തിരയുക

ബ്രസീലിലെ മണ്ണിടിച്ചിൽ... ബ്രസീലിലെ മണ്ണിടിച്ചിൽ... 

ബ്രസീലിലെ മണ്ണിടിച്ചിൽ ഇരകളുടെ ദുഃഖം പങ്കിട്ട് ഫ്രാൻസിസ് പാപ്പാ

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട ബ്രസീലിലെ പ്രെത്രൊപോളിസിലെ മെത്രാന് അയച്ച ടെലിഗ്രാം സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തുകയും നിര്യാതരായവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നറിയിക്കുകയും ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രെത്രൊപോളിസ് നഗരത്തിൽ വീടുകളും വാഹനങ്ങളും തൂത്തുവാരിയ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 117 മരണങ്ങൾ റിയോ ഡി ജനീറോ സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇപ്പോഴും ചെളിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ  കൃത്യമായ എണ്ണം വ്യക്തമല്ല എങ്കിലും  കുറഞ്ഞത് 116 പേരെയെങ്കിലും കാണാതായിട്ടുണ്ട് എന്ന് പോലീസ് കണക്കാക്കുന്നു.

നഗരത്തിലെ മെത്രാനായ ഗ്രെഗോരിയോ പൈക്സാവോ (Gregório Paixão) നെറ്റോയെ അഭിസംബോധന ചെയ്ത ടെലിഗ്രാമിൽ, ഇരകളുടെ കുടുംബങ്ങളോടുള്ള സാമീപ്യവും, വീടും സ്വന്തമായവയും നഷ്ടപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പാപ്പാ അറിയിച്ചു. ഫ്രാൻസിസ് പാപ്പായുടെ പേരിൽ വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ നൽകിയ ടെലഗ്രാം സന്ദേശത്തിൽ, പരിശുദ്ധ പിതാവ് "മരിച്ചവർക്ക് ശാശ്വത വിശ്രാന്തി നൽകാൻ കരുണയുടെ പിതാവായ ദൈവത്തോടു പ്രാർത്ഥിക്കുന്നുവെന്നും, ദുരന്തത്തിനിരകളായവർ വേഗത്തിൽ സുഖം പ്രാപിക്കാനും  ആശ്വാസം കണ്ടെത്താനും ഈ വേദനാജനകമായ അഗ്നിപരീക്ഷയിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ക്രിസ്തീയ പ്രത്യാശയുടെ ശാന്തതയും ആശ്വാസവും", ഉണ്ടാവട്ടെ എന്നപേക്ഷിക്കുന്നു എന്നും രേഖപ്പെടുത്തി. അവർക്ക് പാപ്പാ തന്റെ അപ്പോസ്തോലിക ആശീർവ്വാദവും നൽകി.

ചൊവ്വാഴ്ച "ദശാബ്ദങ്ങളിൽ ഏറ്റവും തീവ്രം" എന്ന് വിശേഷിപ്പിക്കപ്പെട്ട കൊടുങ്കാറ്റുണ്ടാക്കിയ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെത്രൊപൊളിസ് നഗരം ദുരന്തത്തിലാണ്ടു. വാർത്തകളിൽ ബസ്സുകൾ വെള്ളം പൊങ്ങിയ നദിയിലേക്ക് മുങ്ങുന്നതും, അതിലെ യാത്രക്കാർ ജനലുകളിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതും, ചിലർ വെള്ളത്തിൽ അപ്രത്യക്ഷമാകുന്നതും കാണാം. വേനൽചൂടിൽ നിന്ന് രക്ഷപ്പെടുന്നതിന് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും പർവ്വത നഗരമായ പെത്രൊപൊളിസ് ഒരു അഭയകേന്ദ്രമാണ്. ആളുകളെ തിരിച്ചറിയാൻ 200 ഏജന്റുമാർ ചെക്ക് പോസ്റ്റുകളും ഷെൽട്ടറുകളും സന്ദർശിക്കുന്നുണ്ടെന്ന് റിയോയിലെ പോലീസ് പറഞ്ഞു.

ഐക്യദാർഢ്യത്തിനായുള്ള അഭ്യർത്ഥനകൾ

അതേസമയം, റിയോ ഡി ജനീറോ അതിരൂപത, കാരിത്താസ് വഴി, വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സംഭാവനകൾ ആവശ്യപ്പെട്ടുകൊണ്ട് ഒരു "എസ്.ഒ.എസ്. പെത്രൊപൊളിസ്" സംഘടിത പ്രവര്‍ത്തനം ആരംഭിച്ചു. പെത്രൊപൊളിസ് രൂപത നഗരത്തിലുള്ള ഇടവകകളുടെ വാതിലുകൾ ദുരിതബാധിതരെ സഹായിക്കാനായി തുറന്നു നൽകി. ഒരു വീഡിയോ സന്ദേശത്തിൽ, ബിഷപ്പ് ഗ്രെഗോയോ പൈക്സാവോ നെറ്റോ, പുരോഹിതരോടും ഇടവകാംഗങ്ങളോടും വീടുകൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത ആളുകളെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. "ഈ നിമിഷം ഐക്യദാർഢ്യത്തിന്റെ ഒന്നാണ്, കത്തോലിക്കാ സഭാംഗങ്ങളായ ഞങ്ങൾ എല്ലാ കുടുംബങ്ങളോടും അഗാധമായ ഐക്യത്തോടെയും ഐക്യദാർഢ്യത്തോടെയും നിലകൊള്ളുന്നു," അദ്ദേഹം പറഞ്ഞു. താമസിക്കാൻ ഒരു സ്ഥലം തേടുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരാശരായവരെയും സ്വാഗതം ചെയ്യാൻ വിശ്വാസികളെ ക്ഷണിച്ചു, "എന്റെ വീട്ടിലും ഇതിനകം ഒരു കുടുംബം എന്നോടൊപ്പം താമസിക്കുന്നുണ്ട് ," അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 February 2022, 20:36