പാപ്പാ അമേരിക്കാഭൂഖണ്ഡത്തിലെ വിദ്യാർത്ഥികളുമായി "ഓൺലൈൻ" സംഭാഷണത്തിന്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാർപ്പാപ്പാ അമേരിക്കാഭൂഖണ്ഡത്തിലെ, അതായത് വടക്കെ അമേരിക്കയിലെയും തെക്കെ അമേരിക്കയിലെയും മദ്ധ്യ അമേരിക്കയിലെയും സർവ്വകലാശാലാ വിദ്യാർത്ഥികളുമായി “ഓൺലെൻ” സംവാദം നടത്തും.
ഈ ഇരുപത്തിനാലാം തീയതി, വ്യാഴാഴ്‌ച (24/02/22), ആയിരിക്കും ഫ്രാൻസീസ് പാപ്പായും വിദ്യാർത്ഥികളുമായുള്ള ഈ സംവാദം.
ലത്തീനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ സമിതി അമേരിക്കൻ ഐക്യനാടുകളിലെ ചിക്കാഗൊയിലുള്ള ലൊയോള സർവ്വകലാശാലയുമായി സഹകരിച്ചാണ് ഈ സംഭാഷണം സംഘടിപ്പിക്കുന്നത്.
“ഉത്തരദക്ഷിണ സേതുബന്ധങ്ങൾ തീർത്തുകൊണ്ട്” എന്ന പ്രമേയമാണ് ഈ സംവാദത്തിനു സ്വീകരിച്ചിരിക്കുന്നത്.
75 മിനിറ്റായിരിക്കും കുടിയേറ്റക്കാരായ വിദ്യാർത്ഥികളും പങ്കുചേരുന്ന ഈ സംഭാഷണം.
വിദ്യാഭ്യാസം, കുടിയേറ്റം, പാരിസ്ഥിതിക സുസ്ഥിരത, സാമ്പത്തിക നീതി, സമഗ്ര മാനവ പുരോഗതി എന്നിവയുടെതായ "സിനഡൽ" ശൈലി പിന്തുടരുന്ന ഒരു സംഭാഷണമായിരിക്കും ഇത്.
വ്യാഴാഴ്‌ച, റോമിലെ സമയം വൈകുന്നേരം 7 മണിക്ക്, ഇന്ത്യയിൽ രാത്രി 11.30-നായിരിക്കും പാപ്പാ വിദ്യാർത്ഥികളുമായി സംവാദം തുടങ്ങുക.
“പാലം പണിയുന്നതിന്” അതായത്, ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹ്യവുമായ അതിർത്തികൾ താണ്ടിയവർക്കിടയിൽ അധികൃതവും രചനാത്മകവുമായ സംഭാഷണം സാദ്ധ്യമാക്കിത്തീർക്കുന്നതിന് യുവതയെ സഹായിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരമേകുകയുമാണ് പാപ്പായുടെ ഈ സംഭാഷണത്തിൻറെ ഉദ്ദേശ്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: