പാപ്പാ: വത്തിക്കാനിൽ ഇറ്റാലിയൻ സുരക്ഷാ പൊലീസിൻറെ സേവനങ്ങൾ അഭിനന്ദനീയം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വത്തിക്കാനിൽ സുരക്ഷ ഉറപ്പാക്കുന്ന ഇറ്റാലിയൻ പൊലീസ് വിഭാഗത്തിൻറെ പ്രവർത്തനങ്ങളോടുള്ള മതിപ്പ് പാപ്പാ പ്രകടിപ്പിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ഒരോ പുത്തനാണ്ടിൻറെയും തുടക്കത്തിൽ പതിവുള്ള കൂടിക്കാഴ്ചയുടെ ഭാഗമായി ഈ സുരക്ഷാവിഭാഗത്തെയും അതിൻറെ നേതൃത്വ സംഘത്തെയും വ്യാഴാഴ്‌ച (03/02/22) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ അവർ തനിക്കും വത്തിക്കാനും അവിടെ എത്തുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും ഏകുന്ന സേവനങ്ങളെ ശ്ലാഘിച്ചത്.
ഈ മഹാമാരിക്കാലത്ത് അവർ കാണിക്കുന്ന ശുഷ്ക്കാന്തിയിൽ പാപ്പാ പ്രത്യേകം സന്തുഷ്ടി രേഖപ്പെടുത്തി.
വിവേകവും ഔത്സുക്യവും ക്ഷമയും സന്നദ്ധതയും എല്ലാം ആവശ്യമായിരിക്കുന്ന ഒരു ജോലിയാണ് സുരക്ഷാ പൊലീസിൻറെതെന്നും വ്യക്തികളുടെ ഔന്നത്യവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാണ് സ്വന്തം കർത്തവ്യം അവർ നിർവ്വഹിക്കുന്നതെന്നും അവരുടെ സേവനം വിലയേറിയതാണെന്നും പാപ്പാ പറഞ്ഞു.
കർത്താവിൻറെ സമർപ്പണത്തിരുന്നാൾ രണ്ടാം തീയതി ബുധനാഴ്‌ച (02/02/22) ആചരിച്ചതിനെക്കുറിച്ച് അനുസ്മരിച്ച പാപ്പാ, മാതാപിതാക്കളായിത്തീർന്ന യുവദമ്പതികളായ യൗസേപ്പും മറിയവും, ശിമയോൻ, അന്ന എന്നീ രണ്ടു വൃദ്ധരുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഈ രണ്ടു തലമുറകൾ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മദ്ധ്യേ യേശുവിൻറെ സാന്നിധ്യം ഉണ്ടെന്ന് വിശദീകരിച്ചു.
വത്തിക്കാനിൽ സേവനം ചെയ്യുന്ന സുരക്ഷാ പൊലീസിൻറെ പ്രവർത്തനങ്ങളും യേശു കേന്ദ്രസ്ഥാനത്തു വരുന്ന നിരവധി കൂടിക്കാഴ്ചകൾ സാദ്ധ്യമാക്കിത്തീർക്കുന്നുവെന്ന് പറഞ്ഞു.
സുരക്ഷാ പൊലീസിനും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ തൻറെ പ്രാർത്ഥന ഉറപ്പേകുകയും ആശീർവ്വാദം നല്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: