തിരയുക

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ നഗരസമിതിയംഗങ്ങളുമൊത്ത് വത്തിക്കാനിൽ,05/02/2022 ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ നഗരസമിതിയംഗങ്ങളുമൊത്ത് വത്തിക്കാനിൽ,05/02/2022 

സേവനം ദരിദ്രരിൽ നിന്നാരംഭിക്കണം- പാപ്പാ നഗരസഭകളുടെ പ്രതിനിധികളോട്!

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ നഗരസഭകളുടെ സമിതിയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൊതുനന്മയാക്കായുള്ള പ്രവർത്തനം ഉപവിയുടെ ഒരു ഉന്നത രൂപമാണെന്നും അതിനെ, ഒരു കുടുംബത്തിൽ മാതാപിതാക്കൾ അനുഷ്ഠിക്കുന്ന സേവനത്തോട് തുലനം ചെയ്യാനാകുമെന്നും മാർപ്പാപ്പാ.

ഇറ്റലിയിലെ നഗരസഭകളുടെ സമിതിയുടെ, നഗരാധിപന്മാരുൾപ്പടെയുള്ള, ഇരുനൂറോളം പ്രതിനിധികളെ ശനിയാഴ്‌ച (05/02/22) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

മാതൃത്വ-പിതൃത്വങ്ങൾ, പ്രാന്തങ്ങൾ, സമാധാനം എന്നവയായിരുന്നു പാപ്പായുടെ പ്രഭാഷണത്തിൻറെ താക്കോൽപദങ്ങൾ.

ഒരു നഗരത്തിൽ വിവിധ അവസ്ഥകളോടു വ്യത്യസ്ത രീതികളിലാണ് പ്രതികരിക്കേണ്ടതെന്നും ആകയാൽ ഇവിടെ മാതൃത്വ-പിതൃത്വ ഭാവങ്ങൾ ശ്രവണത്തിലൂടെയാണ് സാക്ഷാത്കൃതമാകുകയെന്നും പാപ്പാ പറഞ്ഞു.

ആളുകളെയോ അവരുടെ പ്രശ്നങ്ങളോ കേൾക്കുന്നതിന് സമയം ചിലവഴിക്കുന്നതിന് ഭീതിയരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

മുൻഗണന നല്കേണ്ടത് ഏതിനാണെന്ന് വിവേചിച്ചറിയുന്നതിന് നല്ലരീതിയിലുള്ള ശ്രവണം സഹായകമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ വിഭാവനം ചെയ്യാനുള്ള ധൈര്യത്തിൻറെ അഭാവം ശ്രവണത്തിൽ പാടില്ലെന്ന് കൂട്ടിച്ചേർത്തു.  

പ്രാന്തങ്ങൾ എന്ന പദം വിശകലനം ചെയ്ത പാപ്പാ യേശു ഒരു കാലിത്തൊഴുത്തിൽ പിറന്നതും ജറുസലേം നഗര മതിലുകൾക്കു വെളിയിൽ, കാൽവരിയിൽ കുരിശിൽ മരിച്ചതും  അനുസ്മരിച്ചുകൊണ്ട് പ്രാന്തങ്ങൾക്കുള്ള സുവിശേഷാത്മക പ്രാധാന്യം എടുത്തുകാട്ടി.

സാമൂഹിക അവഗണനയും അക്രമവും പുറന്തള്ളലിൻറെ ഭിന്ന രൂപങ്ങളും സൃഷ്ടിക്കുന്ന, അധഃപതിച്ച പ്രാന്തപ്രദേശങ്ങളിലെ ദുരന്താനുഭവങ്ങളെക്കുറിച്ച് നഗരസഭകളുടെ പ്രതിനിധികൾ പലപ്പോഴും ബോധവാന്മാരാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ സകലരെയും നല്ലരീതിയിൽ സേവിക്കണമെങ്കിൽ പാവപ്പെട്ടവരിൽ നിന്നു തുടങ്ങണം, പ്രാന്തങ്ങളിൽ നിന്നു തുടങ്ങണം എന്ന് ഓർമ്മിപ്പിക്കുകയും പാവങ്ങളാണ് ഒരു നഗരത്തിൻറെ സമ്പന്നതയെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.

അവരുടെ അന്തസ്സ് ഒരു തൊഴിൽ ആവശ്യപ്പെടുന്നുണ്ടെന്നും തൊഴിൽ മാനവ ഔന്നത്യത്തിൻറെ അഭിഷേകമാണെന്നും പാപ്പാ പറഞ്ഞു.

സമാധാനം എന്ന പദത്തെക്കുറിച്ചു വിവരിച്ച പാപ്പാ സമാധാനം സംഘർഷങ്ങളുടെ അഭാവമല്ല, മറിച്ച്, അപരനുമായുള്ള കൂടിക്കാഴ്ചയുടെയും സഹവർത്തിത്വത്തിൻറെയും നൂതന രൂപം വാർത്തെടുക്കാനുള്ള കഴിവാണെന്ന് ഉദ്ബോധിപ്പിച്ചു.

വിളികളും പ്രാഗത്ഭ്യങ്ങളും വിഭവങ്ങളും പൊതുവായി വിന്യസിക്കാനുള്ള കഴിവിൻറെ ഫലമാണ് സാമൂഹ്യ സമാധാനമെന്നും പാപ്പാ പറഞ്ഞു.

ആകയാൽ ജനങ്ങളുടെ ചാരെ ആയിരിക്കാൻ പാപ്പാ നഗരസഭാപ്രതിനിധികൾക്ക് പ്രചോദനം പകരുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2022, 14:24