതൽ ആഴത്തിലാക്കാൻ വിളിക്കപ്പെട്ട ലത്തീ൯, പൗരസ്ത്യ സഭകളുടെ അജപാലന പ്രവർത്തനങ്ങൾക്ക് ഉത്തേജനമേകി ഈ കൃപയുടെ കാലഘട്ടത്തെ മാറ്റാൻ നവസുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്ട്രിക്ക് സഹായിക്കാനാവും എന്നും പാപ്പാ കത്തിൽ എടുത്തു പറഞ്ഞു. അതിന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നാല് പ്രബോധനങ്ങളും അടുത്ത കാലങ്ങളിലെ പാപ്പാമാരുടെ പ്രബോധനങ്ങളും സഹായകമാകും എന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
പ്രാർത്ഥനയുടെ മേളമാക്കുക
പതിവുപോലെ ജൂബിലി ആഘോഷിക്കുന്നതിനാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ യഥാസമയം പുറപ്പെടുവിക്കുന്ന മാർപ്പായുടെ ഉത്തരവിൽ ഉണ്ടാവും. എങ്കിലും 2024 ഒരു പ്രാർത്ഥനയുടെ ഒരു വലിയ മേളമാകട്ടെ (Great Symphony of Prayer) എന്ന് പാപ്പാ ആവശ്യപ്പെട്ടു. പ്രാർത്ഥനയുടെ വിവിധ തലങ്ങൾ പറഞ്ഞു കൊണ്ട് 2024 ദൈവാനുഗ്രഹത്തിന്റെ പ്രവാഹം സ്വീകരിക്കാനും യേശു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ഓരോ ശിഷ്യന്റെയും ജീവിത പരിപാടിയാക്കാനും ഹൃദയങ്ങൾ തുറക്കാനുള്ള ഒരു തീവ്ര പ്രാർത്ഥനാ വർഷമായിരിക്കട്ടെ അത് എന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. ഈ ഒരുക്കത്തിന്റെ യാത്രയിൽ പരിശുദ്ധ കന്യകാമറിയം സഭയുടെ കൂടെയുണ്ടാവട്ടെ എന്നാംശംസിച്ച് തന്റെ ആശീർവ്വാദം നൽകിക്കൊണ്ടാണ് പാപ്പാ കത്ത് ചുരുക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: