പാപ്പായുടെ മാൾട്ടാ സന്ദർശനം 2022 ഏപ്രിലിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാപ്പായുടെ മാൾട്ടാ സന്ദർശനം ഏപ്രിൽ 2-3 തീയതികളിൽ.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ, പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി വ്യാഴാഴ്‌ച (10/02/22) പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലൂടെയാണ് ഈ വിവരം നല്കിയത്.
മാൾട്ടയുടെ പ്രസിഡൻറിൻറെയും അധികാരികളുടെയും പ്രാദേശിക സഭയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ അന്നാട്ടിലെത്തുക.
ല വല്ലേത്ത, റബാത്ത്, ഫ്ലൊറിയാന, ഗോത്സൊ ദ്വീപ് (La Valletta, Rabat, Floriana Gozo) എന്നിവിടങ്ങളാണ് പാപ്പായുടെ സന്ദർശന വേദികൾ മാൾട്ടയിൽ.
പാപ്പാ 2020 മെയ് 31-ന് നടത്താൻ നിശ്ചിച്ചിരുന്ന മാൾട്ടാ സന്ദർശനം കോവിദ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് റദ്ദു ചെയ്യുകയായിരുന്നു. പാപ്പായുടെ ആ സന്ദർശനാഭിവാഞ്ഛയുടെ സഫലീകൃതമാകുകയാണ് ഏപ്രിൽ മാസത്തെ സന്ദർശനത്തിലൂടെ.
ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയാറാം വിദേശ അപ്പസ്തോലിക പര്യടനമായിരിക്കും ഇത്. പാപ്പാ അവസാനം നടത്തിയ ഇടയസന്ദർശനം 2021 ഡിസമ്പറിൽ സൈപ്രസ്, ഗ്രീസ് എന്നി നാടുകളിലായിരുന്നു.
ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ മാൾട്ടയിൽ പാദമൂന്നുന്ന മൂന്നാമത്തെ പാപ്പായാണ് ഫ്രാൻസീസ്.
1990,2001 എന്നീ വർഷങ്ങളിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായും 2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായും അന്നാട് സന്ദർശിച്ചിരുന്നു.
അഞ്ചുലക്ഷം നിവാസികളുള്ള മാൾട്ടയിൽ 90 ശതമാനവും കത്തോലിക്കരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: