കൂടിക്കാഴ്ചയിലേക്കും പ്രവർത്തിയിലേക്കും സാഹോദര്യത്തിലേക്കും നയിക്കുന്ന യേശുവിൻറെ നോട്ടം!
ജോയി കരിവേലി, വത്തിക്കാൻസിറ്റി
ക്രൈസ്തവർ പ്രകാശിതരായാൽ മാത്രം പോരാ അവർ വെളിച്ചത്തിൻറെ സാക്ഷികളായിത്തീരുകയും വേണമെന്ന് മാർപ്പാപ്പാ.
സുവിശേഷാനന്ദം സാഹോദര്യത്തിൽ ജീവിക്കുന്നതിനു വേണ്ടി ഒരുമിച്ചു പ്രയാണത്തിലേർപ്പെട്ടിരിക്കുന്ന അന്ധരും കാഴ്ച മങ്ങിയവരുമടങ്ങിയ “വ്വാ എൻസെമ്പ്ൾ” (Voir Ensemble) എന്ന പ്രസ്ഥാനത്തിൻറെ ഇരുപത്തിയഞ്ചോളം അംഗങ്ങളെ ശനിയാഴ്‌ച (19/02/22) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
യേശു അന്ധനു കാഴ്ചശക്തി വീണ്ടെടുത്തു നല്കുന്ന സുവിശേഷ സംഭവത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ, യേശുവിനെ കണ്ടുമുട്ടുന്ന അന്ധന് കാഴ്ചലഭിക്കുന്നതും എന്നാൽ കാഴ്ചയുള്ളവർ, യേശുവുമായി കണ്ടുമുട്ടിയിട്ടും അന്ധതയിലാണ്ടിരിക്കുന്നതുമായ വിരോധാഭാസത്തെക്കുറിച്ചു സൂചിപ്പിച്ചു.
ഹൃദയം കൊണ്ട്, ദൈവത്തിൻറെ നയനങ്ങൾകൊണ്ട് നോക്കണമെന്നും വ്യക്തികളെയും വസ്തുക്കളെയു നോക്കുന്ന രീതിയിൽ മാറ്റം വരുത്താൻ യേശു നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
മുൻവിധിയുടെ സംസ്കാരത്തെ യേശു സമൂലം തള്ളിക്കളയുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.
യേശുവിൻറെ നോട്ടം കൂടിക്കാഴ്ചയിലേക്കും പ്രവർത്തിയിലേക്കും ആർദ്രതയിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കുന്നതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: